വീടില്ലാത്തവരെ പദ്ധതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത് നീതിനിഷേധം: എന്‍.കെ പ്രേമചന്ദ്രന്‍
കൊല്ലം: പ്രധാനമന്ത്രി ആവാസ്‌യോജനയിലെ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം പൊതുവിഭാഗത്തില്‍പ്പെടുന്ന വീടില്ലാത്തവരെ പദ്ധതിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കിയത് നീതിനിഷേധമാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (ദിഷ) യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍പ്പിടമില്ലാത്തവരില്‍ അംഗസംഖ്യ കൂടിയ പൊതുവിഭാഗത്തിന് വീട് നിര്‍മിക്കുവാന്‍ ആനുകൂല്യം നല്‍കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് യോഗം വിലയിരുത്തി. പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം ഗുണഭോക്താക്കളെ നിശ്ചയിക്കുവാനുള്ള ഗ്രാമസഭയുടെ അധികരാവും ഇല്ലാതാക്കി. നിലവിലുള്ള മാനദണ്ഡങ്ങള്‍ പ്രകാരം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതമായാല്‍ ഗുണഭോക്താക്കളെ കിട്ടതാകുകയും ജില്ലയിലെ പദ്ധതി നടത്തിപ്പ് തടസപ്പെടുകയും ചെയ്യും.
മാനദണ്ഡങ്ങളില്‍ വന്ന മാറ്റംകാരണം നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കാന്‍ കേരളത്തിലെ സാഹചര്യങ്ങള്‍ക്കനുസൃതമായി ആവശ്യമായ പരിഷ്‌കാരങ്ങള്‍ പ്രധാനമന്ത്രി ആവാസ് യോജനയില്‍ വരുത്തണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു. ജില്ലയിലെ 22 കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനം നടത്തി. ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയില്‍ ആസ്തി വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് ആവശ്യമായ സോഫ്റ്റ്‌വെയറിന്റെ ലഭ്യത ത്വരിതപ്പെടുത്തുവാന്‍ യോഗം ആവശ്യപ്പെട്ടു. ഓണ്‍ലൈനായി പദ്ധതിയുടെ നടപടികള്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ സോഫ്റ്റ്‌വെയര്‍ ലഭ്യമാകണം.
കുടുംബശ്രീ ബ്ലോക്ക്തല കോഓര്‍ഡിനേറ്റര്‍മാരുടെ പ്രവര്‍ത്തനം ബ്ലോക്ക് പഞ്ചായത്തുകളുമായി ബന്ധപ്പെടുത്തി നടത്തുവാന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കണമെന്ന് സംസ്ഥാന കുടുംബശ്രീ മിഷനോട് ആവശ്യപ്പെടും. ബ്ലോക്ക്തല കോഓര്‍ഡിനേറ്റര്‍മാരുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്തിന് യാതൊരു ധാരണയുമില്ലാത്ത സാഹചര്യത്തിലാണ് ആവശ്യം ഉന്നയിക്കുന്നത്.
സ്വച്ഛ് ഭാരത മിഷന്‍ പദ്ധതി നടപ്പാക്കുവാന്‍ പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നും ചെലവാക്കപ്പെട്ട തുക മടക്കി നല്‍കുന്നതിനുള്ള കാലതാമസം കാരണം പഞ്ചായത്തുകളുടെ പദ്ധതി നടത്തിപ്പിന് പ്രതിസന്ധി നേരിടുന്നു. ഇതു കണക്കിലെടുത്ത് പഞ്ചായത്തുകളുടെ തുക അടിയന്തരമായി എത്തിക്കുവാന്‍ ശുചിത്വ മിഷനോട് ആവശ്യപ്പെടും.
ഇന്ദിരാ ആവാസ് യോജനയുടെ വിഹിതമായി പട്ടികജാതിപട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ലഭിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ വിഹിതം ഒരു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ലഭ്യമാക്കിയാല്‍ മാത്രമേ ഏറ്റെടുത്തിട്ടുള്ള വീടുകള്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയുകയുള്ളൂ എന്ന് യോഗം വിലയിരുത്തി. ഇന്ദിരാ ആവാസ് യോജനയില്‍ നിന്നും പ്രധാനമന്ത്രി ആവാസ് യോജനയിലേക്ക് മാറിയപ്പോള്‍ അര്‍ഹതപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കാത്ത സാഹചര്യമുണ്ടായി. ഇത് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ തീരുമാനിച്ചു.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കുന്നതിനുള്ള പ്രധാനമന്ത്രി ഉജ്ജ്വലയോജനയുടെ നടത്തിപ്പില്‍ കാര്യമായ പുരോഗതിയില്ല. സൗജന്യ ഗ്യാസ് കണക്ഷന്‍ ആനുകൂല്യം സംബന്ധിച്ച് ഗുണഭോക്താക്കള്‍ക്ക് അറിവില്ലാത്തതുകൊണ്ടാണ് പദ്ധതി നടത്തിപ്പ് മന്ദഗതിയിലാകുന്നതെന്ന് യോഗം വിലയിരുത്തി. പദ്ധതി വിവരം ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളെ അറിയിക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കൊല്ലം ബൈപാസ് നിര്‍മാണത്തിന് തടസമായി നില്‍ക്കുന്നത് മണ്ണിന്റെ ലഭ്യതക്കുറവായതിനാല്‍ മണ്ണ് ലഭ്യമാക്കുവാനുള്ള അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കിയാല്‍ മാത്രമേ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കാര്യക്ഷമമാക്കുവാന്‍ കഴിയുകയുള്ളൂ എന്ന് യോഗം വിലയിരുത്തി. ഇതിലേക്കായി ജനപ്രതിനിധികളുടെ ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത്തല ശില്‍പശാല സംഘടിപ്പിക്കണമെന്ന എം.പിയുടെ ആവശ്യം യോഗം അംഗീകരിച്ചു.
യോഗത്തില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഐ. അബ്ദുള്‍സലാം, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പഞ്ചായത്ത് എ. നാസറുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ്. ജോയിന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ കെ. വനജകുമാരി, ദാരിദ്ര്യ ലഘൂകരണ യൂനിറ്റ് പ്രോജക്ട് ഡയറക്ടറും ദിഷയുടെ കണ്‍വീനറുമായ എ. ലാസര്‍, ശുചിത്വമിഷന്‍ കോഓര്‍ഡിനേറ്റര്‍ കൃഷ്ണകുമാര്‍, വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ജില്ലാതല നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."