ഛേത്രിയുടെ ഡബിളില്‍ ബംഗളൂരു
ബംഗളൂരു: എ.എഫ്.സി ഏഷ്യാകപ്പില്‍ ചരിത്രമെഴുതി ബംഗളൂരു എഫ്.സി ഫൈനലില്‍ കടന്നു. നിര്‍ണായകമായ രണ്ടാം പാദ സെമി ഫൈനലില്‍ നിലവിലെ ജേതാക്കളായ ജോഹര്‍ ദാരുല്‍ താസിമിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് ബംഗളൂരു ചരിത്രമെഴുതിയത്. ഒരിന്ത്യന്‍ ക്ലബ് ആദ്യമായിട്ടാണ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടക്കുന്നത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളിന്റെ മികവിലാണ് ബംഗളൂരു കലാശപ്പോരിന് ടിക്കറ്റെടുത്തത്. നേരത്തെ മലേഷ്യയില്‍ നടന്ന ആദ്യ പാദത്തില്‍ സമനില പിടിക്കാന്‍ ബംഗളൂരുവിന് സാധിച്ചിരുന്നു. ഇരുപാദങ്ങളിലുമായി 4-2നാണ് ബംഗളൂരുവിന്റെ ഫൈനല്‍ പ്രവേശം.
ആദ്യ പാദത്തില്‍ ഗോള്‍ നേടിയതിനാല്‍ എവേ ഗോളിന്റെ മുന്‍തൂക്കവുമായാണ് ബംഗളൂരു കളത്തിലിറങ്ങിയത്. എന്നാല്‍ 11ാം മിനുട്ടില്‍ സാഫിഖ് റഹീമിലൂടെ ജോഹര്‍ മുന്നിലെത്തി. ഗോളി അമരീന്ദര്‍ സിങിന്റെ പിഴവാണ് ജോഹറിന് ഗോളനുവദിച്ചത്. ഇതോടെ ബംഗളൂരു സമ്മര്‍ദത്തിലായി. മുന്നേറ്റത്തില്‍ ഛേത്രി മാത്രമാണ് ഈ ഘട്ടത്തില്‍ പതറാതെ കളിച്ചത്. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ താരം ടീമിന് സമനില ഗോള്‍ സമ്മാനിച്ചു. ഗോള്‍ നേടിയതോടെ ബംഗളൂരു മത്സരത്തിലേക്ക് തിരിച്ചെത്തി. യൂജിന്‍സന്‍ ലിങ്ദോയുടെ കോര്‍ണറിലാണ് ഛേത്രി ഗോള്‍ നേടിയത്.
ആദ്യ പകുതിയില്‍ ഇരുടീമുകളും ഔരോ ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം പകുതിയില്‍ ബംഗളൂരുവാണ് മികവ് പുലര്‍ത്തിയത്. തുടരെ ആക്രമിച്ച് കളിച്ച ടീം 67ാം മിനുട്ടില്‍ മുന്നിലെത്തി. ഛേത്രിയുടെ രണ്ടാം ഗോളായിരുന്നു ഇത്. ജോഹറിന്റെ പ്രതിരോധത്തെ വെട്ടിച്ച ഛേത്രി ബുളറ്റ് ഷോട്ടിലൂടെയാണ് പന്ത് ലക്ഷ്യത്തിലെത്തിച്ചത്. രണ്ടാം ഗോള്‍ വഴങ്ങിയതോടെ ജോഹറിന് മത്സരത്തിലുണ്ടായിരുന്ന ആധിപത്യം നഷ്ടപ്പെട്ടു. ഇതിനിടെ യുവാന്‍ അന്റോണിയോ കൂടി ഗോള്‍ നേടിയതോടെ ബംഗളൂരു വിജയമുറപ്പിക്കുകയായിരുന്നു.
മത്സരത്തില്‍ ഏറെ ആശങ്കപ്പെടുത്തിയ പ്രതിരോധം കൈവിട്ടെങ്കിലും മുന്നേറ്റത്തിലും മധ്യനിരയിലും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ ബംഗളൂരുവിന് സാധിച്ചു. യൂജിന്‍സന്‍ ലിങ്ദോ, റിനോ ആന്റോ, എന്നിവര്‍ ഛേത്രിക്ക് നിരന്തരം അവസരം ഒരുക്കി കൊടുത്തതാണ് വിജയത്തില്‍ നിര്‍ണായകമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."