നഗരത്തിലെ മാലിന്യപ്രശ്‌ന പരിഹാരത്തിന് അജൈവ മാലിന്യസംഭരണ കേന്ദ്രങ്ങള്‍ വരുന്നു
പാലക്കാട്: നഗരത്തിലെ മാലിന്യപ്രശ്‌നങ്ങള്‍ക്കു പരിഹാരമായി നഗരപരിധിയില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു. നവംബര്‍ ഒന്നിനു മുന്‍പ് ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന് ശുചിത്വമിഷനും നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യം കഴിഞ്ഞ കൗണ്‍സില്‍ യോഗങ്ങളില്‍ ചര്‍ച്ചചെയ്തശേഷം അടിയന്തര നടപടി സ്വീകരിക്കുമെന്ന് ചെയര്‍പേഴ്‌സന്‍ പ്രമീളാ ശശിധരന്‍ അറിയിച്ചിരുന്നു.
തുടക്കത്തില്‍ നഗരത്തില്‍ രണ്ടോ മൂന്നോ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി പാഴ്‌വസ്തു വ്യാപാരികളുടെ സഹകരണവും ആവശ്യമാണെന്നതിനാല്‍ ഇവരുടെ യോഗവും അടുത്തു തന്നെ ചേരും. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ക്ലീന്‍ കേരള കമ്പനിക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
കുപ്പി, ഇരുമ്പ്, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കള്‍ തുടങ്ങിയവ പാഴ്‌വസ്തുവ്യാപാരികള്‍ വഴി സംഭരിക്കുന്നതിന്റെ സാധ്യതയും പരിശോധിക്കും. നഗരപരിധില്‍ ഇരുപതോളം പാഴ് വസ്തു വ്യാപാരികള്‍ ഉണ്ടെന്നാണു കണക്ക്.
അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ സംവിധാനം ഇല്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്ന സാഹചര്യത്തിലാണു നടപടി. നഗരപരിധിയില്‍ നിലവില്‍ ജൈവ മാലിന്യങ്ങളും ശുദ്ധീകരിച്ച പ്ലാസ്റ്റിക് കവറുകളും മാത്രമേ നിലവില്‍ ശേഖരിക്കുന്നുള്ളൂ. കുടുംബശ്രീ സിറ്റി ക്ലീനിങ് യൂനിറ്റുകള്‍ വീടുകളില്‍നിന്ന് ഇതര മാലിന്യങ്ങള്‍ ശേഖരിച്ചെങ്കിലും ഇവ ഖരമാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നില്ല.
ബിസ്‌കറ്റ്, മിഠായി കവറുകള്‍, ചൂല്, ചെരുപ്പ്, വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പാഴ് വസ്തുക്കളൊന്നും വീടുകളില്‍ നിന്നു ശേഖരിക്കേണ്ടെന്നാണ് കുടുംബശ്രീ യൂനിറ്റുകള്‍ക്കുള്ള നിര്‍ദേശമുള്ളതിനാല്‍ ഇതിനെതിരേ വീട്ടുകാരും പ്രതിഷേധത്തിലാണ്. കഴിഞ്ഞദിവസം മുതല്‍ പച്ചക്കറിമാലിന്യങ്ങളും ശുദ്ധീകരിച്ച പ്ലാസ്റ്റിക് കവറുകളും മാത്രം ശേഖരിച്ചാല്‍ മതിയെന്നാണ് കുടുംബശ്രീക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. നഗരത്തില്‍ കാലങ്ങളായുള്ള മാലിന്യപ്രശ്‌നത്തിന് ഇത്തരത്തില്‍ അജൈവമാലിന്യ സംഭരണകേന്ദ്രങ്ങള്‍ വരുന്നതോടെ പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."