പട്ടിക്കാട് അപകടംമൃതദേഹം സേലത്ത് സംസ്‌കരിച്ചു
പട്ടിക്കാട്: കഴിഞ്ഞ ദിവസം പട്ടിക്കാട് പതിനെട്ടില്‍ കെട്ടിടം പൊളിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മരിച്ച ശരവണന്റെ മൃതദേഹം സേലത്തേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു. പരുക്കേറ്റു പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സേലം മുത്തംപ്പട്ടി മോരൂര്‍ ഗുണശേഖര്‍ (35), ധര്‍മ്മപുരി വേപ്പമരത്തൂര്‍ ഒങ്കര്‍പ്പെട്ടി ശങ്കര്‍ (25) എന്നിവരുടെ നില മെച്ചപ്പെട്ടിട്ടില്ല.
കഴിഞ്ഞ ദിവസമാണു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നാലു ദിവസം മുമ്പാണു പതിനഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടം പൊളിക്കാന്‍ തുടങ്ങിയത്. കണ്യാലയിലെ വൈശര്‍ യൂസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം കമ്പ്രസര്‍ ഉപയോഗിച്ചാണു പൊളിച്ചിരുന്നത്. രണ്ടു മലയാളികളും മൂന്നു തമിഴ്‌നാട് സ്വദേശികളടക്കം അഞ്ചുപേരാണു പൊളിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്നത്. പതിനൊന്നോടെ മലയാളികളായ രണ്ടു പേര്‍ ഭക്ഷണത്തിനു പോയപ്പോഴാണ് അപകടമുണ്ടായി. കെട്ടിടത്തിന്റെ മുകളിലെ കോണ്‍ക്രീറ്റ് പകുതിയോളം നീക്കം ചെയ്തപ്പോള്‍ ബാക്കി വന്ന ഭാഗം റോഡിലേക്ക് പതിക്കുകയായിരുന്നു.
മൂന്നു തൊഴിലാളികളും ഇതിനടിയില്‍പ്പെടുകയായിരുന്നു. സംഭവത്തില്‍ തമിഴ്‌നാട് സേലം ജില്ലയിലെ ബൊമ്പിടി മുത്തംപ്പട്ടി മങ്ങാണിക്കാട് ചിന്നസ്വാമിയുടെ മകന്‍ ശരവണനാ (50)ണു മരിച്ചത്. മരിച്ച ശരവണന്‍ പട്ടിക്കാട് ചുങ്കം ജങ്ഷനിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിയത് .
തുടര്‍ന്നു പാണ്ടിക്കാട് സി.ഐ. പി.യൂസഫ്, മേലാറ്റൂര്‍ എസ്.ഐ. എസ്.രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള െപാലിസും മലപ്പുറം, പെരിന്തല്‍മണ്ണ ഫയര്‍ഫോഴ്‌സ് യൂനിറ്റും സ്ഥലത്തെത്തി. ലീഡിങ് ഫയര്‍മാന്‍ പി.മാത്യൂ, ഫയര്‍മാന്‍മാരായ പി.മുഹമ്മദലി രമേഷ്, പെരിന്തല്‍മണ്ണ തഹല്‍സീദാര്‍ എന്‍.എം.മെഹറലി, ഡെപ്യൂട്ടി അംഗങ്ങളായ പി.ടി.ജാഫറലി, വല്ലപന്‍, കീഴാറ്റൂര്‍ വില്ലേജ് ഓഫീസര്‍ കെ.പി.സുരേന്ദ്രന്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ചു. നാട്ടുകാരുടെയും മറ്റും നേതൃത്വത്തില്‍ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.
അതേ സമയം തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത് . തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫീസിലേക്ക് വന്നു പോകുന്നതിനും മറ്റുമായി നിരവധി പേരാണ് കാല്‍നടയായും അല്ലാതെയും ഈ പാതയിലൂടെ സഞ്ചരിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബസ് കയറാനും ഇവിടേക്കാണ് എത്താറുള്ളത്. ഈ സമയം ഇതിലൂടെ ആരും സഞ്ചരിക്കാത്തത് വന്‍ ദുരന്തം ഒഴിവാക്കി. പട്ടിക്കാട്‌വടപുറം പ്രധാന പാതയില്‍ നിന്ന് കണ്യാലയിലേക്ക് തിരിയുന്ന ചെറിയ പാതയോരത്തുള്ള കെട്ടിടമാണ് തകര്‍ന്നത്. അപകടത്തിനു തൊട്ടുമുമ്പ് ഇതുവഴി സഞ്ചരിച്ച കാര്‍ പ്രധാന റോഡിലേക്ക് എത്തിയ ഉടനെയാണ് കെട്ടിടം തകര്‍ന്നു വീണതെന്നും തലനാരിഴയ്ക്കാണ് കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടതെന്നും ദൃസാക്ഷികള്‍ പറയുന്നു.
അശാസ്ത്രീയമായി കെട്ടിടം പൊളിച്ചു നീക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നു നാട്ടുകാര്‍ പറഞ്ഞു. തൂണുകള്‍ ഇല്ലാതെ വരാന്ത മുമ്പോട്ട് ഇറക്കിയെടുത്ത നിലയിലാണു കെട്ടിടം സ്ഥിതി ചെയ്യുന്നത്. മുന്‍ഭാഗം ആദ്യം പൊളിച്ചു നീക്കാതെ കെട്ടിടത്തിന്റെ പുറക് ഭാഗം ആദ്യം പൊളിച്ചു നീക്കാന്‍ ശ്രമിച്ചതാണു വിനയായത്.
സംഭവമറിഞ്ഞ് നിരവധിയാളുകളാണു പ്രദേശത്തു തടിച്ചുകൂടിയത്. കീഴാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."