പ്രത്യേക പരിഗണനയര്‍ഹിക്കുന്ന രാജ്യങ്ങളുടെ പട്ടിക: പാകിസ്താനെ ഒഴിവാക്കില്ല
ന്യൂഡല്‍ഹി: ഉറി ആക്രമണത്തെത്തുടര്‍ന്നു വ്യാപാര മേഖലയില്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് പാകിസ്താനെ ഇന്ത്യ നീക്കുകയോ അവരുമായുള്ള 1960ലെ ഇന്‍ഡസ് ജലകരാര്‍ റദ്ദാക്കുകയോ ചെയ്യില്ല. ജലകരാര്‍ റദ്ദാക്കുന്നതിന് ഏറെ സങ്കീര്‍ണകതകളുണ്ടെന്ന കാരണത്താലാണ് ഇക്കാര്യത്തില്‍ ധൃതിപിടിച്ചുള്ള നടപടി വേണ്ടെന്ന തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ എത്തിയിരിക്കുന്നത്. പ്രത്യേക പരിഗണനയര്‍ഹിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് പാകിസ്താനെ ഒഴിവാക്കുന്നത് അവരെ കാര്യമായി ബാധിക്കില്ലെന്നു കണ്ടാണ് ഈ നടപടിയില്‍ നിന്നും പിന്‍മാറുന്നത്. ഈ രണ്ടു വിഷയവും തല്‍ക്കാലം സര്‍ക്കാറിന്റെ മുന്നിലില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രധാനമന്ത്രി വെളിപ്പെടുത്തിയതായി ദേശീയ പത്രം റിപോര്‍ട്ട് ചെയ്തു. ഉറിയിലെ സൈനികകേന്ദ്രത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിനു പകരമായി നിയന്ത്രണ രേഖ കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണം മാത്രം മതി ഇക്കാര്യത്തിലുള്ള തിരിച്ചടിയെന്ന നിലപാടിലാണ് കേന്ദ്രം.
പ്രത്യേക പരിഗണനയര്‍ഹിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് പാകിസ്താനെ ഒഴിവാക്കുന്നത് രാജ്യത്തെ കയറ്റുമതി വിപണിയെയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. വാഗാ അതിര്‍ത്തി വഴി തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ അവശ്യവസ്തുക്കള്‍ പാകിസ്താനിലേക്ക് ഇന്ത്യ കയറ്റി അയയ്ക്കുന്നുണ്ട്. അതോടൊപ്പം സിമന്റ് ഉള്‍പ്പടെയുളള വസ്തുക്കള്‍ ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു. ലോകവ്യാപാര കറാറിന്റെ അടിസ്ഥാനത്തില്‍ ഖത്തര്‍, ദുബൈ എന്നിവിടങ്ങളില്‍ നിന്ന് നിരവധി വസ്തുക്കള്‍ പാകിസ്താന്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. അതിനാല്‍ ഇത്തരത്തിലുള്ള നടപടികള്‍ ഗുണം ചെയ്യില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.
ഉറി ആക്രമണത്തിന് തൊട്ടുപിന്നാലെ ഇന്‍ഡസ് ജലകരാര്‍ റദ്ദാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. വെള്ളവും രക്തവും ഒരേ സമയം ഒഴുകുന്നത് ശരിയാവില്ലെന്ന് യോഗത്തില്‍ പ്രധാനമന്ത്രി പറയുകയും ചെയ്തു. 1960ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാന്‍ നെഹ്‌റുവും പാക് പ്രസിഡന്റ് അയ്യൂബ് ഖാനും ഒപ്പിട്ട കരാര്‍ പ്രകാരം ബിയാസ്, റാവി, സത്‌ലജ്, ഇന്‍ഡസ്, ചെനാബ്, ഝലം എന്നീ ആറു നദികളിലെ ജലം ഇരുരാജ്യങ്ങളും പങ്കിട്ടെടുക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."