സ്വയം പര്യാപ്തഗ്രാമം പദ്ധതി ക്രമക്കേട്: കരാറുകാരന്‍ അറസ്റ്റില്‍
തൊടുപുഴ: മുള്ളരിങ്ങാട് ഊറ്റുകണ്ണി പട്ടികജാതി കോളനിയില്‍ നടപ്പാക്കിയ 'സ്വയം പര്യാപ്തഗ്രാമം' പദ്ധതിയുടെ ജോലികളില്‍ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേടുകള്‍ നടത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റിലായി.
പദ്ധതിയുടെ കരാറുകാരന്‍ പാമ്പാടുംപാറ മുണ്ടിയെരുമ കുമ്പുകാട്ട് മൈക്കിളിനെ(56)യാണ് തൊടുപുഴ ഡിവൈഎസ്പി എന്‍ എന്‍ പ്രസാദ് അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്ത അന്നു മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തൊടുപുഴ സെഷന്‍സ് കോടതി തള്ളിയിരുന്നു.
കരാറുകാരന്‍ ഉള്‍പ്പെടെ മൂന്നുപേരാണ് പ്രതികള്‍. അഗ്രോ ഇന്‍ഡ്‌സ്ട്രീസ് കോര്‍പറേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ റുഡോള്‍ഫ് ജോര്‍ജ്, ഇളംദേശം ബ്ലോക്ക് പട്ടികജാതി വികസന വകുപ്പ് ഓഫീസര്‍ സൂര്യകുമാരി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഊറ്റുകണ്ണി പട്ടികജാതി കോളനിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന പട്ടികജാതി വികസനവകുപ്പ് അനുവദിച്ച തുകയില്‍ വെട്ടിപ്പു നടത്തിയെന്നതാണ് ഇവര്‍ക്കെതിരായ കുറ്റം.
സംസ്ഥാന പട്ടികജാതി വികസനവകുപ്പ് പദ്ധതി നടത്തിപ്പ് കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന് കൈമാറുകയും തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാറുകാരനെ ചുമതലപ്പെടുത്തുകയുമായിരുന്നു. കോളനിയിലെ ഓട, നടപ്പാത, കലുങ്ക് എന്നിവയുടെ നിര്‍മാണത്തിന് പുറമെ 10 ലക്ഷം രൂപ വിനിയോഗിച്ച് 19 വീടുകളുടെ പുനരുദ്ധാരണവും 50 ലക്ഷം രൂപയുടെ ശുദ്ധജല വിതരണവുമാണ് പദ്ധതിയില്‍ ലക്ഷ്യമിട്ടിരുന്നത്. ഒരുകോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിരുന്നത്. കരാറുകാരനുമായി അഗ്രോ ഇന്‍ഡസ്ട്രീയസ് കോര്‍പറേഷന്റെ അസി എന്‍ജിനീയര്‍ 2013 മാര്‍ച്ച് 12ന് കരാര്‍ ഒപ്പിട്ടു. ആറുമാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍, നിശ്ചിത കാലപരിധിയില്‍ പണി പൂര്‍ത്തീകരിച്ചില്ല.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 32,38,874 ലക്ഷം രൂപ വിനിയോഗിച്ചതായി മെഷര്‍മെന്റ് ബുക്കില്‍ രേഖപ്പെടുത്തി. അതേസമയം, ബില്‍ മാറി 45 ലക്ഷം രൂപ കരാറുകാരനായ മൈക്കിള്‍ കൈപ്പറ്റി. ഇതിനിടയിലാണ് പദ്ധതിയില്‍ ക്രമേക്കേടുണ്ടെന്ന് ആരോപിച്ച് വണ്ണപ്പുറം പഞ്ചായത്ത് പട്ടികജാതി പ്രമോട്ടര്‍ സരോജിനി മാധവന്‍ പൊലിസില്‍ പരാതി നല്‍കിയത്.
ആദ്യം കാളിയാര്‍ പൊലിസും പിന്നീട് തൊടുപുഴ ഡിവൈഎസ്പിയും കേസന്വേഷിച്ചു. പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരവും വിശ്വാസവഞ്ചനയ്ക്കുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."