കപ്പല്‍ വ്യവസായം: ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍
കൊച്ചി: രാജ്യത്തെ കപ്പലോട്ട മേഖല കാലാനുസൃതമായി പരിഷ്‌കരിക്കുന്നത് ലക്ഷ്യമിട്ട് സമഗ്ര മര്‍ച്ചന്റ് ഷിപ്പിങ് ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ കൊണ്ടുവരുമെന്ന് ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ ദീപക് ഷെട്ടി ഐ.ആര്‍.എസ് പറഞ്ഞു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഡയറക്ടറേറ്റ് ഓഫിസ് സമ്പൂര്‍ണമായി ഡിജിറ്റല്‍വല്‍ക്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കെ.എം സ്‌കൂള്‍ ഓഫ് മറൈന്‍ എന്‍ജിനീയറിങ്ങില്‍ മാരിടൈം റിസര്‍ച്ച് പ്രോജക്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാണിജ്യ കപ്പലുകളില്‍ നിന്നുള്ള സമുദ്ര മലിനീകരണവും അന്തരീക്ഷ മലിനീകരണവും കുറയ്ക്കുന്നതിനുള്ള ഗവേഷണ പദ്ധതികള്‍ അടിയന്തരമായി നടപ്പില്‍ വരുത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. പ്രായോഗികതയിലൂന്നിയ ഗവേഷണത്തിനായിരിക്കണം ശാസ്ത്രഗവേഷകര്‍ മുന്‍തൂക്കം നല്‍കേണ്ടതെന്ന് ചടങ്ങില്‍ അധ്യക്ഷയായ കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജെ ലത പറഞ്ഞു. പ്രോ- വൈസ് ചാന്‍സലര്‍ ഡോ. കെ പൗലോസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ എന്‍ജിനിയേഴ്‌സ് (മുംബൈ), ജനറല്‍ സെക്രട്ടറി ഉദയ് പുരോഹിത്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ എന്‍ജിനിയേഴ്‌സ് ചെയര്‍മാന്‍ എന്‍.എം.സി നായര്‍, മറൈന്‍ സ്‌കൂള്‍ ഡയറക്ടര്‍ പ്രൊഫ. ഡോ. കെ.എ സൈമന്‍, കുസാറ്റ് രജിസ്ട്രാര്‍, ഡോ. എസ് ഡേവിഡ് പീറ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."