കണ്ണൂര്‍ കോട്ടയില്‍ വിള്ളല്‍: പാര്‍ട്ടി സമവാക്യങ്ങള്‍ മാറും
കണ്ണൂര്‍: പ്രതാപശാലിയായ എം.വി.ആര്‍ സി. പി.എമ്മിന് പുറത്തായപ്പോള്‍ ജില്ലാസെക്രട്ടറിയാവുകയും പിന്നീട് സംസ്ഥാന നേതൃത്വത്തിന്റെ കടിഞ്ഞാണ്‍ കൈയിലെടുക്കുകയും ചെയ്ത നേതാവാണ് പിണറായി വിജയന്‍. വി.എസിന്റെ പിന്‍തുണയോടെ പാര്‍ട്ടി സെക്രട്ടറിയായ പിണറായിക്കു വേണ്ടി പിന്നീടു നടന്ന യുദ്ധങ്ങള്‍ നയിച്ച ചേകവന്‍മാരില്‍ ഒരാളായിരുന്നു ഇ.പി ജയരാജന്‍.
എന്തിനുമേതിനും പിണറായിയുടെ നിഴല്‍പോലെ നിന്ന നാട്ടുകാരന്‍ കോടിയേരിയെക്കാള്‍ അതീവവിശ്വസ്തനായി ഇ.പി നിലകൊണ്ടു. എം.വി.ആറിന്റെ രാഷ്ട്രീയശൗര്യത്തെ കത്തിക്കയറുന്ന പ്രസംഗവും നെഞ്ചൂക്കും കൊണ്ടുനേരിട്ട ഇ.പി അക്കാലത്ത് തീപ്പൊരി പ്രസംഗത്തിലൂടെ അണികളില്‍ ആവേശം പകര്‍ന്നു. കണ്ണൂര്‍ എ.കെ.ജി സഹകരണാശുപത്രി പിടിച്ചെടുക്കാന്‍ അന്നത്തെ സഹകരണമന്ത്രിയായ എം.വി.ആറിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ തുനിഞ്ഞപ്പോള്‍ നെഞ്ചുകാട്ടി തടുത്ത ഇ.പിക്ക് ക്രൂരമായ മര്‍ദനമാണ് പൊലിസില്‍ നിന്നുമേറ്റത്.
1987ല്‍ അഴീക്കോട് നിയമസഭാതെരഞ്ഞെടുപ്പില്‍ എം.വി.ആറില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങിയെങ്കിലും പിന്നീട് 91ല്‍ ഇ.പി അഴീക്കോടു നിന്നുതന്നെ ജയിച്ചു. ഭാര്യാസഹോദരിയായ പി.കെ ശ്രീമതിക്ക് കണ്ണൂരിലെ പ്രധാന വനിതാനേതാവാകാനും ആരോഗ്യമന്ത്രിയും പിന്നീട് എം.പിയുമാക്കി മാറാനും ഇ.പിയായിരുന്നു തണല്‍.
പിണറായിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെട്ട ജില്ലാസെക്രട്ടറി പി.ശശി ലൈംഗികവിവാദത്തില്‍ കുടുങ്ങിയപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ത്തിയവരില്‍ ഒരാള്‍ ഇ.പിയായിരുന്നു.
ഇ.പി പടിയിറങ്ങുന്നതോടെ സി.പി. എം അടക്കിഭരിച്ചിരുന്ന കണ്ണൂര്‍ ലോബിയെന്ന ശക്തികേന്ദ്രത്തില്‍ വിള്ളല്‍ വീഴുകയാണ്. മന്ത്രിസഭയെ നിയന്ത്രിക്കുന്ന സൂപ്പര്‍പവറായ മുഖ്യമന്ത്രിയുടെ തിളക്കത്തില്‍ മങ്ങിപ്പോയ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പിണറായി പക്ഷത്തെ അതികായകന്റെ പതനം ചിലസാധ്യതകള്‍ തുറന്നിട്ടുണ്ട്.
ഇ.പി, പി.കെ ശ്രീമതി എന്നിങ്ങനെ ജനസ്വാധീനമുള്ള നേതാക്കളിലൂടെ പിണറായിയുടെ ആശയങ്ങള്‍ മാത്രം നടപ്പിലാക്കുന്ന കണ്ണൂരിലെ പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാന്‍ കോടിയേരി നടത്തുന്ന ശ്രമങ്ങള്‍ കണ്ണൂരിലെ ശാക്തികബലം തന്നെ തെറ്റിച്ചേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."