പഴയ താരങ്ങള്‍ വീണ്ടും ബൂട്ടണിഞ്ഞു; മൈതാനത്ത് ഗോള്‍മഴ
കോഴിക്കോട്: നിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ ഗോള്‍വല കുലുക്കിയ പ്രതാപകാലത്തെ ഓര്‍മകളുമായി കേരള പൊലിസിന്റെ അഭിമാന താരങ്ങള്‍ വീണ്ടും ബൂട്ടണിഞ്ഞപ്പോള്‍ മൈതാനത്ത് ഗോള്‍മഴ. മുന്‍ ഇന്ത്യന്‍താരം സി.വി പാപ്പച്ചന്റെ നേതൃത്വത്തിലുള്ള കേരള പാന്‍ഥേഴ്‌സ് ടീം ഐ.എം വിജയന്‍ ഉള്‍പ്പെട്ട കേരള റോവേഴ്‌സിനെ ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
എണ്‍പതുകളിലും തൊണ്ണൂറുകളിലും ഫുട്‌ബോള്‍ പ്രേമികളെ ത്രസിപ്പിച്ച താരങ്ങള്‍ വീണ്ടും നിറഞ്ഞുകളിച്ചപ്പോള്‍ കാണികള്‍ക്കും ആവേശക്കാഴ്ചയായി. 1990-ലും 91-ലും ഫെഡറേഷന്‍ കപ്പ് ജേതാക്കളായ കേരള പൊലിസ് ടീമും നിലവിലുള്ള പൊലിസ് ടീമിലെ യുവതാരങ്ങളുമാണ് കോഴിക്കോട്ടെ ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് വിരുന്നൊരുക്കിയത്. നാളെ ആരംഭിക്കുന്ന പൊലിസ് കായികമേളയുടെ ഭാഗമായാണ് സൗഹൃദമത്സരം സംഘടിപ്പിച്ചത്.
അവസാന നിമിഷം വരെ ആക്രമണ ഫുട്‌ബോള്‍ കാഴ്ചവച്ച ഇരുടീമുകളും ഗ്രൗണ്ടില്‍ ആവേശം വിതറി. വിജയനും പാപ്പച്ചനും പുറമേ മുന്‍ പ്രമുഖ പ്രതിരോധനിരക്കാരായ യു. ഷറഫലിയും കുരികേശ് മാത്യുവും കെ.ടി ചാക്കോയും കാണികള്‍ക്ക് ആവേശം സമ്മാനിച്ചു. തോറ്റെങ്കിലും ടീമിന്റെ എകഗോള്‍ നേടിക്കൊണ്ട് ഐ.എം വിജയന്‍ ഒരിക്കല്‍കൂടി തന്റെ മികവ് തെളിയിച്ചു. മത്സരത്തില്‍ ആദ്യം ഗോളടിച്ചത് വിജയനായിരുന്നു. എഴാം മിനുട്ടില്‍ തകര്‍പ്പന്‍ ഹെഡറിലൂടെ പാന്‍ഥേഴ്‌സിന്റെ ഗോള്‍ വലകുലുക്കാന്‍ വിജയനു കഴിഞ്ഞു. എന്നാല്‍ പിന്നീടങ്ങോട്ട് പാന്‍ഥേഴ്‌സ് കളിയില്‍ പിടിമുറുക്കി.
ഒന്നാം പകുതിയില്‍ തന്നെ ഫിറോസിലൂടെ ഗോള്‍ മടക്കിയ പാന്‍ഥേഴ്‌സ് രണ്ടാം പകുതിയില്‍ മാത്രം നേടിയത് നാലുഗോളുകള്‍. ആറാം നമ്പറായി ഇറങ്ങിയ അനീഷിന്റെ രണ്ടു ഉഗ്രന്‍ ഗോളുകളും പി.എ സന്തോഷിന്റെയും ശരത് ലാലിന്റെയും ഓരോഗോളുകള്‍ക്കും റോവേഴ്‌സിന് മറുപടി നല്‍കാനായില്ല. ഐ.എം വിജയനും ഹബീബും ചേര്‍ന്നു നടത്തിയ മുന്നേറ്റത്തിനൊടുവില്‍ രണ്ടുതവണ എതിര്‍ഗോള്‍വലകുലുങ്ങിയെങ്കിലും ഓഫ് വിസില്‍ മുഴങ്ങി. വിജയികള്‍ക്കു വേണ്ടി സി.വി പാപ്പച്ചന്‍ ഉത്തരമേഖലാ എ.ഡി.ജി.പി സുദേഷ്‌കുമാറില്‍ നിന്ന് ട്രോഫി എറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."