പട്ടികജാതി ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ സ്വന്തമാക്കുന്നു: മന്ത്രി കടന്നപ്പള്ളി
കണ്ണൂര്‍: പട്ടിക ജാതി കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അനര്‍ഹരായ ചില ആളുകള്‍ തട്ടിയെടുക്കുന്ന സാഹചര്യമാണ് ഇന്നുള്ളതെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി. പട്ടിക ജാതി വികസന വകുപ്പ് ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച സാമൂഹ്യ ഐക്യപക്ഷാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സാഹചര്യം മാറ്റിനിര്‍ത്തി പട്ടിക ജാതി കുടുംബങ്ങള്‍ക്കെല്ലാം സഹായം ലഭ്യമാക്കുന്ന രീതിയിലാണ് ഇടതുസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇക്കുറി ഏറ്റവും കൂടുതല്‍ തുകയാണ് പട്ടികജാതി വിഭാഗക്കാരുടെ വികസനത്തിനായ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നതെന്നും അവസരങ്ങള്‍ എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം കെ.വി ഗോവിന്ദന് വിഷയാവതരണം നടത്തി. ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ കെ.ജെ മൈക്കിള്‍, ജില്ലാപഞ്ചായത്തംഗങ്ങളായ ടി.ടി റംല, അജിത്ത് മാട്ടൂല്‍, കോര്പറേഷന് കൗണ്‍സിലര്‍ ലിഷാ ദീപക്, ഇ.ടി സാവിത്രി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."