ഇസ്‌ലാമിക ടൂറിസ ആഘോഷം അടുത്ത വര്‍ഷം മദീനയില്‍
മദീന: അടുത്ത വര്‍ഷം ഇസ്‌ലാമിക ടൂറിസത്തിന്റെ കേന്ദ്രമായി മദീനയെ മാറ്റാന്‍ പദ്ധതികളൊരുങ്ങുന്നു. 'ഇസ്‌ലാമിക ടൂറിസത്തിന്റെ തലസ്ഥാനം 2017' എന്ന പേരില്‍ ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ ആവിഷ്‌കരിച്ചാണ് അധികൃതര്‍ ഇതിനായി ഒരുങ്ങുന്നത്. 200 ലധികം ചരിത്രഭൂമികളാണ് മദീനയിലുള്ളത്. കഴിഞ്ഞ വര്‍ഷം നൈഗര്‍ തലസ്ഥാനമായ നൈമിയില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ കീഴില്‍ നടന്ന സമ്മേളനത്തില്‍ ഉടലെടുത്ത ആശയം കൂടുതല്‍ വിപുലപ്പെടുത്തിയാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു മദീനയെ ഇസ്‌ലാമിക ടൂറിസം തലസ്ഥാനമായി അധികൃതര്‍ ഒരുക്കുന്നത്. 2015ല്‍ നടന്ന ഒ.ഐ.സി.സിയി അംഗരാജ്യങ്ങളുടെ ടൂറിസം വകുപ്പ് മന്ത്രിമാരുടെ യോഗം മദീനക്ക് ഇസ്‌ലാമിക ടൂറിസം തലസ്ഥാന പദവി നല്‍കിയിരുന്നു.
അതി പുരാതനവും ഇസ്‌ലാമിക ഓര്‍മ്മകള്‍ അയവിറക്കുന്നതുമായ 200 ലധികം ചരിത്രഭൂമികളാണ് മദീനയിലുള്ളതെന്നാണ് കരുതുന്നത്. ഇതില്‍ പലതും അധികൃതരുടെ പിടിപ്പുകേട് മൂലം നാമാവശേഷമായെങ്കിലും ബാക്കിയുള്ളത് സംരക്ഷിച്ചു നിര്‍ത്താന്‍ ഇപ്പോള്‍ ശ്രമം നടക്കുന്നുണ്ട്. പ്രവാചകനഗരിയിലെ പുരാതന പള്ളികളുടെയും കെട്ടിടങ്ങളുടെയും നവീകരണം, സംരക്ഷണം എന്നിവയും ഇതിന്റെ ഭാഗമായി നടക്കും. ചരിത്ര ശേഷിപ്പുകളുടെ സംരക്ഷണം, പരിപാലനം, സാംസ്‌കാരിക വിനിമയം എന്നിവ ലക്ഷ്യമിടുന്നതാണ് പദ്ധതി. സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷനല്‍ ഹെറിറ്റേജിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
കൂടാതെ മദീനയിലെ ഉര്‍വ ഇബിന്‍ സുബൈര്‍ പാലസ്, ഖുബ സമുച്ചയം, നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന ഹിജാസ് റെയില്‍വേ മ്യൂസിയം തുടങ്ങിയവയും പ്രവാചക നഗരിയിലെ എണ്ണപ്പെട്ട പൈതൃകങ്ങളില്‍ പെടുന്നവയാണ്. പ്രവാചക നാട്ടില്‍ നിന്ന് തന്നെ ഇസ്‌ലാമിന്റെ ചരിത്ര ശേഷിപ്പുകള്‍ പറഞ്ഞു കൊടുക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സുപ്രീം കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. മദീനയിലെ 40 ഇടങ്ങളില്‍ സംസ്‌കൃതിയും വിനോദസഞ്ചാരവും സമന്വയിപ്പിചുള്ള 300 ഓളം പരിപാടികളാണ് 2017ല്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. അടുത്ത വര്‍ഷം ഇസ്‌ലാമിക ടൂറിസത്തിന്റെ തലസ്ഥാനമായി മദീനയും 2018 ല്‍ ഇറാനിലെ തബ് രീസ് നഗരവുമായിരിക്കും ഈ സ്ഥാനം അലങ്കരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."