ബ്രാഹ്മണ സമൂഹം ഭിന്ന മേഖലകളില്‍ സ്വാധീന ശക്തിയായി : രമേശ് ചെന്നിത്തല
കോട്ടയം: ക്ഷേത്രങ്ങളിലും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മാത്രമല്ല, വിദ്യാഭ്യാസ, വ്യാവസായിക രംഗത്തും നിര്‍ണായസ്വാധീനമാകാന്‍ ബ്രാഹ്മണ സമൂഹത്തിനു കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേരള ബ്രാഹ്മണസഭ സംസ്ഥാന വാര്‍ഷികസമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാരമ്പര്യങ്ങള്‍ മുറുകെപിടിക്കുന്നതിനൊപ്പം സമൂഹത്തിന്റേയും സമുദായത്തിന്റേയും വളര്‍ച്ച ഉറപ്പാക്കാന്‍ ബ്രാഹ്മണ സഭ ശ്രദ്ധിച്ചു.വര്‍ഗീയത വര്‍ധിച്ചു വരുന്ന കാലത്തുമതേതരത്വം നിലനിര്‍ത്താന്‍ ബ്രാഹ്മണ സമൂഹത്തിനു കഴിഞ്ഞു.
എല്ലാവരേയും സമഭാവനയോടെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മനസുള്ളതു കൊണ്ടാണു ബ്രാഹ്മണ സമൂഹത്തിന് ആദരവു ലഭിക്കുന്നത്.എന്നാല്‍ ബ്രാഹ്മണ സമൂഹത്തിന്റെ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കേണ്ടതുണ്ടെന്നും യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു ഒട്ടേറെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന്‍ അധ്യക്ഷനായിരുന്നു സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.വി ശിവരാമകൃഷ്ണന്‍, ട്രഷറാര്‍ കെ.വി വാസുദേവന്‍, മധ്യമേഖലാ സെക്രട്ടറി എന്‍.ആര്‍ പരമേശ്വരന്‍, വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് എന്‍.വി പുഷ്പ, ജില്ലാ സെക്രട്ടറി എസ് ദുരൈസ്വാമി, വൈസ് പ്രസിഡന്റ് ജി സുഭാഷ് സംസാരിച്ചു.
വനിതാ,യുവജന പ്രതിനിധി സമ്മേളനം നഗരസഭാധ്യക്ഷ ഡോ.പി.ആര്‍ സോന ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."