മണല്‍ ഖനനം നടത്താനുള്ള പെര്‍മ്മിറ്റ്; ജിയോളജി വകുപ്പ് പരിശോധിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: മണല്‍ ഖനനം നടത്താന്‍ അനുമതി തേടിയുള്ള ഹരജികളോടൊപ്പം സമര്‍പ്പിച്ച ബില്‍ഡിങ് പെര്‍മ്മിറ്റുകളുടെ പകര്‍പ്പുകളില്‍ ക്രമക്കേടുണ്ടോയെന്ന് ജിയോളജി വകുപ്പ് ഡയറക്ടര്‍ പരിശോധിച്ച് പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. കൊട്ടാരക്കര പവിത്രേശ്വരം പഞ്ചായത്തിലെ രണ്ടു പേര്‍ നല്‍കിയ ഹരജികളിലാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ ഉത്തരവ്. ക്രമക്കേട് സംബന്ധിച്ച് വിശദമായ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
കെട്ടിട നിര്‍മാണത്തിനായി റോഡ് നിരപ്പില്‍ നിന്ന് ഉയര്‍ന്നു കിടക്കുന്ന ഭൂമിയില്‍ നിന്ന് മണ്ണെടുത്ത് നിരപ്പാക്കാന്‍ അനുവദിക്കണമെന്നും ഇതിന് അനുവാദം നല്‍കാന്‍ കൊല്ലം ജില്ലാ ജിയോളജിസ്റ്റിന് നിര്‍ദേശം നല്‍കണമെന്നുമാണ് ഹരജിക്കാര്‍ ആവശ്യപ്പെട്ടത്. നേരത്തെയുള്ള മറ്റൊരു വിധിയുടെ അടിസ്ഥാനത്തില്‍ ഹരജിക്കാരുടെ ആവശ്യം അനുവദിക്കാന്‍ സിംഗിള്‍ബെഞ്ച് തീരുമാനിച്ചു.
എന്നാല്‍ വിധിന്യായം തയ്യാറാക്കുന്നതിനു വേണ്ടി ഹരജികളോടൊപ്പമുള്ള രേഖകള്‍ പരിശോധിച്ചപ്പോള്‍ ബില്‍ഡിങ് പെര്‍മ്മിറ്റില്‍ കൃത്രിമം നടന്നതായി സിംഗിള്‍ബെഞ്ചിന് സംശയം തോന്നി. ഒരേ പെര്‍മ്മിറ്റില്‍ പേരും സര്‍വേ നമ്പരുകളും തിരുത്തി ഫോട്ടോ കോപ്പിയെടുത്താണ് സമര്‍പ്പിച്ചതെന്ന സംശയം ബലപ്പെട്ടതോടെ ഹരജികള്‍ വിശദമായി പരിഗണിക്കാന്‍ 25 ലേക്ക് മാറ്റി.
ജിയോളജി വകുപ്പ് ഡയറക്ടര്‍, പഞ്ചായത്ത് ഡയറക്ടര്‍, പവിത്രേശ്വരം പഞ്ചായത്ത് സെക്രട്ടറി എന്നിവരെ കേസില്‍ ഹൈക്കോടതി ചേര്‍ത്തു. തുടര്‍ന്നാണ് ജിയോളജി വകുപ്പ് ഡയറക്ടര്‍ സ്ഥലം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചത്. മണ്ണെടുത്തശേഷം ഹരജിക്കാര്‍ കെട്ടിടം നിര്‍മിക്കാന്‍ സാധ്യതയുണ്ടോയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ ബില്‍ഡിങ് പെര്‍മ്മിറ്റിന്റെ ഒറിജിനല്‍ പഞ്ചായത്ത് സെക്രട്ടറി ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ മുന്‍പാകെ ഹാജരാക്കണമെന്നും കേസിന്റെ രേഖകള്‍ ജുഡീഷ്യല്‍ രജിസ്ട്രാര്‍ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."