റെയില്‍വേക്ക് അനുവദിച്ച പണം നല്‍കാത്തതില്‍ ആശങ്കയെന്ന്
കല്‍പ്പറ്റ: നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റയില്‍പാതയുടെ സര്‍വ്വേക്ക് ഡി.എം.ആര്‍.സിക്ക് അനുവദിച്ച എട്ടുകോടി രൂപ നല്‍കാത്തതിനാല്‍ ഡി.എം.ആര്‍.സി സര്‍വ്വേ നിര്‍ത്തിവെക്കാനുണ്ടായ സാഹചര്യത്തില്‍ നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി. റെയില്‍വേ ബജറ്റില്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത അനുവദിക്കുകയും സംയുക്ത സംരംഭമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സര്‍വ്വേ നടത്തി വിശദമായ പദ്ധതിരേഖ തയാറാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഡി.എം.ആര്‍.സിയെ ചുമതലപ്പെടുത്തി ജൂണ്‍ 24ന് ഉത്തരവ് പുറപ്പെടുവിച്ചത്.
സംയുക്ത കമ്പനി രൂപീകരണ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്. എന്നാല്‍ സര്‍വ്വേ നടപടികള്‍ തുടങ്ങിയിട്ടും അനുവദിച്ച പണം ലഭിക്കാന്‍ നാലു മാസമായി ഡി.എം.ആര്‍.സിക്ക് സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങേണ്ടിവരുന്ന സാഹചര്യം നിര്‍ഭാഗ്യകരമാണ്. ഒന്‍പത് മാസം കൊണ്ട് സര്‍വ്വേ പൂര്‍ത്തിയാക്കേണ്ടതായിരുന്നു.
സര്‍വ്വേയും പദ്ധതിരേഖയും പൂര്‍ത്തിയായെങ്കില്‍ മാത്രമേ സംയുക്ത കമ്പനിക്കു കീഴില്‍ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ച് പാതയുടെ നിര്‍മാണം തുടങ്ങാനാവൂ. സര്‍വ്വേനടത്താന്‍ ഡി.എം.ആര്‍.സിക്ക് അനുവദിച്ച എട്ടുകോടി രൂപ ഉടന്‍ നല്‍കണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ കണ്‍വീനര്‍ അഡ്വ. ടി.എം റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി വേണുഗോപാല്‍, പി.വൈ മത്തായി, ഫാ. ടോണി കോഴിമണ്ണില്‍, വി മോഹനന്‍, എം.എ അസൈനാര്‍, മോഹന്‍ നവരംഗ്, ഡോ. തോമസ് മോഡിശ്ശേരി, ജോയിച്ചന്‍ വര്‍ഗ്ഗീസ്, ഒ.കെ മുഹമ്മദ്, ജോസ് കപ്യാര്‍മല, ഐസണ്‍ ജോസ്, നാസര്‍ കാസിം, റാംമോഹന്‍, ഷംസാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."