പെട്രോള്‍ പമ്പ് ഉടമകള്‍ വീണ്ടും സമരത്തിലേക്ക്
കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പെട്രോള്‍ പമ്പ് ഉടമകള്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി 26ന് വൈകുന്നേരം 7 മുതല്‍ 15 മിനുട്ട് പെട്രോള്‍ പമ്പുകളിലെ വിളക്കുകള്‍ അണച്ച് പ്രതിഷേധിക്കും. നവംബര്‍ 3,4 തീയതികളില്‍ എണ്ണക്കമ്പനികളില്‍ നിന്ന് ഇന്ധനമെടുക്കാതെ ഇന്ധന ബഹിഷ്‌കരണവും നടത്തും.
കൊച്ചിയില്‍ ചേര്‍ന്ന ആള്‍കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
അപൂര്‍വ്വ ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് എണ്ണക്കമ്പനികള്‍ അംഗീകരിക്കുക, പുതിയ പമ്പുകള്‍ക്കുള്ള സ്ഥലം തെരഞ്ഞെടുക്കുന്നതിന് മുന്‍പായി പെട്രോളിയം മന്ത്രാലയം നിഷ്‌ക്കര്‍ഷിക്കുന്ന പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക, വിശദമായ പഠനം നടത്താതെ സ്വകാര്യ പൊതുമേഖലാ എണ്ണകമ്പനികള്‍ നേടിയെടുത്ത എന്‍.ഒ.സി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ചുരുങ്ങിയത്് 1.7 ലക്ഷം ലിറ്റര്‍ വില്‍പനയുണ്ടെങ്കില്‍ മാത്രമേ ഒരു പമ്പ് ലാഭകരമാവുകയുള്ളുവെന്നാണ് അപൂര്‍വചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍ ഈ കണക്കനുസരിച്ച് സംസ്ഥാനത്തെ 70 ശതമാനം പമ്പുകളും നഷ്ടത്തിലാണ്. പെട്രോളിയം വ്യാപാര മേഖലയെ സാരമായി ബാധിക്കുന്ന വിവിധ ആവശ്യങ്ങളില്‍ പരിഹാരമുണ്ടാക്കാത്തതില്‍ പ്രതിഷേധിച്ച് ദേശീയാടിസ്ഥാനത്തില്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സ് പ്രഖ്യാപിച്ച സമരങ്ങള്‍ക്ക് പിന്തുണ നല്‍കാനും യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് എം.തോമസ് വൈദ്യന്‍ അധ്യക്ഷനായി. സെക്രട്ടറി എം.രാധാകൃഷ്ണന്‍, ട്രഷറര്‍ ടി.ബി റാം കുമാര്‍, വൈസ് പ്രസിഡന്റ് സെയ്ദ് എം.ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."