പാലപ്പുഴയില്‍ സി.പി.എം സ്തൂപത്തില്‍ കരിഓയില്‍ ഒഴിച്ചു കാക്കയങ്ങാട് ബസ് സ്റ്റോപ്പ് തകര്‍ത്തു
സംഘര്‍ഷത്തിനു ശ്രമമെന്നു പൊലിസ്
ഇരിട്ടി: മുഴക്കുന്നു പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പാലപ്പുഴയില്‍ സി.പി.എം സ്ഥാപിച്ച അരിവാള്‍ ചുറ്റിക ചിഹ്നത്തില്‍ കരിഓയില്‍ ഒഴിച്ചു. കാക്കയങ്ങാട് ബി.ജെ.പി നിര്‍മിച്ച രണ്ടു ബസ് സ്റ്റോപ്പുകളും തകര്‍ക്കപ്പെട്ടു. കാക്കയങ്ങാട് ഉളിപ്പടിയിലുള്ള ബസ് സ്റ്റോപ്പും ടൗണില്‍ പുന്നാട് റോഡിലേക്കു പോകുന്ന സ്ഥലത്ത് നിര്‍മിച്ച ബസ് സ്റ്റോപ്പുമാണ് തകര്‍ക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം.
കഴിഞ്ഞ ദിവസം തില്ലങ്കേരി വില്ലേജ് ഓഫിസില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ കക്ഷികളുടെ സമാധാനയോഗ തീരുമാനത്തിന്റെ മഷിയുണങ്ങും മുമ്പെയാണ് വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടായത്.
പാലപ്പുഴയിലെ സി.പി.എം സ്തൂപത്തില്‍ കരിഓയില്‍ ഒഴിച്ചത് രാത്രി പത്തോടെ ആണെന്നും ബസ് സ്റ്റോപ്പുകള്‍ തകര്‍ത്തത് വെളുപ്പിനോടെയാണെന്നും പൊലിസ് പറഞ്ഞു. രാഷ്ട്രീയ അക്രമങ്ങളും കൊലപാതകളും നിരന്തരം ഉണ്ടാകുന്ന മേഖലയില്‍ സമാധാനം തിരിച്ചു കൊണ്ടുവരുവാന്‍ പൊലിസും സമാധാന കാംക്ഷികളും ശ്രമിച്ചുകൊണ്ടിരിക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നു മുഴക്കുന്ന് എസ്.ഐ കെ ഫിലിപ്പ് 'സുപ്രഭാത'ത്തോടു പറഞ്ഞു.
നാളെ 11 ന് ഇരിട്ടി ഡിവൈ.എസ്.പിയുടെ നിര്‍ദേശ പ്രകാരം വീണ്ടും സമാധാന യോഗം ചേരുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അതേസമയം അക്രമപ്രവര്‍ത്തനങ്ങളില്‍ ഒരു കക്ഷിയായ ബി.ജെ.പി സമാധാന യോഗത്തില്‍ പങ്കെടുക്കാത്തതാണ് അക്രമ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കാരണമെന്നും എതിര്‍കക്ഷികള്‍ ആരോപിക്കുന്നു. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ബി.ജെ.പി സമാധാന യോഗത്തില്‍ പങ്കെടുക്കാത്തതെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."