രാജ്യത്തിനുവേണ്ടി പോരാടുന്ന ബന്ധുക്കള്‍
ജയരാജന്‍ ഒറ്റപ്പെട്ട വ്യക്തിത്വമല്ല. സി.പി.എമ്മിന്റെ മുതിര്‍ന്നനേതാക്കളില്‍ ഒരാളാണ്. അദ്ദേഹത്തെപ്പോലെ ആ പാര്‍ട്ടിയില്‍ ഇനി വേറെയാരുമില്ലെന്നും കരുതരുത്. ഇത്തരക്കാര്‍ ഈ സ്വഭാവം ഒരുദിവസംകൊണ്ട് ആര്‍ജ്ജിക്കുന്നതുമല്ല.
അഴിമതിക്കാരായ ധാരാളം കൂട്ടുകാര്‍ വിവിധപാര്‍ട്ടികളിലായി അദ്ദേഹത്തിനുണ്ട്. അഴിമതിക്കു കുടപിടിക്കുന്ന പാര്‍ട്ടികളും സി.പി.എമ്മിനു തുണയായി ഏറെയുണ്ട്. ഇപ്പോഴത്തെ ആരോപണങ്ങളുടെയും നടപടികളുടെയും ഗൗരവം അതുകൊണ്ട് ഒട്ടും കുറയുന്നുമില്ല.
താന്‍ രാജ്യത്തിനുവേണ്ടിയുള്ള പോരാട്ടമാണു നടത്തുന്നതെന്ന്, അഴിമതിയെ ന്യായീകരിച്ചു ഇതുവരെ മറ്റാരും പറഞ്ഞതായി കേട്ടുകേള്‍വിയില്ല. രാജിവച്ച മന്ത്രിക്കു ചട്ടപ്രകാരം വിശദീകരണം നല്‍കാന്‍ നിയമസഭയില്‍ കിട്ടിയ അവസരം ഇതുപോലെ പാഴാക്കിയ ആരുമുണ്ടാവില്ല. നിയമസഭാംഗങ്ങളെല്ലാം ഈ വാദംകേട്ടു രാജ്യസ്‌നേഹത്താല്‍ രോമാഞ്ചകഞ്ചുകമണിഞ്ഞു!
പുന്നപ്രവയലാര്‍ മുതലുള്ള രക്തസാക്ഷികളുടെ ആത്മാക്കള്‍ ഇതുകേട്ട് സഭാമന്ദിരത്തിന്റെ നെറുകയില്‍ പാറിപ്പറക്കുന്ന ദേശീയപതാകയ്ക്ക് സല്യൂട്ട് ചെയ്തുകാണണം. ഗുരുതരമായ സ്വജനപക്ഷപാതവും അഴിമതിയും കൈയോടെ പിടിക്കപ്പെട്ടതിനാല്‍ പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ച് രാജിവച്ച മന്ത്രി സൃഷ്ടിച്ച മാതൃകതന്നെ അതോടെ നിലംപതിച്ചു.
ശ്രീമതി ടീച്ചറുടെ മകനുള്‍പ്പെടെയുള്ള തന്റെയും മറ്റു നേതാക്കളുടെയും ബന്ധുക്കളെ പൊതുമേഖലാസ്ഥാപനങ്ങളുടെ തലപ്പത്തു ചട്ടങ്ങള്‍ മറികടന്നു നിയമിച്ചതു യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു. ഇവരെയെല്ലാം രാജ്യസ്‌നേഹത്താല്‍ അതിര്‍ത്തി സംരക്ഷിക്കുവാന്‍ നിയോഗിച്ചതാണെന്നാണു ജയരാജന്‍ പറഞ്ഞത്. പാക് യുദ്ധ ഭീഷണിയുള്ള കാലത്ത് ഏതു രാജ്യസ്‌നേഹിയും ഇപ്രകാരം ചെയ്തുപോകും.
അഴിമതി നടത്താനുള്ള ബുദ്ധികൂര്‍മതയും കൗശലവും ജയരാജനു പോരെന്നാണു പൊതുജനം പറയുന്നത്. ആര്‍ക്കും ഒരുകാലത്തും കണ്ടുപിടിക്കാനാവാത്തവിധം വന്‍തോതിലുള്ള അഴിമതികള്‍ നടത്തി റെക്കോര്‍ഡ് ഭേദിച്ച മാന്യന്മാര്‍ ഇവിടെ സസുഖം വാഴുമ്പോള്‍ ജയരാജന്‍ ഇനിയും ഏറെക്കാര്യങ്ങള്‍ പഠിക്കാനുണ്ട്. രാജ്യസ്‌നേഹത്തിലും അദ്ദേഹത്തെ തോല്‍പ്പിച്ചവര്‍ ഏറെയാണ്. അദ്ദേഹത്തിന്റെ രാജ്യസ്‌നേഹം എത്രവേഗത്തിലാണു നാട്ടില്‍ പാട്ടായത്.
സത്യസന്ധരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അറിയപ്പെടാതെ അംഗീകരിക്കപ്പെടാതെ നിശബ്ദരായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ചെയ്യുന്ന നന്മകള്‍ രഹസ്യമാക്കിവയ്ക്കുന്നത് അവരുടെ യോഗ്യതയ്ക്കു മാറ്റുകൂട്ടുന്നു. തിന്മ ഒളിപ്പിച്ചുവയ്ക്കുന്നത് അതു ചെയ്യുന്നവരുടെ അയോഗ്യതയുടെ ആഴമാണു കുറിക്കുന്നത്. അറിവില്ലായ്മകൊണ്ട് അദ്ദേഹത്തിനു പറ്റിയ അബദ്ധങ്ങള്‍ ആളുകള്‍ ആഘോഷിക്കുകയുണ്ടായി. അതിലാര്‍ക്കും പരാതിയുണ്ടായിരുന്നില്ല.
ലോക ബോക്‌സിങ്് ഇതിഹാസം മുഹമ്മദലി കാഷ്യസ് ക്ലേയുടെ മരണവാര്‍ത്തയോടു പ്രതികരിക്കവെ പറ്റിയ തെറ്റ് സ്വാഭാവികം. കേരളത്തിന്റെ അഭിമാനമായ കായികതാരമെന്ന പ്രയോഗമാണു പിഴച്ചത്. ഇത്തരം കാര്യങ്ങളൊന്നും മന്ത്രിമാര്‍ അറിഞ്ഞിരിക്കണമെന്നില്ല. കായികവകുപ്പു കൈകാര്യം ചെയ്യുമ്പോള്‍ അറിഞ്ഞാല്‍ നല്ലതാണ്. കണ്ണൂരിലെ ജയരാജന്മാരെല്ലാം കായികവകുപ്പു കൈകാര്യം ചെയ്തിട്ടുള്ളവരാണ്. അതിനു മന്ത്രിയാകേണ്ടതില്ല. അതിനവര്‍ക്കു സുശക്തമായ വകുപ്പുകള്‍ പണ്ടേയുണ്ട്. വെട്ടിക്കൊല്ലുക, കുത്തുക, തകര്‍ത്തു തരിപ്പണമാക്കുക എന്നിവയാണു മുഖ്യജോലി.
കൊലപാതകങ്ങളുടെ എണ്ണത്തില്‍ കണ്ണൂര്‍ ആറാംസ്ഥാനത്താണെന്നു മുഖ്യമന്ത്രി വിഷമത്തോടെ പറഞ്ഞതു കേട്ടുകാണുമല്ലോ. അതും കണ്ണൂരിലെ കായികവകുപ്പിന്റെ പരാജയംതന്നെ. എന്തായാലും സിറിയയേക്കാള്‍ കണ്ണൂര്‍ ഏറെ പിറകിലാണെന്നു പറയാതിരുന്നതു നന്നായി. രാഷ്ട്രീയകൊലപാതകങ്ങളുടെ പട്ടികനിരത്താന്‍ അദ്ദേഹം തയാറായാല്‍ കേരളത്തിലെ എല്ലാപാര്‍ട്ടികളിലുംപെട്ടവരുടെ പേരുകള്‍ കാണാന്‍ വിഷമമില്ല. തെക്കോട്ടുവരുമ്പോള്‍ മണിയാശാന്‍ കുറച്ചുകൂടി പരിഷ്‌കൃതനാണ്. വെട്ടിനുപകരം വെടിയാണ് ഇഷ്ടനു പഥ്യം.
അഞ്ജു ബോബി ജോര്‍ജ്ജിനെ പുകച്ചുപുറത്തുചാടിച്ചത് കണ്ണൂര്‍ സ്റ്റൈലിലാണ്. കായികതാരങ്ങളുടെ ഊരോ പേരോ യോഗ്യതയോ ഈ മന്ത്രി അറിയാന്‍ ശ്രമിച്ചിട്ടില്ല. അറിവില്ലായ്മ മന്ത്രിമാര്‍ക്കു ഭൂഷണം മാത്രം. അറിവുള്ള ചിലര്‍ അറിയാതെ വന്നുപെട്ടു മന്ത്രിമാരാകാറുണ്ട്. അതു നമ്മുടെ നാട്ടില്‍ അപൂര്‍വമാണ്. ഭൂരിപക്ഷം ജയരാജന്മാര്‍ക്കാണ്. ജനാധിപത്യത്തില്‍ എണ്ണമാണു പ്രധാനം. ഗുണമല്ലല്ലോ. ഒളിംപിക്‌സ് ജയിച്ച പി.വി സിന്ധു, സാക്ഷി മാലിക്, ദീപാ കര്‍മാക്കര്‍ എന്നിവരുടെ പേരു പറഞ്ഞപ്പോള്‍ സംഭവിച്ച ഉച്ചാരണപ്പിശകും അതുകൊണ്ടു പൊറുക്കാം.
അക്ഷരസ്ഫുടത, ഉച്ചാരണശുദ്ധി എന്നിവയൊക്കെ മന്ത്രിമാര്‍ക്ക് ഇല്ലാതിരിക്കലാണു കീഴ്‌വഴക്കം; നിയമസഭയില്‍ പ്രത്യേകിച്ചും. അങ്ങാടിയിലിറങ്ങി അണികള്‍ക്കിടയില്‍ ആളാവാന്‍ അതുണ്ടാവാനേ പാടില്ല. അതുകൊണ്ട് ഉച്ചാരണശുദ്ധി വിഷയത്തില്‍ ജയരാജന്‍ കീഴ്‌വഴക്കം ലംഘിച്ചിട്ടില്ല. ഉച്ചാരണപ്പിശകില്‍ തന്റെ മുന്‍ഗാമികളെ മനസില്‍ ധ്യാനിച്ചാണു ജയരാജനുള്‍പ്പെടെ ചിലരൊക്കെ വാതുറക്കുന്നത്. വിവരമില്ലാത്ത നാട്ടുകാരാണ് ഇത്തരം വിഷയങ്ങളൊക്കെ വിവാദങ്ങളാക്കുന്നത്. അല്ലെങ്കിലും മുന്‍പരിചയമോ യോഗ്യതയോ ആവശ്യമില്ലാത്ത ഏകജോലി മന്ത്രിപ്പണിയാണ്. പ്യൂണാകാന്‍ ചുരുങ്ങിയത് സൈക്കിളോടിക്കാനെങ്കിലും അറിയണം.
വളരെക്കുറഞ്ഞ വിവരവും എല്ലാമറിയാമെന്ന മുഖഭാവവും ശരീരഭാഷയുമാണ് ഈ പണിയുടെ ചുരുങ്ങിയ യോഗ്യത. തെരഞ്ഞെടുപ്പു ജയിച്ചുവരാനുള്ള സൂത്രത്തിനു ഗ്രേസ് മാര്‍ക്കു കിട്ടും. കേന്ദ്രത്തിലാണെങ്കില്‍ രാജ്യസഭവഴി പൊതുജനത്തിന്റെ കണ്ണില്‍പ്പൊടിയിട്ട് അകത്തുകയറാം. പാര്‍ട്ടിനേതാക്കളുടെ തിരുമുമ്പില്‍ അവരേക്കാള്‍ കഴിവും ബുദ്ധിയും തനിക്കില്ലെന്ന മട്ടില്‍ നില്‍ക്കാന്‍ കഴിയണം. രാജാവ് നഗ്നനാണെന്നു പറഞ്ഞാല്‍ കൊലക്കയര്‍ ഉറപ്പായി.
സി.പിഎമ്മിലാണെങ്കില്‍ പറയുകയും വേണ്ട. ബന്ധുക്കളെ പാര്‍ട്ടിപദവിയിലോ നിയമസഭയിലോ മന്ത്രിസഭയിലോ എടുക്കുന്നത് അഴിമതിയല്ല. ഒരുപാര്‍ട്ടിയും അത് അംഗീകരിക്കുകയുമില്ല. ഉദ്യോഗങ്ങളില്‍ അവരെ യോഗ്യത നോക്കാതെ ചട്ടവിരുദ്ധമായി വയ്ക്കുന്നതു നമ്മുടെ നാട്ടില്‍ പൊറുക്കാവുന്ന കുറ്റമല്ല.
പാര്‍ട്ടിയും നിയമസഭയും മന്ത്രിസഭയുമാകുമ്പോള്‍ പ്രശ്‌നമില്ല. അവിടെ യോഗ്യതയും ചട്ടവും ഒരുകാലത്തും നിശ്ചയിക്കപ്പെടാറില്ല.
ഇതൊന്നും ജയരാജനറിയാതെ പോയതാണു കഷ്ടം. ജനങ്ങള്‍ക്കു വേണ്ടത് അവരുടെ പൊതുനിലവാരത്തിലും താഴെനില്‍ക്കുന്നവരെയാണ്. ഈ വിഷയങ്ങളൊക്കെ ആകെ പരിശോധിക്കുമ്പോള്‍ ജയരാജനു ഫുള്‍ എ പ്ലസ്സാണ്. ആത്മാര്‍ഥത, സത്യസന്ധത, സുതാര്യത എന്നിവയെല്ലാം അനാവശ്യകാര്യങ്ങളാണെന്ന് അദ്ദേഹം മനസിലാക്കിയിട്ടുമുണ്ടാകണം.
ഈ മന്ത്രിസഭയിലെ മറ്റുമന്ത്രിമാരുടെ വകുപ്പുകളിലും ഞെട്ടലുണ്ടാക്കാന്‍ ജയരാജന്റെ രാജി സഹായിച്ചിട്ടുണ്ട്. ഇതരമന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളും പരിശോധിക്കണമെന്ന അഭിപ്രായം ഉയര്‍ന്നുകഴിഞ്ഞു. മുഖ്യമന്ത്രി നേരത്തേതന്നെ ചില അവതാരങ്ങളെക്കുറിച്ചു താക്കീത് നല്‍കിയിരുന്നു. അദ്ദേഹത്തിനാണല്ലോ സഹപ്രവര്‍ത്തകരെക്കുറിച്ചും പാര്‍ട്ടിയെക്കുറിച്ചും നന്നായി അറിയുക.
കേന്ദ്രസര്‍ക്കാരുമായി നല്ലബന്ധം പുര്‍ത്തിപ്പോരുകവഴി അദ്ദേഹം തന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ലാവ്‌ലിന്‍ വിഷയം ഉയര്‍ത്തെഴുന്നേല്‍ക്കാതെ നോക്കണമല്ലോ. അദ്ദേഹം ബുദ്ധിമാനാണ്. വിവരമുള്ളയാളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."