'ജലയുദ്ധ'വും സര്‍ക്കാരിന്റെ ഭാവിയും
കുടിവെള്ളം കിട്ടാതാകുന്ന കാലത്തെക്കുറിച്ചോര്‍ത്തുള്ള ഉല്‍ക്കണ്ഠയിലായിരുന്നു ഇന്നലെ സഭ. സംസ്ഥാനം നേരിടാന്‍ പോകുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിലേക്ക് എല്‍ദോസ് കുന്നപ്പിള്ളി ശ്രദ്ധ ക്ഷണിച്ചതോടെയാണ് വിഷയം ആദ്യം കടന്നുവന്നത്. നദികളെക്കുറിച്ചുള്ള കവിതാശകലങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് എല്‍ദോസ് സംസാരിച്ചത്.
എല്‍ദോസ് ചെറുപ്പത്തില്‍ നീന്തിക്കടന്നിരുന്ന നാട്ടിലെ പുഴയില്‍ ഇപ്പോള്‍ മാലിന്യം നിറഞ്ഞതുകാരണം നീന്തുമ്പോള്‍ ചൊറിച്ചില്‍ വരുന്നു. 2020ല്‍ കേരളത്തില്‍ കുടിവെള്ളം കിട്ടാതാകുമെന്ന് യു.എന്‍ റിപ്പോര്‍ട്ടുണ്ട്. അപ്പോള്‍ വെള്ളത്തിനു വേണ്ടി യുദ്ധമുണ്ടാകും. അതോടെ പിണറായി സര്‍ക്കാരിന്റെ അന്ത്യത്തിനു നാന്ദി കുറിക്കും.
ഇതിനെക്കുറിച്ച് അധികം സംസാരിച്ച് തന്റെ തൊണ്ടയിലെ വെള്ളം വറ്റിക്കുന്നില്ലെന്നു പറഞ്ഞാണ് എല്‍ദോസ് പ്രസംഗം നിര്‍ത്തിയത്.
അനൗദ്യോഗിക ബില്ലുകളുടെ വേളയിലും കയറിവന്നു കുടിവെള്ളം. ആര്‍.രാജേഷ് കൊണ്ടുവന്ന ശുദ്ധജലാവകാശ ബില്ലാണ് വീണ്ടും സഭയില്‍ കുടിവെള്ളം കൊണ്ടുവന്നത്. ഖുര്‍ആനിലും ഹൈന്ദവ പുരാണങ്ങളിലുമൊക്കെ വെള്ളത്തെക്കുറിച്ചു പറയുന്ന കാര്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് രാജേഷ് ബില്ലിന് അവതരണാനുമതി തേടിയത്. മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവിന്റെ വിശദാംശങ്ങള്‍ രാജേഷ് വിവരിച്ചപ്പോള്‍ ഉള്ള വെള്ളം നമ്മള്‍ തന്നെ മലിനമാക്കുകയാണെന്ന് മന്ത്രി ജി.സുധാകരന്‍. നെല്‍കൃഷി നടന്നിരുന്ന സ്ഥലങ്ങള്‍ മാറ്റി റബര്‍ കൃഷിയിറക്കിയത് ജലനഷ്ടത്തിനു കാരണമാകുന്നുണ്ടെന്ന് യു.പ്രതിഭാ ഹരി. വെള്ളത്തെക്കുറിച്ച് ഗാന്ധിജിയും പറഞ്ഞിട്ടുണ്ടെന്ന് പി.ടി തോമസ് ചൂണ്ടിക്കാട്ടിയപ്പോള്‍ ഗാന്ധിജി പ്രതിപക്ഷത്തിന്റെ മാത്രമല്ല ഭരണപക്ഷത്തിന്റേതു കൂടിയാണെന്ന് രാജേഷിന്റെ മറുപടി.
അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക- അനധ്യാപക ജീവനക്കാരുടെ വേതനം നിശ്ചയിക്കുന്നതു സംബന്ധിച്ച് എന്‍.ശംസുദ്ദീന്‍ കൊണ്ടുവന്ന ബില്ലിനോട് ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ സഭയ്ക്കു യോജിപ്പ്. കാരൂരിന്റെ കഥയില്‍ പറഞ്ഞതുപോലെ 1957നു മുന്‍പുള്ള എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ ദുരിതാവസ്ഥാണ് ഇപ്പോള്‍ അണ്‍ എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. അണ്‍ എയ്ഡഡ് മേഖലയിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ ജി.സുധാകരന്റെ കൈയില്‍ ഒരു ഒറ്റമൂലിയുണ്ട്. 14 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഭരണഘടന നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും അതുകൊണ്ട് ഈ പ്രായം വരെ കുട്ടികളെ എയ്ഡഡ് സ്‌കൂളുകളില്‍ മാത്രം പഠിപ്പിച്ചാല്‍ മതിയെന്ന നിയമം കൊണ്ടുവരണമെന്നും സുധാകരന്‍.
ഈ വിഷയത്തില്‍ ബില്‍ കൊണ്ടുവരാന്‍ മന്ത്രിസഭ തീരുമാനിച്ചതിനാല്‍ അനൗദ്യോഗിക ബില്‍ പരിഗണിക്കേണ്ടതില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ അധികവും നടത്തുന്നത് സാമുദായിക സംഘടനകളാണെന്നും ഇപ്പോള്‍ ഈ വിഷയത്തില്‍ കാണിക്കുന്ന താല്‍പര്യം സഭയില്‍ ബില്‍ വരുന്ന ഘട്ടത്തിലും കാണിക്കണമെന്നും പ്രതിപക്ഷത്തോട് എ.എന്‍ ഷംസീര്‍.
തന്റെ സമുദായമായ ആംഗ്ലോ ഇന്ത്യന്‍ സമൂഹം നേരിടുന്ന പിന്നോക്കാവസ്ഥയിലേക്കു ശ്രദ്ധക്ഷണിച്ച ജോണ്‍ ഫെര്‍ണാണ്ടസ് സമുദായത്തിന്റെ ഉല്‍പത്തിക്കഥ വെളിപ്പെടുത്തി. ഇന്ത്യയില്‍ നടന്ന യൂറോപ്യന്‍ ലൈംഗികാഭാസത്തിന്റെ സ്മാരകശിലകളാണ് ആംഗ്ലോ ഇന്ത്യന്‍ സമൂഹമെന്ന് ഖുഷ്‌വന്ത് സിങ് പറഞ്ഞിട്ടുണ്ട്. വാസ്‌കോ ഡി ഗാമയുടെ കാലത്താണ് ഈ സമൂഹത്തിന്റെ ഉത്ഭവമെന്നും ജോണ്‍ ഫെര്‍ണാണ്ടസ്.
എഴുത്തു ലോട്ടറിയെക്കുറിച്ച് വി.ഡി സതീശന്‍ അടിയന്തരപ്രമേയം കൊണ്ടുവന്നപ്പോള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് ഓര്‍മ വന്നത് സി.ജെ തോമസിന്റെ 'അവന്‍ വീണ്ടും വരുന്നു' എന്ന നാടകമാണ്. യുദ്ധത്തില്‍ മരിച്ച ഒരാള്‍ തിരിച്ചുവരുന്നതാണ് അതിന്റെ ഇതിവൃത്തം.
കേരളത്തില്‍ നിന്ന് ഓടിച്ചുവിട്ട സാന്റിയാഗോ മാര്‍ട്ടിന്‍ ഇടതുഭരണത്തില്‍ വീണ്ടും തിരിച്ചുവരികയാണെന്നും മാര്‍ട്ടിനെ ചില സി.പി.എം നേതാക്കള്‍ സഹായിക്കുന്നുണ്ടെന്നും ചെന്നിത്തല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."