കോടികളുടെ ഭൂഗര്‍ഭ കേബിളുകള്‍ അനാഥാവസ്ഥയില്‍
കാസര്‍കോട്: കാസര്‍കോടും കാഞ്ഞങ്ങാടും നഗര പ്രദേശത്ത് വൈദ്യുതീകരണത്തിനായി സ്ഥാപിച്ച കോടികളുടെ ഭൂഗര്‍ഭ കേബിളുകള്‍ അനാഥാവസ്ഥയില്‍ ഭൂമിക്കടിയില്‍ കിടക്കുന്നു. കോടിക്കണക്കിനു രൂപ വിലവരുന്ന ഭൂഗര്‍ഭ കേബിളുകളാണ് ഇനിയെന്നു വൈദ്യുതീകരണ പ്രവൃത്തി പൂര്‍ത്തിയാക്കി ചാര്‍ജ്ജു ചെയ്യുമെന്ന് ഉറപ്പില്ലാതെ ഭൂമിക്കടിയില്‍ കിടക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിക്കടിയില്‍ സ്ഥാപിച്ച ഭൂഗര്‍ഭ കേബിളുകള്‍ ചാര്‍ജ്ജു ചെയാത്തതു സംബന്ധിച്ച് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായാണു വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കോടികളുടെ കേബിളുകളാണു ഭൂമിക്കടിയില്‍ കിടക്കുന്നതെന്നു വ്യക്തമാക്കിയിരിക്കുന്നത്.
കാസര്‍കോട് നഗരസഭാ പ്രദേശത്ത് 2005 ല്‍ വൈദ്യുതീകരണത്തിനായി സ്ഥാപിച്ച മൂന്നര കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥാപിച്ച കേബിളുകള്‍ ഇതുവരെ ചാര്‍ജ്ജു ചെയ്യാനായിട്ടില്ല. ബി.എസ്.എന്‍.എല്ലിന്റെയും പി.ടി.സി.സിയുടെയും അനുമതി ലഭിക്കാത്തതിനാലാണ് ഇത്രയും ദൂരത്തില്‍ വൈദ്യുതീകരണം നടക്കാത്തതും ചാര്‍ജ്ജ് ചെയ്യാത്തതുമെന്നു മന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നു. കോടികള്‍ ചെലവഴിച്ചു സ്ഥാപിച്ച ഭൂഗര്‍ഭ കേബിളുകള്‍ ചാര്‍ജ്ജ് ചെയ്യുന്നതു സംബന്ധിച്ചു ഔദ്യോഗികതലങ്ങളില്‍ ചര്‍ച്ച ചെയ്തുവെങ്കിലും ഇതുവരെ നടപടികള്‍ മാത്രമുണ്ടായിട്ടില്ലെന്നു മന്ത്രി രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു.
ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ ഉപയോഗിക്കാതെ കിടക്കുന്നതു കോടികളുടെ ഭൂഗര്‍ഭ കേബിളുകളാണ്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് -പേള്‍ സ്ട്രക്ച്ചര്‍- ബിന്ദു ആര്‍ക്കേഡ് റോഡില്‍ 800 മീറ്റര്‍, വിക്ടോറിയ മുതല്‍ ആലുക്കാസ് ജ്വല്ലറി വരെ 400 മീറ്റര്‍, കറന്തക്കാട് മുതല്‍ കെ.ഡി.സി ട്രാന്‍സ്‌ഫോര്‍മര്‍ വരെ 600 മീറ്റര്‍, ആലുക്കാസ് മുതല്‍ ടി.ബി ട്രാന്‍സ്‌ഫോര്‍മര്‍ വരെ 35 മീറ്റര്‍, എം.ജി ട്രാന്‍സ്‌ഫോര്‍മര്‍ മുതല്‍ ഫോര്‍ട്ട്‌റോഡ് വരെ 400 മീറ്റര്‍, ടി.ബി ട്രാന്‍സ്‌ഫോര്‍മര്‍ മുതല്‍ എം.ജി ട്രാന്‍സ്‌ഫോര്‍മര്‍ വരെ 42 മീറ്റര്‍, ഫോര്‍ട്ട് റോഡ് ട്രാന്‍സ്‌ഫോര്‍മര്‍ മതല്‍ ഫോര്‍ട്ട് റോഡ് രണ്ട് ട്രാന്‍സ്‌ഫോര്‍മര്‍ വരെ 600 മീറ്റര്‍, ദേശീയപാത 17 മുതല്‍ റോയല്‍ ആര്‍ക്കേഡ് വരെ 100 മീറ്റര്‍ എന്നിങ്ങനെയാണ് ഉപയോഗിക്കാത്ത ഭൂഗര്‍ഭ കേബിളുകള്‍ ഭൂമിക്കടിയില്‍ കിടക്കുന്നത്.
കാഞ്ഞങ്ങാട് ടൗണില്‍ അലാമിപ്പള്ളി മുതല്‍ മന്‍സൂര്‍ ആശുപത്രി വരെ അഞ്ചര കിലോമീറ്റര്‍ ദൂരത്തില്‍ ഭൂമിക്കടിയില്‍ വൈദ്യുതി കേബിളുകള്‍ കിടക്കുന്നതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ചോദ്യത്തിനു വൈദ്യുതി മന്ത്രി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."