ഗവ.കൊമേഴ്സല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കാംപസില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം
മീനങ്ങാടി: ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഗവ.കൊമേഴ്സല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കാംപസില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. കഴിഞ്ഞ ദിവസം രാത്രി സ്ഥാപനത്തിന്റെ വരാന്തയില്‍ മലമൂത്ര വിസര്‍ജനം നടത്തിയ സാമൂഹ്യദ്രോഹികള്‍ ചുവരുകളില്‍ അശ്ലീല ചിത്രങ്ങളും വരച്ച് വൃത്തികേടാക്കിയിരുന്നു. കാംപസിന് ചുറ്റുമതിലില്ലാത്തതിനാല്‍ മുന്‍പ് കുടിവെള്ള പൈപ്പുകളും വൈദ്യുതി മീറ്ററും നശിപ്പിക്കുകയും ഇന്‍സ്റ്റിറ്റിയുട്ടില്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു. പരാതിയെ തുടര്‍ന്ന് പൊലിസ് നിരീക്ഷണം കാര്യക്ഷമമാക്കിയപ്പോള്‍ ഒരു പരിധിവരെ ശല്യം കുറഞ്ഞിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.
എന്നാല്‍ നീരീക്ഷണം നിലച്ചതോടെ വീണ്ടും ക്യാംപസില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ആരംഭിച്ചിരിക്കുകയാണ്. ആവശ്യമായ വെളിച്ചവും ചുറ്റുമതിലും ഇല്ലാത്ത ക്യാംപസില്‍ രാത്രികാലങ്ങളില്‍ പൊലിസ് പട്രോളിങ് ശക്തമാക്കണമെന്ന് പ്രദേശവാസികളും പി.ടി.എ ഭാരവാഹികളും ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തിനു കീഴിലെ സ്ഥാനപമായതിനാല് ചുറ്റുമതില്‍ നിര്‍മാണത്തിന് ജില്ലാ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."