റേഷന്‍ കാര്‍ഡ് കരടുപട്ടിക: അനര്‍ഹര്‍ ഇപ്പോഴും അകത്തുതന്നെ
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കരടുപട്ടികയില്‍ ബി.പി.എല്‍ വിഭാഗത്തില്‍ അനര്‍ഹമായി കടന്നുകൂടിയവരെ ഒഴിവാക്കിയില്ല. കാര്‍ഡ് പുതുക്കുന്ന സമയത്ത് അനര്‍ഹരായവരെ ഒഴിവാക്കണമെന്ന നിര്‍ദേശം പാടെ അവഗണിച്ചാണു സമ്പന്നര്‍ ഉള്‍പ്പെടെയുള്ളവര്‍ തുടരുന്നത്. അര്‍ഹതയുള്ളവരെ പാടെ പുറംതള്ളിയാണു ധൃതിപിടിച്ചു തട്ടിക്കൂട്ടു പട്ടിക പുറത്തിറക്കിയത്.
ആകെയുള്ള 8022353 റേഷന്‍ കാര്‍ഡ് ഉടമകളില്‍ 2837236 മുന്‍ഗണനാ കാര്‍ഡുകളിലും 5955800 അന്ത്യയോജന കാര്‍ഡുകളും ഉള്‍പ്പെടുന്ന 15480041 ഗുണഭോക്താക്കളുടെ കരടുപട്ടികയാണു പ്രസിദ്ധീകരിച്ചത്. നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ബി.പി.എല്‍ റേഷന്‍ കാര്‍ഡ് തിരിച്ചേല്‍പ്പിച്ചത് 36,000 പേരാണ്. ലക്ഷക്കണക്കിന് ഉദ്യോഗസ്ഥര്‍ തെറ്റായ രേഖ ഹാജരാക്കി ഇപ്പോഴും തുടരുന്നുണ്ട്. ഉന്നതനിലയില്‍ കഴിയുന്നവരും ഗള്‍ഫുകാരും മറ്റും മുന്‍ഗണനാ കരടുപട്ടികയില്‍ തുടരുന്നു.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു രാഷ്ട്രീയസ്വാധീനത്താല്‍ കയറിപ്പറ്റിയവരാണു പലരും. പതിനാലു ലക്ഷമുണ്ടായിരുന്ന ബി.പി.എല്‍ കാര്‍ഡുടമകളില്‍ ഭൂരിപക്ഷവും നാളിതുവരെ ആനുകൂല്യങ്ങള്‍ കൈപറ്റുകയായിരുന്നു. മരണപ്പെട്ടവരുടെ പേരിലും റേഷന്‍ അടിച്ചുമാറ്റുന്നവരുമുണ്ട്. നേരത്തെ പട്ടിക കാലോചിതമായി പുതുക്കാത്തതിനാലാണു വന്‍തോതില്‍ അനര്‍ഹര്‍ കടന്നുകൂടിയത്. വ്യാജ എന്‍.ഇ കാര്‍ഡിലൂടെ പ്രതിമാസം 10 ലക്ഷം ലിറ്റര്‍ മണ്ണെണ്ണയും അനര്‍ഹര്‍ കരസ്ഥമാക്കുന്നു.
ബി.പി.എല്‍ പട്ടികയില്‍ അരിയും ഗോതമ്പും വാങ്ങുന്ന 20,80,042 കുടുംബങ്ങളില്‍ എട്ടു ലക്ഷത്തോളം കുടുംബങ്ങള്‍ സൗജന്യത്തിന് അര്‍ഹരല്ല. നാല് ലിറ്റര്‍ മണ്ണെണ്ണ വാങ്ങുന്ന 4,81,023 എന്‍.ഇ കാര്‍ഡ് ഉള്ളവരില്‍ 2.5 ലക്ഷം കാര്‍ഡുകളും വ്യാജമാണ്. വീട് വൈദ്യൂതീകരിച്ചതല്ലെന്നു രേഖയുണ്ടാക്കിയാണ് എന്‍.ഇ കാര്‍ഡുകള്‍ സംഘടിപ്പിക്കുന്നത്. അരി സബ്‌സിഡിയുടെ പേരില്‍ 15.5 കോടിയും മണ്ണെണ്ണ സബ്‌സിഡിയുടെ പേരില്‍ 4.5 കോടിയും ഈയിനത്തില്‍ പ്രതിമാസം സര്‍ക്കാരിന് നഷ്ടമുണ്ടാകുന്നു. അന്നപൂര്‍ണ പദ്ധതിയിലൂടെ പ്രതിമാസം 10 കി.ഗ്രാം അരിവീതം ലഭിക്കുന്ന 27,145 പേരില്‍ പകുതിയിലേറെയാളുകള്‍ മരണപ്പെട്ടവരുടെ പട്ടികയിലാണ്. ഇവരുടെ പേരിലുള്ള ഭക്ഷ്യധാന്യവും അനര്‍ഹര്‍ വാങ്ങുകയായിരുന്നു.
18 വര്‍ഷം മുന്‍പു തയാറാക്കിയ ബി.പി.എല്‍ പട്ടിക ഉപയോഗിച്ചാണ് 25 കി.ഗ്രാം അരി 14,76,841 കുടുംബങ്ങള്‍ക്കും 35 കി.ഗ്രാം അരി 5,76,056 കുടുംബങ്ങള്‍ക്കും സൗജന്യമായി നല്‍കിവന്നത്. പുതുതായി നടത്തിയ സര്‍വേ റിപ്പോര്‍ട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ ഉണ്ടെങ്കിലും ആ പട്ടികപ്രകാരം 12 ലക്ഷം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കുന്നില്ല.
വ്യാജവും ഇരട്ടിപ്പും ഉള്ളവയുമായ 1.6 കോടി റേഷന്‍ കാര്‍ഡുകള്‍ വിവിധ സംസ്ഥാനങ്ങളിലായി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ അര്‍ഹരായവരുടെ പട്ടിക തയാറാക്കാനോ വ്യാജ കാര്‍ഡുകള്‍ പിടിച്ചെടുക്കാനോ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. എല്‍.പി.ജി സബ്‌സിഡി നേരിട്ടു നല്‍കി 3.5 കോടി വ്യാജ ഉപഭോക്താക്കളെ ഒഴിവാക്കിയതിനാല്‍ 14.872 കോടി രൂപ കേന്ദ്ര സര്‍ക്കാരിന് ലാഭമുണ്ടായി. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ധാന്യവിഹിതം വെട്ടിക്കുറച്ചപ്പോഴാണു കരടുപട്ടികയുമായി സര്‍ക്കാര്‍ രംഗത്തുവന്നത്.
റേഷന്‍ കാര്‍ഡ് ഉടമകളെ മുന്‍ഗണന(പ്രയോറിറ്റി), മുന്‍ഗണന ഇതരം (നോണ്‍ പ്രയോറിറ്റി) എ.എ.വൈ, സംസ്ഥാന മുന്‍ഗണന എന്നിങ്ങനെ തരംതിരിച്ച പട്ടികയാണു പ്രസിദ്ധീകരിച്ചത്.
ഇതിലാണ് അനര്‍ഹര്‍ തുടരുന്നത്. കാര്‍ഡ് പുതുക്കല്‍ സംബന്ധിച്ച അപേക്ഷാ ഫോമില്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ തെറ്റായാല്‍ ക്രിമിനില്‍ നിയമനടപടിക്കു വിധേയരാകുമെന്ന മുന്നറിയിപ്പ് അവഗണിച്ചാണു പലരും തുടരുന്നത്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 1,54,80,040 പേരാണു മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. സംസ്ഥാനത്ത് ഗ്രാമപ്രദേശങ്ങളില്‍
52. 63 ശതമാനവും നഗരപ്രദേശങ്ങളില്‍ 39.5 ശതമാനവും പേരാണു മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടേണ്ടത്. താലൂക്കുതല റാങ്കിങ് പ്രകാരം സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളില്‍ മുന്നാക്ക-പിന്നാക്ക വ്യത്യാസം പരിഗണിക്കാതെ എല്ലാ താലൂക്കിലും ഒരോ ശതമാനം ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതുമൂലം അര്‍ഹതപ്പെട്ട പല കുടുംബങ്ങളും ഒഴിവാക്കപ്പെടുകയും അനര്‍ഹര്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു.
റേഷന്‍ കാര്‍ഡ് സ്ഥിതിവിവരം
2016 ഓഗസ്റ്റ് എട്ടിലെ റിപ്പോര്‍ട്ട് പ്രകാരം മൊത്തം റേഷന്‍ കാര്‍ഡുകളുടെ എണ്ണം ഇപ്രകാരമാണ്:- (എ.പി.എല്‍, ബി.പി.എല്‍, അന്ത്യോദയ, അന്നപൂര്‍ണ എന്നീ ക്രമത്തില്‍)- 6207717, 1476841, 576056, 27145. കൂടുതല്‍ ബി.പി.എല്‍ കാര്‍ഡുകള്‍ ഉള്ളത് തൃശൂര്‍ ജില്ലയിലാണ്-170969. കുറവ് വയനാടും- 33060. തിരുവനന്തപുരം- 160710, കൊല്ലം- 154027, പത്തനംതിട്ട- 57306, ആലപ്പുഴ- 131086, കോട്ടയം-95250, ഇടുക്കി- 60378, എറണാകുളം-99877, പാലക്കാട്- 100319, മലപ്പുറം- 143878, കോഴിക്കോട്- 131028, കണ്ണൂര്‍- 90055, കാസര്‍കോട്- 48898.
അന്ത്യോദയ കാര്‍ഡില്‍ ഒന്നാം സ്ഥാനം തിരുവനന്തപുരത്തിനാണ്- 62809. കുറവ് കാസര്‍കോടും- 20311. കൊല്ലം-50206, പത്തനംതിട്ട- 25656, ആലപ്പുഴ-42260, കോട്ടയം-33945, ഇടുക്കി- 31174, എറണാകുളം-38207, പാലക്കാട്- 46392, മലപ്പുറം-53506, കോഴിക്കോട്- 41490, വയനാട്-39528, കണ്ണൂര്‍-34375. അന്നപൂര്‍ണ കാര്‍ഡുകള്‍ ഏറെയുള്ളത് കാസര്‍കോടും(5125) കുറവ് ആലപ്പുഴയിലുമാണ്(985). തിരുവനന്തപുരം-2350, കൊല്ലം-1706, പത്തനംതിട്ട- 1507, കോട്ടയം-1682, ഇടുക്കി- 1150, എറണാകുളം-2470, പാലക്കാട്- 1317, മലപ്പുറം-2144, കോഴിക്കോട്- 2362, വയനാട്-1425, കണ്ണൂര്‍-1731. വീട് വൈദ്യുതീകരിച്ചതായി രേഖപ്പെടുത്തിയ 7779591 റേഷന്‍ കാര്‍ഡുകള്‍ ഉള്ളപ്പോള്‍ 481023 ആണ് വൈദ്യുതീകരിക്കാത്തവയുടെ എണ്ണം. ഈ പട്ടിക ഇനി മുതല്‍ മുന്‍ഗണന(പ്രയോറിറ്റി), മുന്‍ഗണന ഇതരം (നോണ്‍ പ്രയോറിറ്റി) എ.എ.വൈ, സംസ്ഥാന മുന്‍ഗണന എന്നിങ്ങനെ അറിയപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."