ഭര്‍ത്താവ് ഉപേക്ഷിച്ചു; യുവതിയും രണ്ട് പിഞ്ചു കുട്ടികളും നരകയാതനയില്‍
നെടുമ്പാശ്ശേരി: മദ്യപാനിയായ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ യുവതിയും രണ്ട് പിഞ്ചു കുട്ടികളും അടങ്ങുന്ന കുടുംബം നരകയാതനയില്‍.
കുന്നുകര പഞ്ചായത്തിലെ ചാലാക്കലില് നടുവിലപ്പറമ്പ് വീട്ടില്‍ ജയ(39), മക്കളായ എല്‍.കെ.ജി വിദ്യാര്‍ഥി ശ്രീഹരി, ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ജ്യോതിക എന്നിവരാണ് മഴയെ പേടിച്ച് റോഡരികിലെ തകര ഷീറ്റ് മേഞ്ഞ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ കഴിയുന്നത്.
ജയയുടെ അച്ചനും, അമ്മയും മരിച്ചിട്ട് വര്‍ഷങ്ങളായി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മദ്യപാനിയായ ഭര്‍ത്താവ് കൂടി ഉപേക്ഷിച്ച് പോയതോടെ കുടുംബം തീര്‍ത്തും അനാഥമാകുകയായിരുന്നു.ജയ കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്.
ജയയുടെ അച്ഛന് പണിത 46 വര്‍ഷത്തോളം പഴക്കമുള്ള റോഡരികിലെ കൂരയിലാണ് ഇവര്‍ ഇപ്പോഴും താമസിക്കുന്നത്.ചാലാക്ക കുത്തിയതോട് റോഡരികിലെ ഈ വീട്ടിലാണ് ജയ ജനിച്ചതതും.തകര ഷീറ്റ് മേഞ്ഞ ഈ കൂരയുടെ നാലു കാലുകളും ദ്രവിച്ച് ഏതു സമയവും നിലം പൊത്താവുന്ന അവസ്ഥയിലാണ്.മഴ പെയ്താല്‍ ദ്രവിച്ച തകര ഷീറ്റിലൂടെ വെള്ളം അകത്ത് നിറയും.
പിന്നെ കിടക്കാനും കഴിയില്ല.പഞ്ചായത്ത് അനുവദിച്ച് നല്കിയ വീട്ടുനമ്പറും, റേഷന്‍ കാര്‍ഡും,വൈദ്യുതി കണക്ഷനും ഉണ്ടെങ്കിലും വീടിരിക്കുന്ന രണ്ടു സെന്റ് സ്ഥലത്തിന് ഇതുവരെ പട്ടയം ലഭിച്ചിട്ടില്ല.
റോഡരികില്‍ താമസിക്കുന്ന പലര്‍ക്കും ഈ രേഖകള്‍ നല്‍കിയിട്ടുണ്ട്.പട്ടയത്തിനായി താലൂക്കിലും, കളക്ടറെറ്റിലും, നിരവധി തവണ കയറിയിറങ്ങിയെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല.
പട്ടയം ഇല്ലാത്തതിനാല്‍ പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന വീടിന് അപേക്ഷ സമര്‍പ്പിക്കാനും കഴിയുന്നില്ല.മഴ പെയ്താല്‍ പറക്കമുറ്റാത്ത കുട്ടികളെയും കൂട്ടി മറ്റെവിടെയെങ്കിലും പോയാണ് ജയ അന്തിയുറങ്ങുന്നത്.
തുലാവര്‍ഷം പെയ്തിറങ്ങാന്‍ ആകാശം കറുക്കുന്നതോടെ പറക്കമുറ്റാത്ത കുട്ടികളുമായി മനസ്സില്‍ ഭീതിയുമായി ദിവസങ്ങള്‍ തള്ളിനീക്കുകയാണ് ഇപ്പോള്‍ ഈ യുവതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."