ദാരിദ്ര്യമകറ്റാന്‍ കുന്നിന് മുകളില്‍ പഞ്ചകൃഷിയിറക്കി ആദിവാസി കുടുംബം
കോതമംഗലം: ജീവിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്ത സാഹചര്യത്തില്‍ ദാരിദ്ര്യമകറ്റി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ചെങ്കുത്തായ കുന്നിന് മുകളില്‍ പഞ്ചകൃഷിയിറക്കി മാതൃകയാവുകയാണ് കുട്ടമ്പുഴയിലെ ആദിവാസി കുടുംബം.വനാന്തരത്തിലെ ചെങ്കുത്തായ കുന്നിന് മുകളില്‍ കൃഷിയിറക്കി നൂറുമേനി വിളവെടുക്കാന്‍ തയാറെടുക്കുകയാണ് ഉറിയാംപെട്ടി ആദിവാസി കോളനിയിലെ ചിന്നപ്പനും കുടുംബവും.
കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ ഉറിയാംപെട്ടി ആദിവാസി കോളനിയിലെ പാറക്കെട്ടുകള്‍ നിറഞ്ഞ കൂറ്റന്കുന്ന് കിളച്ച് മറിച്ചാണ് കരനെല്‍ കൃഷിയും പഞ്ചകൃഷിയുള്പ്പെടെയുള്ള ക്യഷികളിറക്കി ജീവിതമാര്‍ഗ്ഗം കണ്ടെത്തിയിരിക്കുന്നത്.ആരുടേയും കണ്ണെത്താത്ത നാലേക്കറോളം വരുന്ന കുന്നിന് ചെരിവാണ് കൃഷിക്കായി ചിന്നപ്പന് കണ്ടെത്തിയിരിക്കുന്നത്.കൈയ്യെത്തും ദൂരത്തെന്ന് തോന്നുമാറാണ് സൂര്യനിവിടെ ഉദിച്ച് നില്‍ക്കുന്നത്. നല്ല ആരോഗ്യവും മെയ് വഴക്കവുമുള്ളവര്ക്കേ ഈ കൃഷിയിടത്തില്‍ എത്തിച്ചേരാന്‍ സാധിക്കൂ. കുന്നുംപാറയും നിറഞ്ഞ കാട്ടുപ്രദേശം കിളച്ച് മറിച്ച് നിലം കൃഷിക്ക് പാകപ്പെടുത്തുവാന്‍ ചിന്നപ്പനും കുടുംബാംഗങ്ങള്‍ക്കും മാസങ്ങളുടെ കഠിനാധ്വാനം വേണ്ടി വന്നു.
കുന്നിന് ചെരിവിലെ കൃഷിയിടത്തില്‍ കരനെല്കൃഷിക്കൊപ്പം കുറുമ്പുല്ല്, തെന, ചോളം, മത്ത എന്നിവയും പഞ്ചകൃഷി രീതിയില്‍ കൃഷി ചെയ്തിട്ടുണ്ട്. ചോളത്തിന്റെ വിളവെടുപ്പ് കഴിഞ്ഞു. കുറുമ്പുല്ലും മറ്റ് കൃഷി വിളകളും പാകമായി വരുന്നു.
'വെള്ളപെരുവായ ' എന്നയിനത്തില്‍പെട്ട നെല്‍വിത്താണ് കരനെല്‍ കൃഷിക്കായി പ്രയോഗിക്കുന്നത്. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ നടത്തുന്ന കൃഷി വളരെ ലാഭകരമാണെന്നാണ് ചിന്നപ്പനും കുടുംബവും പറയുന്നത്.
വനവിഭവങ്ങളുടെ ദൗര്‍ലഭ്യവും, തൊഴിലില്ലായ്മയുമാണ് തന്നെ സാഹസികമായ ഈ കൃഷി രീതിക്ക് പ്രേരിപ്പിച്ചതെന്ന് ചിന്നപ്പന് സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."