ജില്ലയും സമ്പൂര്‍ണ ഒ.ഡി.എഫ്; പ്രഖ്യാപനം നടന്നു
തിരുവനന്തപുരം: ജില്ലയെ സമ്പൂര്‍ണ ഒ.ഡി.എഫായി പ്രഖ്യാപിച്ചു. ഇന്നലെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പ്രഖ്യാപനം നിര്‍വഹിച്ചത്. ഗ്രാമ പഞ്ചായത്തുകളുടെയും ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും കൂട്ടായ പരിശ്രമവുമാണ് ഇതിനു പിന്നിലെന്ന് മന്ത്രി പറഞ്ഞു.
ജില്ലയില്‍ 14,211 വീടുകളില്‍ ശൗചാലയമില്ലായിരുന്നുവെന്ന സത്യം ദു:ഖിപ്പിക്കുന്നതാണ്. രാജ്യത്ത് മുന്‍പും പല കാര്യങ്ങളിലും മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിട്ടുള്ള കേരളം കേന്ദ്ര സര്‍ക്കാരിന്റെ ഒ.ഡി.എഫ് പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഏറ്റെടുത്ത് നടപ്പാക്കി.
രാഷ്ട്രീയമോ ജാതി മത ചിന്തകളോ ഇല്ലാതെ ഒറ്റക്കെട്ടായി പദ്ധതി മുന്നോട്ട് കൊണ്ടു പോകാന്‍ കഴിഞ്ഞത് കേരളത്തെ രാജ്യത്തിന് തന്നെ മാതൃകയാക്കിക്കഴിഞ്ഞെന്നും മന്ത്രി ചൂണ്ടിക്കാട്ടി.സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി ഇനിയും വൈദ്യുതിയെത്തിയിട്ടില്ലാത്ത കേരളത്തിലെ ഒരു ലക്ഷത്തി പതിനാറായിരം വീടുകളില്‍ 2017 മാര്‍ച്ചോടെ വൈദ്യുതി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ശുചിത്വ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ചടങ്ങില്‍ അധ്യക്ഷനായി. ജില്ലയില്‍ ബേസ് ലൈന്‍ സര്‍വേ പ്രകാരവും ഗ്രാമസഭകളിലൂടെയും തെരഞ്ഞെടുത്ത 14,211 കുടുംബങ്ങള്‍ക്ക് ഒ.ഡി.എഫ് കാമ്പയിന്റെ ഭാഗമായി ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതിന്
ധനസഹായം നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ച ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി പറഞ്ഞു. ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.ദേവദാസ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ കമ്മറ്റി ചെയര്‍മാന്‍ വി. രഞ്ജിത്ത് , വിഴിഞ്ഞം പോര്‍ട്ട് സി.ഇ.ഒ സന്തോഷ് കുമാര്‍ മൊഹാപത്ര, ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബി.അനീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."