താരനിരകൊണ്ട് വര്‍ണാഭമായി ചലച്ചിത്ര അവാര്‍ഡ് നിശ
പാലക്കാട്: പാലക്കാട്ട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്്‌റ്റേഡിയത്തില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശ കലാമാമാങ്കമായി. 2014ല്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാകായിക മാമ്മാങ്കമായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുശേഷം ജില്ല ആദ്യമായിട്ടായിരുന്നു ഇത്തരം ഒരു വേദിക്ക് സാക്ഷ്യം വഹിച്ചത്. നൃത്ത ഗാന ഹാസ്യ പരിപാടികളില്‍ നാലുമണിക്കൂറുകളോളം വേദിയില്‍ കാണികളെ ആവേശം കൊള്ളിച്ചു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ സംഗീത സംസ്‌കൃതിയുടെ തിരിനാളം തെളിഞ്ഞത് ഹെവന്‍ ടു എര്‍ത്ത് എന്ന പേരിട്ട പരിപാടിയിലൂടെയായിരുന്നു.
13 മിനിറ്റു ദൈര്‍ഘ്യമള്ള മ്യൂസിക്കല്‍ ഫ്യൂഷന്റെ സംഗീത ഏകോപനം നിര്‍വഹിച്ചത് രമേശ് നാരായണ്‍ ആയിരുന്നു. 120ലേറെ നര്‍ത്തകര്‍ എട്ട് നൃത്ത രൂപങ്ങളുമായി 231 പാട്ടുകളിലൂടെ വേദിയില്‍ ഒഴുകിയെത്തിയപ്പോള്‍ ആഘോഷരാവെന്നതിലപ്പുറം ഒരു സംഗീത മാമാങ്കം തന്നെയായിരുന്നു. ഇതിനു പുറമെ നാടന്‍ പാട്ടുകളും പ്രശസ്ത കോമഡിതാരങ്ങള്‍ അണിനിരന്ന ഹാസ്യ പ്രകടനങ്ങളും മേളയ്ക്ക് കൊഴുപ്പു കൂട്ടി.
4800 ചതുരശ്ര അടി വരുന്ന സ്്‌റ്റേജില്‍ അണിയറ പ്രവര്‍ത്തകരുടെയും 1600 ചതുരശ്ര അടിയുള്ള ഗ്രീന്‍ റൂമും സജ്ജീകരിച്ചിരുന്നു. മൂന്നു വിഭാഗങ്ങളിലായി 7500 പേര്‍ക്ക് ഇരിപ്പിടങ്ങളില്‍ അവാര്‍ഡ് ജേതാക്കള്‍, വിശിഷ്ടാതിഥികള്‍, ക്ഷണിതാക്കള്‍ എന്നിവരാകും ഒന്നാംനിരയില്‍. സ്‌പോണ്‍സര്‍മാരും ജനപ്രതിനിധികളുമടങ്ങുന്ന രണ്ടാംനിരയും മറ്റ് അതിഥികള്‍ക്കായി മൂന്നാംനിരയുമാണ് ആസൂത്രണം ചെയ്തിരുന്നത്. ഗാലറിയിലും മറ്റുമായി പതിനയ്യായിരത്തോളം പേര്‍ക്കും പരിപാടികള്‍ ആസ്വദിക്കനായി. കാല്‍ ലക്ഷത്തോളം പേരെ പ്രതീക്ഷിച്ചിരുന്നെങ്കിലും അതിലും കൂടുതല്‍ ആളുകള്‍ എത്തിയിരുന്നു.
മന്ത്രിമാരുടെയും മറ്റു അതിഥികളുടെയും സുരക്ഷ കണക്കിലെടുത്ത് 16 സുരക്ഷ ക്യാമറകള്‍ വേദിയിലും സദസ്സിലും പരിസരങ്ങളിലുമായി ഒരുക്കിയിരുന്നു. സുരക്ഷയ്ക്കും ഗതാഗതനിയന്ത്രണത്തിനുമായി അഞ്ഞൂറോളം പൊലിസുകാരെയും അതിഥികളുടെയും പ്രേക്ഷകരുടെയും വരവും പോക്കും നിയന്ത്രിക്കാന്‍ 450 വൊളന്റിയര്‍മാരെയും ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."