കൊല്ലം ജോനകപ്പുറം കടപ്പുറത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം
സ്വന്തം ലേഖകന്‍
കൊല്ലം: ജോനകപ്പുറം കടപ്പുറത്ത് ഇന്നലെ പകല്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ സതീഷ് ബിനോ അടക്കം നിരവധി പൊലിസുകാര്‍ക്കും നാട്ടുകാര്‍ക്കും പരുക്കേറ്റു.
സംഘര്‍ഷം ഇനിയും വ്യാപിക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് പ്രദേശത്ത് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷത്തിലേര്‍പ്പെട്ടവരെ പിരിച്ചുവിടാന്‍ പൊലിസ് ഒരു റൗണ്ട് ആകാശത്തേക്കു വെടിയുതിര്‍ത്തു. വാടി, ജോനകപ്പുറം, പോര്‍ട്ട്, മുതാക്കര എന്നിവിടങ്ങളിലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.
സംഘര്‍ഷത്തില്‍ പ്രദേശത്തെ മുപ്പതോളം വീടുകള്‍ തകര്‍ന്നു. ഇരുവിഭാഗത്തിലുപെട്ട നിരവധിപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം മത്സ്യബന്ധന വള്ളം അടുപ്പിക്കുന്നതിനെച്ചൊല്ലി വാടി, ജോനകപ്പുറം തീരത്ത് ഇരുവിഭാഗം മത്സ്യബന്ധനത്തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു. ജോനകപ്പുറം തീരദേശവാസികളായ മത്സ്യത്തൊഴിലാളികള്‍ കടലില്‍ അധികദൂരം പോകാതെ ചെറുവള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തി മടങ്ങുന്നവരാണ്. ഉള്‍ക്കടല്‍ മത്സ്യബന്ധനം നടത്തി ദിവസങ്ങളോളം കടലില്‍ കഴിഞ്ഞ് കൂടുതല്‍ മത്സ്യവുമായി വരുന്ന സ്റ്റോര്‍ വള്ളങ്ങള്‍ ജോനകപ്പുറം തീരത്ത് അടുപ്പിക്കുന്നതു മൂലം ചെറുവള്ളങ്ങളില്‍ അന്നന്നത്തെ മീനുമായി വരുന്നവരുടെ മത്സ്യത്തിന് വില കിട്ടുന്നില്ല. ഇക്കാര്യം ആരോപിച്ചാണ് സ്റ്റോര്‍വള്ളങ്ങള്‍ തീരത്തടുപ്പിക്കുന്നതിന് സമയനിഷ്ഠ വേണമെന്ന് ഒരുവിഭാഗം മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. സ്റ്റോര്‍ വള്ളങ്ങള്‍ വൈകീട്ട് 4 ന് ശേഷമേ തീരത്തടുപ്പിക്കാവൂ എന്നതാണ് ഇവരുടെ ആവശ്യം.
എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് എതിര്‍വിഭാഗം വാദിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സ്ഥലത്തു സിറ്റി പൊലിസ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള വന്‍ പൊലിസ് സംഘം ക്യംപു ചെയ്യുന്നു. മനപ്പുര്‍വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം നടന്നതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."