മലേഗാവ്: കര്‍ക്കരെ കണ്ടെത്തിയ തെളിവ് എന്‍.ഐ.എ അവഗണിച്ചു?
യു.എം മുഖ്താര്‍
ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രധാനപ്രതികളെ ഒഴിവാക്കി എന്‍.ഐ.എ കഴിഞ്ഞദിവസം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന മുന്‍ മേധാവി ഹേമന്ത് കര്‍ക്കരെ കണ്ടെത്തിയ നിര്‍ണായക തെളിവുകള്‍ അവഗണിച്ചാണെന്ന് ആരോപണമുയര്‍ന്നു. സ്‌ഫോടനത്തിന് ഉപയോഗിച്ച ബൈക്ക്, കേസിലെ മറ്റു പ്രതികളായ കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതും മുന്‍ സൈനികന്‍ മേജര്‍ രമേശ് ഉപാധ്യായയും തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷണ രേഖകള്‍, സ്‌ഫോടനം നടത്താനുള്ള ഗൂഢാലോചനയില്‍ പ്രജ്ഞാസിങ് പങ്കെടുത്തത് സംബന്ധിച്ച സാക്ഷിമൊഴികള്‍, പ്രജ്ഞാസിങിന്റെ കുറ്റസമ്മതമൊഴി എന്നിവയായിരുന്നു പ്രധാന തെളിവുകള്‍.
മറ്റു പ്രതികളെ അറസ്റ്റ് ചെയ്തതും ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായി ബന്ധം പുലര്‍ത്തിയിരുന്നയാളായിരുന്നു പ്രജ്ഞ.
2008 ഒക്ടോബര്‍ 23ന് പ്രജ്ഞാസിങ് അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം പുരോഹിതും ഉപാധ്യായയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം കേസില്‍ പ്രജ്ഞയുടെ പങ്ക് വ്യക്തമാക്കുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 23ന് കാലത്താണ് സംഭാഷണം നടന്നത്. പ്രജ്ഞയുടെ അറസ്റ്റ് സംബന്ധിച്ച വാര്‍ത്ത അന്നത്തെ പത്രത്തിലുണ്ടായിരുന്നു. പ്രജ്ഞ അറസ്റ്റ് ചെയ്യപ്പെട്ടതിനാല്‍ തങ്ങളും കുടുങ്ങുമെന്ന് ഇരുവരും പറയുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യയിലും ഇന്ത്യന്‍ എക്്‌സ്പ്രസിലും വന്ന വാര്‍ത്ത വായിച്ചോയെന്നാണ് പുരോഹിത് രമേശ് ഉപാധ്യയോട് ചോദിക്കുന്നത്. തുടര്‍ന്നാണ്് കാര്യങ്ങള്‍ തങ്ങളുടെ അടുത്തെത്തിയതായി ഇരുവരും പറയുന്നത്. അന്വേഷണം തങ്ങളിലേക്ക് എത്തുന്നത് എങ്ങനെ തടയാമെന്നും ഇവര്‍ ചര്‍ച്ചചെയ്യുന്നുണ്ട്.
യഥാര്‍ഥത്തില്‍ കര്‍ക്കരേയുടെ കൈവശം തെളിവുണ്ടോ അതോ അഭ്യൂഹമാണോ, സ്‌ഫോടനത്തില്‍ ഉപയോഗിച്ച പ്രജ്ഞാസിങിന്റെ ബൈക്കിന്റെ കാര്യം എന്നിവയും ചര്‍ച്ച ചെയ്യുന്നു. പിന്നീട് പുതിയ സിംകാര്‍ഡ് എടുക്കുന്നതിനെക്കുറിച്ചും സൂക്ഷിച്ചു നീങ്ങേണ്ടതിനെക്കുറിച്ചും ആണ് ചര്‍ച്ച. സംഭാഷണത്തില്‍ സിങ് സാഹബ്, സിങ് എന്നീ പേരുകള്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്നുണ്ട്. അത് പ്രജ്ഞാസിങ് താക്കൂറാണെന്ന് എ.ടി.എസിന്റെ കുറ്റപത്രത്തില്‍ പറയുന്നു.
സ്‌ഫോടനത്തിനുള്ള ഗൂഢാലോചനയ്ക്കിടെ ബോംബ് വയ്ക്കാനുള്ള ആളുകളെ താന്‍ തന്നെ സംഘടിപ്പിക്കാമെന്ന് പ്രജ്ഞ ഏറ്റതായി യശ്പാല്‍ ബദാന നല്‍കിയ മൊഴിയാണ് മറ്റൊരു തെളിവ്. 2008 ഏപ്രില്‍ 11ന് ഭോപ്പാലിലാണ് ഗൂഢാലോചനാ യോഗം നടന്നത്. സുധാകര്‍ ദ്വിവേദി, സ്വാമി അസിമാനന്ദ, രമേശ് ഉപാധ്യായ, കേണല്‍ പുരോഹിത്, ഹിമാനി സവര്‍ക്കര്‍ തുടങ്ങി നിരവധി പേരാണ് യോഗത്തില്‍ സംബന്ധിച്ചത്. അന്നുതന്നെ രാത്രി മറ്റൊരു യോഗവും ചേര്‍ന്നു. ഇതിലാണ് മുസ്‌ലിംകള്‍ക്കെതിരേ പ്രതികാരം ചെയ്യുന്നതിന് ബോംബ് പൊട്ടിക്കാന്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലേഗാവ് തെരഞ്ഞെടുത്തത്. ഇതിന് ആളെ സംഘടിപ്പിക്കുന്ന കാര്യം പ്രജ്ഞാസിങ് ഏറ്റെടുത്തു.
അതേസമയം ഈ മൊഴി എ.ടി.എസ് പീഡിപ്പിച്ച് ഉണ്ടാക്കിയതാണെന്നാണ് എന്‍.ഐ.എ ആരോപിക്കുന്നത്. ബോംബ് സ്ഥാപിക്കാന്‍ ഉപയോഗിച്ച ബൈക്ക് പ്രജ്ഞയുടെതാണെന്ന നിര്‍ണായക തെളിവ് എന്‍.ഐ.എ അവഗണിച്ചു. ബൈക്ക് മറ്റൊരു പ്രതിയായ രാമചന്ദ്ര കല്‍സാംഗ്രെയാണ് ഉപയോഗിച്ചിരുന്നതെന്നാണ് എന്‍.ഐ.എ പറയുന്നത്. കല്‍സാംഗ്രെയാകട്ടെ ഇപ്പോള്‍ ഒളിവിലാണ്.
മകോക പിന്‍വലിച്ചതോടെ പ്രജ്ഞ നേരത്തെ നല്‍കിയ കുറ്റസമ്മത മൊഴി അപ്രസക്തമായി. മകോക പ്രകാരം പൊലിസ് ഉദ്യോഗസ്ഥന്റെ മുന്നില്‍ നല്‍കിയ കുറ്റസമ്മത മൊഴി തെളിവായി പരിഗണിക്കുമെന്നിരിക്കേ ഇത് പിന്‍വലിച്ചതോടെ ഇനി മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കുന്ന മൊഴിയാണ് സ്വീകരിക്കപ്പെടുക. ഇത് മൊഴി തിരുത്താന്‍ പ്രജ്ഞാസിങിനെ സഹായിക്കും.
കേണല്‍ പുരോഹിതിന്റെ അറസ്റ്റിനെ തുടര്‍ന്ന് സൈന്യത്തിലെ പല പ്രമുഖര്‍ക്കും സംഭവത്തില്‍ പങ്കുള്ളതായി സൂചന ലഭിച്ചിരുന്നു. മിലിറ്ററി ഇന്റലിജന്‍സ് ഓഫിസറായ പുരോഹിത് സൈന്യത്തില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന ആര്‍.ഡി.എക്‌സാണ് മലേഗാവിലും സംഝോദ എക്‌സ്പ്രസ്സിലും മറ്റും സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പ്രതികള്‍ക്ക് ഇസ്രയേല്‍ ചാരസംഘടനയായ മൊസാദുമായും നേപ്പാളിലെ ജ്ഞാനേന്ദ്ര രാജാവുമായും ബന്ധമുള്ളതായി കര്‍ക്കരേക്കു സൂചന ലഭിച്ചിരുന്നു. എന്നാല്‍ ഇതിനിടെയുണ്ടായ മുംബൈ തീവ്രവാദി ആക്രമണത്തില്‍ കര്‍ക്കരേ കൊല്ലപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."