വടക്കാഞ്ചേരിയിലെ ഒ.ഡി.എഫ് പ്രഖ്യാപനത്തില്‍ പ്രതിഷേധം
വടക്കാഞ്ചേരി: നഗരസഭ വെളിയിട വിസര്‍ജ്യ വിമുക്തമായി എന്ന് അവകാശപ്പെട്ട് നഗരസഭ അധികൃതര്‍ പ്രദേശത്തെ ഒ.ഡി.എഫ് നഗരസഭയായി പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ പൂര്‍ണമല്ലാത്ത പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം. നഗരത്തോട് തൊട്ടു കിടക്കുന്ന ഒന്നാംകല്ല് ചെട്ടികുന്ന് കുംഭാര കോളനിയിലെ അവസ്ഥ ഇപ്പോഴും ഏറെ പരിതാപകരമാണ്. 20 ഓളം കുംഭാര സമുദായാംഗങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഈ കോളനിയില്‍ ഭൂരിഭാഗം വീടുകള്‍ക്കും സുരക്ഷിതമായ ശൗചാലയങ്ങള്‍ ഇല്ലാത്ത സ്ഥിതിയാണ്. തുണി മറക്കുള്ളിലിരുന്ന് പ്രാഥമിക കൃത്യങ്ങള്‍ ചെയ്യേണ്ട സ്ഥിതിയാണ് ഈ കോളനിയിലെ നിര്‍ധന കുടുംബങ്ങള്‍ക്ക്. തുണികളോടൊപ്പം ടാര്‍ പായകളും, ഫ്‌ളക്‌സുകളും സുരക്ഷാ കവചമാകുന്നു. നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് കോളനി നിവാസികള്‍ പറയുന്നു. എല്ലാ വീടുകളിലും സുരക്ഷിതമായ ശൗചാലയങ്ങള്‍ ഉറപ്പു വരുത്താതെ നഗരസഭയെ ഒ.ഡി.എഫ് ആയി പ്രഖ്യാപിക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ പ്രതിഷേധവും കനക്കുകയാണ്.
നഗരസഭയിലെ മുഴുവന്‍ അപേക്ഷകര്‍ക്കും കക്കൂസുകള്‍ അനുവദിക്കാതെ നഗരസഭയെ ഒ.ഡി.എഫ് ആയി പ്രഖ്യാപിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നേതൃത്വത്തിലുള്ള പ്രതിപക്ഷം നഗരസഭ യോഗത്തില്‍ നിന്ന് ഇറങ്ങി പോയി. 300 അപേക്ഷ ലഭിച്ചപ്പോള്‍ 80 പേര്‍ക്ക് മാത്രമാണ് കക്കൂസ് നല്‍കിയതെന്നും ഇത് പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."