ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് 70 ലക്ഷം തീര്‍ഥാടകരെ; ഉംറ വിസ ഇ-ട്രാക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു
മക്ക: കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് സീസണ്‍ അവസാനിച്ചതോടെ ഈ വര്‍ഷത്തേക്കുള്ള ഉംറ വിസ ഇ-ട്രാക്ക് രാജിസ്‌ട്രേഷന് ഹജ്ജ് - ഉംറ മന്ത്രാലയം തുടക്കം കുറിച്ചു. ഉംറ തീര്‍ഥാടകരുടെ പേരുവിവരങ്ങള്‍ ഉംറ സര്‍വീസ് കമ്പനികള്‍ വഴി ഇ-ട്രാക്ക് സംവിധാനത്തിലൂടെ രജിസ്‌ട്രേഷന്‍ ചെയ്യുന്ന നടപടിയാണ് ആരംഭിച്ചത്. തീര്‍ഥാടകരുടെ വിവരങ്ങള്‍ മന്ത്രാലയം പുനഃപരിശോധിച്ച് വിദേശ രാജ്യങ്ങളിലെ സഊദി എംബസികളും കോണ്‍സുലേറ്റുകളും വഴി വിസ അനുവദിക്കുന്ന വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് ഈ സംവിധാനം വഴി ഓട്ടോമാറ്റിക്കായാണ് അയച്ചു കൊടുക്കുന്നത്. നേരത്തെ താല്‍ക്കാലികമായി ഇ-ട്രാക്ക് വെബ്‌സൈറ്റ് അടച്ചിരുന്നു.
ഈ വര്‍ഷം ഉംറ സീസണില്‍ 70 ലക്ഷം തീര്‍ഥാടകരെയാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നത് 47 സര്‍വീസ് കമ്പനികള്‍ക്കാണ് ലൈസന്‍സ് നല്‍കിയിട്ടുള്ളത്. വളരെ നേരത്തെ തന്നെ ഇത്തരം കമ്പനികള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും തുര്‍ക്കി, ഇന്ത്യ, മലേഷ്യ, പാകിസ്താന്‍, ഇന്തോനേഷ്യ തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഉംറ സിയാറത്ത് പാക്കേജ് വിപണനം ആരംഭിച്ചിട്ടുണ്ടെന്നും സഊദി ദേശീയ ഹജ്ജ് - ഉംറ കമ്മിറ്റി പ്രസിഡന്റ് മര്‍വാന്‍ ശഅബാന്‍ വ്യക്തമാക്കി.
ഹറമുകള്‍ക്കടുത്ത് ഹോട്ടലുകളും യാത്രക്കായി ബസ് സര്‍വീസ് കമ്പനികളുമായും ഉംറ സര്‍വീസ് കമ്പനികള്‍ കരാറുകളില്‍ ഒപ്പു വച്ചിട്ടുണ്ട്. മലേഷ്യയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നുമുള്ള ആദ്യ ബാച്ച് അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എത്തുമെന്ന് ഉംറ കമ്പനിയുടമകള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."