വിദ്യാര്‍ഥികള്‍ പുസ്തക പുഴുക്കളായി മാറാതെ വിഷയങ്ങളില്‍ ഇടപെടണം: വേണു രാജാമണി
കാക്കനാട് : വിദ്യാര്‍ഥികള്‍ പുസ്തക പുഴുക്കളായി മാറാതെ ഇതരവിഷയങ്ങളിലും സജീവമായി ഇടപെടണമെന്ന് ഇന്ത്യന്‍ പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി വേണു രാജാമണി പറഞ്ഞു. തൃക്കാക്കര നിയോജക മണ്ഡലം എം.എല്‍.എ. പി.ടി.തോമസ് ഏര്‍പെടുത്തിയ മഹാത്മജി അവാര്‍ഡ്ദാന ചടങ്ങ് പാലാരിവട്ടം പി.ഒ.സി.യില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലക്ഷ്യബോധം ഉള്ളില്‍ ഉറപ്പിച്ചു കൊണ്ട് പ്രയത്‌നിച്ചാല്‍ വിജയം സുനിശ്ചിതമാണ്. കുട്ടികളോട് ഡോ.എപിജെ അബ്ദുള്‍കലാം പറഞ്ഞത് നിങ്ങള്‍ സ്വപ്നം കാണണം എന്നാണ്. ഒരു കുട്ടിയുടെ വളര്‍ച്ച അവരുടെ കുടുംബത്തിനു മാത്രമല്ല രാജ്യത്തിന് ഒന്നാകെ പ്രയോജനകരമാണ്. വിവരസാങ്കേതികവിദ്യ എല്ലാവരുടേയും ജീവതത്തെ മാറ്റിമറച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചി മേയര്‍ സൗമിനി ജയിന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പി.ടി.തോമസ് എം.എല്‍.എ. സ്വാഗതം പറഞ്ഞു. ഡോ.എം.ലീലാവതി, ഡോ.എം.സി.ദിലീപ് കുമാര്‍, ചെമ്മനം ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു. മഹാത്മജിയുടെ ചിത്രം ആലേഖനം ചെയ്ത ട്രോഫിയും പ്രശ്‌സ്തിപത്രവും മഹാത്മജിയുടെ ജീവ ചരിത്രവും, അമ്മയെ മറന്നോ എന്ന ഗാന്ധിജിയുടെ പരിസ്ഥിതി സംബന്ധിച്ച നിലപാടുകള്‍ വിശദീകരിക്കുന്ന പുസ്തകവും പോസ്റ്റ്കാര്‍ഡ് രൂപത്തിലുള്ള ഗാന്ധിജിയുടെ ചിത്രവുമാണ് കുട്ടികള്‍ക്ക് സമ്മാനിക്കുന്നത്.
100 ശതമാനം വിജയം നേടിയ 22 സ്‌കൂളുകള്‍ക്ക് പ്രത്യേക പുരസ്‌കാരവും നല്‍കി. സാംസ്‌കാരിക നായകന്‍മാരും,വിദ്യാഭ്യാസ വിദഗ്ധര്‍, ജനപ്രതിനിധികള്‍ തുടങ്ങിയ 28 പ്രമുഖരാണ് അവാര്‍ഡ് ദാനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."