ആലക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ്; ഉദ്ഘാടനം നാളെ
തൊടുപുഴ: വൈദ്യുതി മേഖലയിലെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി രൂപീകരിച്ചിരിക്കുന്ന ആലക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ ഉദ്ഘാടനം നാളെ രാവിലെ ഒമ്പതിന് വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും.ആലക്കോട് പഞ്ചായത്തിലേയും ഇടവെട്ടി, വെള്ളിയാമറ്റം പഞ്ചായത്തുകളിലെ ഏതാനും വാര്‍ഡുകളിലേയും 11,861 വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഇതു പ്രയോജനം ചെയ്യുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി, കണ്‍വീനര്‍ ടോമി കാവാലം എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വൈദ്യുതി കണക്ഷന്‍, പരാതി പരിഹാരം, അറ്റകുറ്റപ്പണി, ബില്ലിംഗ് എന്നീ സേവനങ്ങളാണ് ഇവിടെ നിന്നും ലഭ്യമാകുക. കൃഷിഭവന്‍ കെട്ടിട സമുച്ചയത്തില്‍ ആരംഭിക്കുന്ന പുതിയ സെക്ഷന്‍ ഓഫീസില്‍ ഒരു അസി.എഞ്ചിനീയര്‍, സീനിയര്‍ സൂപ്രണ്ട്, മൂന്ന് സബ് എഞ്ചിനീയര്‍, ആറ് ഓവര്‍സീയര്‍ അടക്കം 42 ജീവനക്കാരുണ്ടാകും.
ഏകദേശം 79. ച.കി.മി. വിസ്തീര്‍ണ്ണവും 21414ല്‍ പരം ഉപഭോക്താക്കളുള്ള തൊടുപുഴ നമ്പര്‍ രണ്ട് ഇലക്ട്രിക്കല്‍ സെക്ഷന്‍, 130 ച.കി.മി. വിസ്തീര്‍ണ്ണവും 18876ല്‍ പരം ഉപഭോക്താക്കളുമുള്ള മൂലമറ്റം ഇലക്ട്രിക്കല്‍ സെക്ഷന്‍ എന്നിവ വിഭജിച്ചാണ് ആലക്കോട് സെക്ഷന്‍ രൂപീകരിക്കുന്നത്.
തൊടുപുഴ നമ്പര്‍ 2 സെക്ഷനില്‍ നിന്നും 7815 ഉം മൂലമറ്റം സെക്ഷനില്‍ നിന്നും 4046 ഉപഭോക്താക്കളെയും ഉള്‍പ്പെടുത്തി രൂപം കൊടുക്കുന്ന പുതിയ സെക്ഷനില്‍ 65.5 കി.മീ. 11. കെ.വി ലൈനും 434 കി.മി എല്‍.റ്റി ലൈനുകളും 59 വിതരണ ട്രാന്‍സ്‌ഫോമറുകളും ഉള്‍പ്പെടുന്നു. വാടകയില്ലാതെയാണ് സെക്ഷന്‍ ഓഫീസിനായി ഫര്‍ണീഷ് ചെയ്ത കെട്ടിടം പഞ്ചായത്ത് വിട്ടു നല്‍കിയിരിക്കുന്നത്.
ശനിയാഴ്ച രാവിലെ 9ന് ആലക്കോടുള്ള ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ പി. ജെ. ജോസഫ് എം. എല്‍. എ. അധ്യക്ഷത വഹിക്കും. അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി, ജില്ലാ പഞ്ചായത്ത് അംഗം സി. വി. സുനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് സഫിയാ മുഹമ്മദ്, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ രാജന്‍ ജോസഫ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ ജോഷി എന്‍. ഐസക്, മെമ്പര്‍ ജയ്‌മോന്‍ എബ്രഹാം, റെജി സേവി, തോമസ് മാത്യു കക്കുഴി, മിനി മൈക്കിള്‍, ശ്രീജ ബാബു, സനുജ സുബൈര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."