പിന്നോക്ക വികസന കോര്‍പറേഷന്‍ ഭവനവായ്പാ പദ്ധതി നിര്‍ത്തി
കാസര്‍കോട്: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ നല്‍കിവന്നിരുന്ന ഭവന വായ്പാ പദ്ധതി നിര്‍ത്തിവച്ചു. ഭവന നിര്‍മാണത്തിനായി സ്ഥലം ഈടു നല്‍കി എടുക്കുന്ന വായ്പയാണ് കോര്‍പറേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്. അഞ്ചുശതമാനം പലിശ നിരക്കില്‍ നല്‍കിയിരുന്ന വായ്പ നിര്‍ത്തിയതോടെ കൂടിയ പലിശ നിരക്കില്‍ വായ്പ നല്‍കുന്ന സ്ഥാപനങ്ങളെ സമീപിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മുസ്‌ലിം, ഹിന്ദുക്കളിലെ ചില വിഭാഗങ്ങള്‍, ജൈനര്‍, പാഴ്‌സി മുതലായവര്‍ക്കു പിന്നോക്ക വികസന കോര്‍പറേഷന്‍ ചെറിയ പലിശ നിരക്കില്‍ നിരവധി വായ്പകള്‍ നല്‍കി വരുന്നുണ്ട്. ഇതില്‍ ഏറ്റവും ജനപ്രിയമായ വായ്പയാണ് ഭവന നിര്‍മാണത്തിനുള്ളത്.
അഞ്ചുശതമാനം പലിശ നിരക്കില്‍ ലഭിച്ചിരുന്ന വായ്പ ഒരു മാസം മുന്‍പാണ് പ്രത്യേക ഉത്തരവിലൂടെ നിര്‍ത്തിവച്ചിരിക്കുന്നത്. താല്‍ക്കാലികമായാണ് ഭവന വായ്പ അനുവദിക്കുന്നത് നിര്‍ത്തിവച്ചിരിക്കുന്നതെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇത് പുനരാരംഭിക്കുന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ലെന്നാണ് ജീവനക്കാര്‍ തന്നെ പറയുന്നത്. വിദ്യാഭ്യാസത്തിനും വിവാഹത്തിനും ഭവന നിര്‍മാണത്തിനുമൊക്കെയായി കോര്‍പറേഷന്‍ ചെറിയ പലിശ നിരക്കില്‍ വായ്പകള്‍ നല്‍കുന്നത് പിന്നോക്ക വിഭാഗത്തിനു വലിയ ആശ്വാസമായിരുന്നു.
സംസ്ഥാനത്ത മിക്ക ജില്ലകളിലും ഏറ്റവും കുടുതല്‍ ആവശ്യക്കാരുണ്ടായിരുന്നത് ഭവന വായ്പക്കാണ്. വലിയ തോതില്‍ കുടിശിക വന്നതിനെ തുടര്‍ന്നാണ് ഭവന വായ്പ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന. എന്നാല്‍ കുടിശിക പിരിച്ചെടുക്കാന്‍ വേണ്ട നടപടികള്‍ സജീവമല്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
ഭവന വായ്പ പദ്ധതി നിര്‍ത്തിയപ്പോഴും മറ്റു വായ്പകളെല്ലാം കോര്‍പറേഷന്‍ നല്‍കുന്നുമുണ്ട്.
ഗുണഭോക്താക്കള്‍ നിലവില്‍ ഉയര്‍ന്ന പലിശ നിരക്കില്‍ വായ്പ നല്‍കുന്ന സ്ഥാപനങ്ങളെ സമീപിക്കേണ്ട അവസ്ഥയാണ്. 13 ശതമാനം വരെയാണ് പല ധനകാര്യ സ്ഥാപനങ്ങളും ഭവന വായ്പക്ക് പലിശ ഈടാക്കുന്നത്.
മറ്റു വായ്പാ പദ്ധതികള്‍ തുടരുമ്പോഴും ഒരു പദ്ധതി മാത്രം നിര്‍ത്തിയതിന്റെ കാരണം ഉപഭോക്താക്കളെ ബോധിപ്പിക്കാനാവാതെ കുഴങ്ങുകയാണ് കോര്‍പറേഷനിലെ ജീവനക്കാര്‍. സംസ്ഥാനത്തെ പിന്നോക്ക വികസന കോര്‍പറേഷന്‍ ഓഫിസുകളില്‍ ദിനംപ്രതി നിരവധി പേരാണ് ഭവന വായ് പക്കു വേണ്ടി സമീപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."