തെരുവുനായയുടെ കടിയേറ്റ് രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക് താലൂക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്ന് പരാതി
തൊടുപുഴ: മുട്ടത്ത് തെരുവുനായയുടെ അക്രമത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്.മുട്ടം ഇടപ്പള്ളി സ്വദേശി അപ്പോഴത്ത് ജോസ് (55), മുട്ടം കരിക്കോണം ഗോപാലന് (73) എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ജോസിന്റെ മുഖത്തും ഗോപാലന്റെ കൈത്തണ്ടയിലുമാണ് പരുക്ക്.
ഗോപാലന് രാത്രിയിലും ജോസിന് പുലര്‍ച്ചെ ഏഴ് മണിയോടെയുമാണ് കടിയേറ്റത്.
ഇന്നലെ പുലര്‍ച്ചെ ഏഴ് മണിയോടെ മുട്ടം കുരിശ് പള്ളിക്ക് സമീപം കടത്തിണ്ണയില്‍ വിശ്രമിക്കവെ തെരുവ് നായ ജോസിന്റെ മുഖം കടിച്ച് പറിക്കുകയായിരുന്നു. ചുണ്ടിലും കവിളിലും ആഴത്തില്‍ മുറിവേറ്റ ജോസ് മുട്ടം ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി. മുറിവ് ഗുരുതരമായതിനാല്‍ പേവിഷബാധ തടയുന്നതിനുള്ള ഐ.ഡി.ആര്.വി കുത്തിവയ്പ്പ് നല്കിയ ശേഷം വിദഗ്ദ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു.
' തെരുവുനായയുടെ കടിയേറ്റ ഗോപാലന് തൊടുപുഴ താലൂക്ക് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതായി ആരോപണം ഉയര്‍ന്നു. ചൊവ്വാഴ്ച രാത്രി പതിനൊന്നൊടെയാണ് ഗോപാലനു തെരുവുനായയുടെ കടിയേറ്റത്.കൈതണ്ടക്ക് മുറിവേറ്റ ഇദ്ദേഹം രാത്രി തന്നെ ഭാര്യയെയും കൂട്ടി തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ എത്തി.
എന്നാല്‍ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ ചികിത്സ നല്കാന് ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്നാണ് പരാതി. മുറിവില്‍ ഡ്രസ് ചെയ്യുന്നതിനു പോലും ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്ന് ഗോപാലന് പറയുന്നു.രാത്രി മുഴുവന്‍ വേദന സഹിച്ച് ആശുപത്രി വരാന്തയില്‍ കഴിഞ്ഞ ഗോപാലന് ഇന്നലെ രാവിലെ എട്ടോടെ പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ചികിത്സ നല്കാന് അധികൃതര്‍ തയ്യാറായത്.
അത്യാഹിത വിഭാഗത്തില്‍ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമായിരിക്കെ ഡോക്ടറില്ലെന്നു പറഞ്ഞു ചികിത്സ നിഷേധിക്കുകയാണ് ആശുപത്രി അധികൃതര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."