കാല്‍നട യാത്രക്കാര്‍ക്ക് ദുരിതമായി അനധികൃത പാര്‍ക്കിങ്
കൊച്ചി: ഇടതിങ്ങിയ വനത്തിലൂടെ പോകാന്‍ ഇത്ര ബുദ്ധിമുട്ടേണ്ടി വരുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നായിരിക്കും ഇന്ന് എറണാകുളം നഗരത്തിലെ ഓരോ കാല്‍നടയാത്രക്കാരന്റേയും ഉത്തരം. നഗരത്തിലെ അനധികൃത പാര്‍ക്കിങ്ങാണ് കാല്‍നട യാത്രക്കാര്‍ക്ക് ദുരിതമാവുന്നത്.
നടപ്പാതയെന്നോ റോഡെന്നോ വിത്യാസമില്ലാതെയാണ് നഗരത്തിലെ പാര്‍ക്കിങ്. മിക്ക സ്ഥലങ്ങളിലും ഫുട്പാത്ത് കൈയേറി ഇരുചക്ര വാഹനങ്ങള്‍ മുതല്‍ ആഢംബര കാറുകള്‍ വരെ പാര്‍ക്ക് ചെയ്തിരിക്കുന്നു. ഗതാഗത കുരുക്കില്‍ ഞെരുങ്ങുന്ന കൊച്ചിയിലൂടെ നടന്ന യാത്ര ചെയ്യാമെന്ന് വിചാരിച്ചാലും അനധികൃത പാര്‍ക്കിങ് മൂലം അത് സാധിക്കുന്നില്ല. ഇതിനെതിരെ നടപടിയെടുക്കേണ്ട പൊലിസ് അധികാരികളുടെ മുന്‍പില്‍ പോലും വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് നിത്യകാഴ്ചയാണ്.
ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യുന്ന ഇരുചക്ര യാത്രികരെ മാത്രമാണ് പൊലിസ് പരിശോധിക്കുന്നത്. മെട്രോയുടെ പണി നടക്കുന്നതുമൂലം ഗതാഗതം മിക്ക സ്ഥലങ്ങളിലും തിരിച്ചുവിട്ടിരിക്കുകയാണ്. മിക്ക സ്ഥലങ്ങളിലും ഇടുങ്ങിയ റോഡുകളിലൂടെയാണ് ഇതുമൂലം വാഹനങ്ങള്‍ പോകുന്നത്.
ഇവിടങ്ങളിലെ അനധികൃത പാര്‍ക്കിങ് വന്‍ ഗതാഗത കുരുക്കിനാണ് വഴിയൊരുക്കുന്നത്. തിരക്കേറിയ ജനറല്‍ ആശുപത്രിക്ക് ഇരുവശവും, വൈറ്റില മുതല്‍ സൗത്ത് വരെയുള്ള ഭാഗങ്ങളിലും അനധികൃത പാര്‍ക്കിങ് വ്യാപകമാണ്. മെട്രോ നിര്‍മാണം മൂലം വീതികുറഞ്ഞ ഈ ഭാഗങ്ങളില്‍ ഇതുമൂലം മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്ക് പതിവാണ്. കടവന്ത്ര ജങ്ഷനില്‍ സ്വകാര്യ ബസുകള്‍ അനധികൃതമായി നിര്‍ത്തിയിട്ട് ആളെ കയറ്റിയിറക്കുന്നതുമൂലം ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ബസ് മാറ്റിയിടാനുള്ള ഹോംഗാര്‍ഡുകളുടെ നിര്‍ദേശത്തിന് പുല്ലുവിലയാണ് ഡ്രൈവര്‍മാര്‍ നല്‍കുന്നത്. ഇതിനൊപ്പം കുരുക്കിനിടയിലൂടെ അമിതവേഗത്തില്‍ പായുന്ന ഇരുചക്ര വാഹനങ്ങളും കാല്‍നടയാത്രക്കാര്‍ക്ക് ഉണ്ടാക്കുന്ന ഭീഷണി ചെറുതല്ല.
കുരുക്കുള്ള സ്ഥലങ്ങളില്‍ ഫുട്പാത്തുകളിലൂടെയാണ് മിക്കവരും ഇരുചക്ര വാഹനങ്ങള്‍ ഓടിച്ചുകൊണ്ടുപോകുന്നത്. ഇതുമൂലം അപകടകങ്ങളും പതിവാണ്. കനത്ത ഗതാഗതക്കുരുക്ക് മൂലം ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാന്‍ ബുദ്ധിമുട്ടാണ്.
മുന്‍പ് പൊലിസ് ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന് കാര്യമായി ശ്രമിച്ചിരുന്നെങ്കിലും മിക്കവരും ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോയതോടെ വീണ്ടും ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്.
നിലവില്‍ ഫുട്പാത്തിലൂടെ കാല്‍നട യാത്രികര്‍ തങ്ങളുടെ ജീവന്‍ കയ്യിലെടുത്താണ് യാത്ര ചെയ്യുന്നത്. അനധികൃത പാര്‍ക്കിങ്ങിനും ഫുട്പാത്തുകളിലൂടെയുള്ള ഇരുചക്ര വാഹനങ്ങളുടെ ഓട്ടത്തിനും പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ വന്‍ദുരന്തങ്ങള്‍ നഗരത്തില്‍ സംഭവിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."