ഷംനയുടെ മരണം: ചികിത്സാപിഴവില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയും കണ്ണൂര്‍ ശിവപുരം സ്വദേശിനിയുമായ ഷംന തസ്‌നിമിന്റെ മരണവുമായി ബന്ധപ്പെട്ട് ലോക്കല്‍ പൊലിസ് നടത്തിവന്ന അന്വേഷണം അവസാനിപ്പിക്കുന്നു. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഷംനയുടെ മരണത്തില്‍ ചികിത്സാപിഴവ് കണ്ടെത്താത്ത സാഹചര്യത്തിലാണ് തൃക്കാക്കര പൊലിസ് അന്വേഷണം അവസാനിപ്പിക്കുന്നത്. ദൃക്‌സാക്ഷികളടക്കമുള്ളവരില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചിട്ടും കേസുമായി മുന്നോട്ടുപോകുന്ന തരത്തിലുള്ള തെളിവുകള്‍ ലഭിച്ചില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
ഷംനയുടെ മരണം ചികിത്സാപിഴവ് മൂലമാണെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ജോയിന്റ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.കെ.ശ്രീകുമാരിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പ്രൊഫസര്‍ ഡോ.എം.കെ സുരേഷ്, പള്‍മനറി മെഡിസിന്‍ പ്രൊഫസര്‍ ഡോ.കെ.അനിത എന്നിവരടങ്ങിയ സമിതിയാണ് അന്വേഷണം നടത്തി ആരോഗ്യസെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കെതിരേ നടപടി സ്വീകരിച്ചത്. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി, ആരോഗ്യസെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, കളമശ്ശേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, എറണാകുളം ജില്ലാമെഡിക്കല്‍ ഓഫിസര്‍ എന്നിവരോട് മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 25ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ഷംനയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് കേസ് അന്വേഷണത്തിന്റെ ഭാഗമായി തൃക്കാക്കര പൊലിസിന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡിലെ അംഗങ്ങളെപ്പറ്റിയും പരാതി ഉയര്‍ന്നിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുമായി ബന്ധമുള്ളവരെയാണ് മെഡിക്കല്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു. റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ ഭിന്നാഭിപ്രായം ഉയര്‍ന്നതായും ആരോപണമുണ്ടായിരുന്നു.
ഇക്കഴിഞ്ഞ ജൂലായ് 18നാണ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പനിക്ക് ചികിത്സതേടിയെത്തിയ ഇതേ കോളജിലെ രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനി കൂടിയായ ഷംന ആന്റി ബയോട്ടിക് കുത്തിവയ്‌പ്പെടുത്തതിനെ തുടര്‍ന്ന് വായില്‍ നിന്ന് പതയുംനുരയും വന്ന് മരിക്കുന്നത്.
നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് കുടുംബം
കളമശ്ശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടറെയും അവസാനവര്‍ഷ വിദ്യാര്‍ഥിയെയും സസ്‌പെന്‍ഡ് ചെയ്ത സാഹചര്യത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് ഷംനയുടെ കുടുംബത്തിന്റെ തീരുമാനം. ഷംനയുടെ പിതാവ് അബൂട്ടി വിസ പുതുക്കുന്നതിനായി മസ്‌ക്കറ്റിലാണിപ്പോള്‍. 20ന് തിരിച്ചുവന്നതിനുശേഷം തുടര്‍നടപടികളുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം. ഷംനയുടെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ റിപ്പോര്‍ട്ടുകളുടെ വിശദാംശങ്ങള്‍ അധികൃതരില്‍ നിന്നും ശേഖരിക്കുകയായിരിക്കും ആദ്യം ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."