തോറ്റാല്‍ ഫലം അംഗീകരിക്കുമെന്ന് ഉറപ്പില്ല: ട്രംപ്
നവാഡ: അടുത്തമാസം എട്ടിന് നടക്കാനിരിക്കുന്ന യു.എസ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന മൂന്നാമത്തെ സ്ഥാനാര്‍ഥി സംവാദത്തിലും ഹിലരിക്ക് നേട്ടം. ലാവേഗാസിലെ നവാഡ യൂനിവേഴ്‌സിറ്റിയിലാണ് മൂന്നാമത്തെ സംവാദം നടന്നത്. തെരഞ്ഞെടുപ്പില്‍ താന്‍ തോറ്റാല്‍ ഫലം അംഗീകരിക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ട്രംപ് വ്യക്തമാക്കി.
നേരത്തെ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കുന്നതായി ട്രംപ് ആരോപിച്ചിരുന്നു. ഇതിനോടുള്ള ചോദ്യത്തിനാണ് ട്രംപ് സംവാദത്തിലെ മോഡറേറ്റര്‍ ക്രിസ് വാലെയ്്‌സിനോട് മറുപടി പറഞ്ഞത്. ഫലം അംഗീകരിക്കുമോയെന്ന കാര്യത്തില്‍ അപ്പോള്‍ പറയാമെന്നായിരുന്നു ട്രംപിന്റെ മറുപടി. എതിര്‍സ്ഥാനാര്‍ഥിയായ ഹിലരിയെ വൃത്തികെട്ട സ്ത്രീയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരേ സംവാദത്തിലുടനീളം ഹിലരി തിളങ്ങിനിന്നു. ട്രംപിന്റെ പ്രചാരണത്തിനു പണം മുടക്കുന്നത് തോക്ക് ലോബിയാണെന്നും ട്രംപ് റഷ്യന്‍ പ്രസിഡന്റ് പുടിന്റെ കളിപ്പാവ ആണെന്നും ഹിലരി ആരോപിച്ചു. ട്രംപിന്റെ അഭയാര്‍ഥി വിരുദ്ധനയത്തെയും ഹിലരി വിമര്‍ശിച്ചു. എന്നാല്‍ സുരക്ഷിതമായ അതിര്‍ത്തി വേണമെന്നും അഭയാര്‍ഥികളെ തടയണമെന്നും ട്രംപ് വാദിച്ചു. നേരത്തെ രണ്ടു സംവാദത്തിലും ഹിലരിയാണ് വിജയിച്ചത്. അബോര്‍ഷന്‍ നിയമം, വനിതകള്‍ക്ക് തുല്യവേതനം തുടങ്ങിയ വിഷയങ്ങളും ഹിലരി ഉന്നയിച്ചു.
സംവാദത്തെ കുറിച്ചുള്ള ഓണ്‍ലൈന്‍ സര്‍വേയില്‍ 1.72 ലക്ഷം പേര്‍ പങ്കെടുത്തു. ഇതില്‍ 58 ശതമാനം പേര്‍ ഹിലരി നേട്ടമുണ്ടാക്കിയെന്ന് വോട്ട് ചെയ്തപ്പോള്‍ 41 ശതമാനം പേര്‍ ട്രംപിനെ അനുകൂലിച്ചു. സി.എന്‍.എന്‍ സര്‍വേയില്‍ ഹിലരിക്ക് 52 ഉം ട്രംപിന് 39 ഉം ശതമാനം വോട്ടുലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."