സ്വര്‍ണവ്യാപാരിയെ കൊള്ളയടിച്ച സംഭവം; 18 ലക്ഷം രൂപ കണ്ടെടുത്തു
കാസര്‍കോട്: കാര്‍ തടഞ്ഞു നിര്‍ത്തി സ്വര്‍ണ വ്യാപാരിയുടെ കോടികള്‍ കൊള്ളയടിച്ച സംഭവത്തില്‍ പൊലിസ് 18 ലക്ഷം രൂപ പിടികൂടി. വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ ബംഗളൂരു, ഭീമനഗറിലെ എഫ്.എസ് ഫുട്ബോള്‍ ക്ലബ്ബില്‍ നടത്തിയ റെയ്ഡിലാണ് പണം കണ്ടെടുത്തത്.
കേസില്‍ നേരത്തെ അറസ്റ്റിലായ കൂത്തുപറമ്പ് സ്വദേശികളായ മൃദുല്‍(21), സായൂജ്(21), മട്ടന്നൂരിലെ റിന്‍ഷാദ് എന്ന ഇന്ചു(21) എന്നിവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
തൃശൂര്‍ സ്വദേശിയായ ഒരാളുടെ ഉടമസ്ഥതയിലുള്ളതാണ് ക്ലബ്ബ്. ഇതിനോട് ചേര്‍ന്നുള്ള ആഡംബര മെസില്‍ മൂന്നു പേര്‍ക്കും പാര്ട്ണര്ഷിപ്പുള്ളതായി പൊലിസ് പറഞ്ഞു.
വ്യാപാരിയില്‍ നിന്നും തട്ടിയെടുത്ത പണത്തില്‍ നിന്നു 20 ലക്ഷം രൂപ നല്‍കിയാണ് മൂവരും ക്ലബ്ബില്‍ പാര്ട്ണര്ഷിപ്പെടുത്തത്. ഈ തുകയില്‍ നിന്നു രണ്ടുലക്ഷം രൂപ മൃദുല്‍ മറ്റു പ്രതികള്‍ അറിയാതെ തിരിച്ചെടുത്തിരുന്നു.
20 ലക്ഷം രൂപ മൂന്നുപേരും കൂടി ഒരേ സമയത്ത് നല്‍കിയതില്‍ സംശയം തോന്നിയ ക്ലബ്ബുടമ പൊലിസ് വിവരം അറിയിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് ഏഴിനു രാത്രിയില്‍ ചെര്‍ക്കള, തെക്കില്‍ ദേശീയ പാതയിലാണ് സ്വര്‍ണ വ്യാപാരിയുടെ പണം കൊള്ളയടിക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."