മാല്‍കോ ടെക്‌സ് എം.ഡി നിയമനം: ക്രമക്കേടും അഴിമതിയും ആരോപിച്ച് യൂത്ത്‌കോണ്‍ഗ്രസിന്റെ പരാതി
തിരൂര്‍: ആതവനാട് കാര്‍ത്തല ചുങ്കത്ത് വ്യവസായ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ മലബാര്‍ കോ-ഓപറേറ്റീവ് ടെക്സ്റ്റയില്‍സ് ലിമിറ്റഡിലെ എം.ഡി നിയമനത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് ഉന്നത വിജിലന്‍സ്, പൊലിസ് ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ഇഫ്തിഖാറുദ്ദീന്‍, തിരൂര്‍ മണ്ഡലം പ്രസിഡന്റ് യാസര്‍ പൊട്ടച്ചോല എന്നിവരാണ് ജില്ലാ വിജിലന്‍സ് സമിതി ചെയര്‍മാന്‍ ആന്‍ഡ് കണ്‍വീനര്‍, ജില്ലാ പൊലിസ് മേധാവി, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി, വിജിലന്‍സ് ഡിവൈ.എസ്.പി എന്നിവര്‍ക്കു പരാതി നല്‍കിയത്.
സ്ഥാപനത്തില്‍ എം.ഡിയായി നിയമിതനായ കെ. ശശീന്ദ്രനു മതിയായ യോഗ്യതയില്ലെന്നും നിയമനം ചട്ടവിരുദ്ധവുമാണെന്നുമാണ് ആരോപണം. നിയമനത്തിനു നിഷ്‌കര്‍ഷിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി എന്നീ കാര്യങ്ങളില്‍ നിബന്ധനകള്‍ പാലിച്ചിട്ടില്ലെന്നാണ് ഒരു ആരോപണം. ഡെപ്യൂട്ടേഷന്‍ കാലാവധി സര്‍ക്കാര്‍ നീട്ടിനല്‍കാത്തതിനാല്‍ ശശീന്ദ്രന്‍ രണ്ടു സ്ഥാപനങ്ങളില്‍ എം.ഡി തസ്തികയില്‍ ഒരേസമയം തുടരുന്നതു നിയമവിരുദ്ധമാണെന്നാണ് മറ്റൊരു വാദം.
അഴിമതി നടത്തിയതിനു നടപടി നേരിട്ട വ്യക്തിയെയാണ് എം.ഡിയാക്കിയത്. വ്യക്തിതാല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള പിന്‍വാതില്‍ നിയമനമാണ് നടത്തിയതെന്നും യൂത്ത്‌കോണ്‍ഗ്രസ് ആരോപിക്കുന്നു.
നിയമിതനായി പത്തു ദിവസത്തിനകം ടെന്‍ഡര്‍ വിളിക്കാതെയും നടപടികള്‍ പാലിക്കാതെയും സ്വകാര്യ കോട്ടണ്‍ ഏജന്റില്‍നിന്നു കൂടിയ വിലയ്ക്ക് ഇയാള്‍ പരുത്തി വാങ്ങിയെന്നും പരാതിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."