ഡോക്ടറുടെ മയക്കുവെടി ഉന്നംതെറ്റി; മൃഗശാലയിലെ വെള്ള കൃഷ്ണമൃഗം ചത്തു
തിരുവനന്തപുരം: മയക്കുവെടി ഉന്നംതെറ്റി കൊണ്ട് മൃഗശാലയിലെ വെള്ള കൃഷ്ണ മൃഗം ചത്തു.
കാലൊടിഞ്ഞ മറ്റൊരു കൃഷ്ണ മൃഗത്തെ ലക്ഷ്യമിട്ട മയക്കുവെടി ഉന്നംതെറ്റിയാണ് മൂന്നുവയസ് പ്രായമുള്ള വെള്ള കൃഷ്ണ മൃഗം ചത്തത്. മൃഗശാലാ ഡോക്ടറാണ് മയക്കുവെടി വെച്ചത്. ഞായറാഴ്ച നടന്ന സംഭവം അധികൃതര്‍ രഹസ്യമാക്കിയിരിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ പതിനൊന്നു മണിക്കായിരുന്നു സംഭവം. മയക്കുവെടിയില്‍ അനുവദനീയമായതിലും അധികം അളവില്‍ മരുന്ന് നിറച്ചതാണ് മൃഗത്തിന്റെ ജീവനെടുത്തത്. മയക്കേണ്ട മൃഗത്തെ കൂട്ടത്തില്‍ നിന്നും ഒറ്റപ്പെടുത്തിയ ശേഷം വെടിവയ്ക്കണമെന്നാണ് ചട്ടം. അതും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല.
വെടിയേറ്റ മൃഗം കൂട്ടിനുള്ളില്‍വെച്ചു തന്നെ ചത്തു. ഇതിന്റെ നട്ടെല്ലിലേക്കാണ് മയക്കുസൂചി കയറിയത്. പ്ലെയര്‍ ഉപയോഗിച്ച് സൂചി വലിച്ചെടുത്ത ശേഷമാണ് ചത്ത കൃഷ്ണമൃഗത്തെ ആശുപത്രിയിലേക്കു മാറ്റിയത്. ഡോക്ടറും സംഘവും ചേര്‍ന്ന് പോസ്റ്റ് മോര്‍ട്ടം നടത്തി മൃഗശാലാ സൂപ്പര്‍വൈസറെ കൊണ്ടു അനുകൂല റിപ്പോര്‍ട്ടും തയ്യാറാക്കി രക്ഷപ്പെടാനാണ് നീക്കമെന്ന് കീപ്പര്‍മാര്‍ പറയുന്നു.
കാലൊടിഞ്ഞ കൃഷ്ണ മൃഗത്തെ പിന്നീട് മയക്കുവെടി വെച്ച് പിടിച്ച് ധൃതിപിടിച്ച് ഓപ്പറേഷനും നടത്തിയത്രേ. ഇതിനിടെ മൃഗത്തെ മയക്കുവെടി വെച്ചിട്ടില്ലെന്ന വാദവുമായി ഡോക്ടറും സംഘവും രംഗത്തെത്തി. കൂട്ടില്‍ നിന്ന മരത്തിന്റെ കൊമ്പൊടിഞ്ഞു വീണാണ് മൃഗം ചത്തതെന്നാണ് ഇവരുടെ വാദം. എന്നാല്‍ കൂടുകള്‍ക്കു സമീപത്തു സ്ഥാപിച്ചിട്ടുള്ള കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സത്യം വെളിപ്പെടുമെന്നാണ് കീപ്പര്‍മാര്‍ പറയുന്നത്.
മൃഗശാലാ ഡോക്ടറുടെ അനാസ്ഥയെ കുറിച്ച് വ്യാപക പരാതിയുയര്‍ന്നിട്ടുണ്ട്. എല്ലാ മൃഗങ്ങളെയും നോക്കാന്‍ ഒരു ഡോക്ടര്‍ പോരെന്ന് വകുപ്പു മന്ത്രി പറയുമ്പോള്‍ മൃഗശാലയിലെ മുഴുവന്‍ മൃഗങ്ങളെയും കൊല്ലാന്‍ ഒരു ഡോക്ടര്‍ ധാരാളമെന്നാണ് ജീവനക്കാരുടെ അഭിപ്രായം. ഈയടുത്ത് ഹിമാലയന്‍ കരടി ചികിത്സ ലഭിക്കാതെ ചത്തതും, മലര്‍ എന്ന വെള്ളക്കടുവയുടെ വാല്‍ തുന്നിച്ചേര്‍ത്തുവെന്ന് പറഞ്ഞ തട്ടിപ്പും വാര്‍ത്തയായിരുന്നു. പബ്ലിസിറ്റിക്കു
വേണ്ടി ആണ്‍ അനാക്കോണ്ടയെ പെണ്ണായി ചിത്രീകരിച്ചെന്നും പിന്നീട് അത് ഗര്‍ഭിണിയാണെന്നു പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് കീപ്പര്‍മാര്‍ പറയുന്നു.
ഉദ്യോഗസ്ഥ അലംഭാവങ്ങളുടെ കേന്ദ്രമായ മൃഗശാലയില്‍ വകുപ്പു മന്ത്രി ഇതുവരെയും കൃത്യമായി ഇടപെട്ടിട്ടില്ല. കാര്യങ്ങള്‍ പഠിക്കാതെ ഇവിടെ നടക്കുന്ന ഉദ്ഘാടനങ്ങളില്‍ പങ്കെടുത്ത് പ്രഖ്യാപനങ്ങളും, വെറുംവാക്കുകളും മാത്രം പറഞ്ഞൊഴിയുക മാത്രമാണ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."