ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനമൊഴിയുന്നു
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഒഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാറിന് കത്തുനല്‍കി. മുഖ്യമന്തിക്കും ആഭ്യന്തര സെക്രട്ടറിക്കുമാണ് കത്തു നല്‍കിയത്.
വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് ഒഴിയുന്നതെന്നാണ് കത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്.
എന്നാല്‍ കത്തിനോട് മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല.
തുറുമുഖ വകുപ്പ് ഓഫിസുകളില്‍ കാര്യക്ഷമമല്ലാത്ത സോളാര്‍ പാനല്‍ സംവിധാനം ഏര്‍പ്പെടുത്തുക വഴി ഖജനാവിന് നഷ്ടമുണ്ടായെന്നും ഇക്കാലയളവില്‍ ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെതിരെ വകുപ്പുതല നടപടി വേണമെന്നും സര്‍ക്കാറിന്റെ ധനകാര്യപരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
52 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വലിയതുറയിലെ തുറമുഖവകുപ്പിന്റെ ആസ്ഥാനം മുതല്‍ കോഴിക്കോട് ബേപ്പൂര്‍ വരെയുള്ള 15 ഓഫിസുകളിലേക്കാണ് ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ സോളാര്‍ പാനല്‍ സ്ഥാപിച്ചത്.
ജേക്കബ് തോമസിനെതിരെ വകുപ്പ് തല അച്ചടക്ക നടപടി വേണമെന്നാണ് ധനകാര്യപരിശോധനാ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതിപക്ഷവും നിയമസഭയില്‍ അദ്ദേഹത്തിനെതിരേ രംഗത്തുവന്നിരുന്നു.
കൂട്ടിലെ തത്ത ക്ലിഫ് ഹൗസിനു ചുറ്റും പറന്നു നടക്കുന്നുവെന്ന വിഡി സതീശന്‍ എംഎല്‍എയുടെ നിയമസഭയിലെ പരാമര്‍ശവും ജേക്കബ് തോമസിന്റെ മനംമാറ്റത്തിന് കാരണമായി സൂചനയുണ്ട് .
രാജിവച്ച മന്ത്രി ഇ.പി.ജയരാജനെതിരേ അന്വേഷണം പ്രഖ്യാപിക്കുന്നതിനു മുമ്പ് ജേക്കബ് തോമസ് മുഖ്യമന്ത്രിയെ കണ്ടതാണ് സതീശനെ ചൊടിപ്പിച്ചത്.
കൂട്ടിലെ തത്ത സ്വതന്ത്രമാണെങ്കില്‍ രഹസ്യ കൂടിക്കാഴ്ച എന്തിനാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചത്. തത്തയുടെ പേരില്‍ പോലും അഴിമതി ആരോപണമാണ്. തത്തയ്ക്ക് ആര് ചുവപ്പു കാര്‍ഡ് നല്‍കുമെന്നും ചെന്നിത്തല ചോദിച്ചു.
എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താല്‍പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതുകൊണ്ട് താന്‍ നിലപാടുകളില്‍നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തുറമുഖ വകുപ്പില്‍നിന്ന് എന്തെങ്കിലും സംഘടിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. മടുത്ത് ഇട്ടിട്ട് പോയാല്‍ രക്ഷപ്പെട്ടെന്നു ചിലര്‍ കരുതുമെന്നും ജേക്കബ് തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."