ഇന്തോനേഷ്യയില്‍ ബാല ലൈംഗിക പീഡനത്തിന് ഷണ്ഡീകരണവും വധശിക്ഷയും
ജക്കാര്‍ത്ത: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമത്തിന്റെ കാഠിന്യം അനുസരിച്ച് കുറ്റവാളിയെ ഷണ്ഡീകരിക്കുകയോ വധശിക്ഷ നല്‍കുകയോ ചെയ്യുന്ന നിയമത്തിന് ഇന്തോനേഷ്യയില്‍ അംഗീകാരം. 14 കാരിയായ യൂയൂന്‍ എന്ന പെണ്‍കുട്ടിയെ 12 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലാണ് പുതിയ നിയമം പാര്‍ലമെന്റ് പാസാക്കിയത്. സുമാത്രയിലെ കസിയ കസുബനില്‍ കഴിഞ്ഞ ഏപ്രിലായിരുന്നു കേസിനാസ്പദമായ സംഭവം.
രാജ്യത്ത് സ്ത്രീകള്‍ക്കെതിരേയും കുട്ടികള്‍ക്കെതിരേയുമുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്തോനേഷ്യ. ലൈംഗിക കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്കും കുടുംബത്തിലെ അംഗങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കും പുതിയ നിയമം അനുസരിച്ച് 10 മുതല്‍ 20 വര്‍ഷം വരെ തടവ് ലഭിക്കും.
ലൈംഗികമായി ഉപദ്രവിക്കപ്പെട്ട ഇര കൊല്ലപ്പെടുക, മാനസിക, ശാരീരിക നില തകരാറിലാവുക, ലൈംഗിക രോഗങ്ങള്‍ പകരുക എന്നീ സന്ദര്‍ഭങ്ങളില്‍ പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കാവുന്നതാണെന്നും നിയമം പറയുന്നു.
എന്നാല്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള ഷണ്ഡീകരണത്തിനെതിരേ രാജ്യത്തെ ഡോക്ടര്‍മാരുടെ ഒരു സംഘം രംഗത്ത് വന്നിട്ടുണ്ട്.
ലൈംഗിക അതിക്രമങ്ങളെ തടയാന്‍ ഇതുകൊണ്ടാകില്ലെന്നും ഇത്തരക്കാരുടെ സ്വഭാവമാണ് ചികിത്സിച്ചു മാറ്റേണ്ടതെന്നുമാണ് ഇവരുടെ വാദം. വിദേശികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇന്തോനേഷ്യയില്‍ ലൈംഗിക അതിക്രമ കേസില്‍ പിടിയിലാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."