കക്കാട്ടിരിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു
കൂറ്റനാട്: വേനല്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ കക്കാട്ടിരി പ്രദേശത്തു കുടിവെള്ളം കിട്ടാക്കനിയാകുന്നു. ഹെല്‍ത്തു സെന്റര്‍ മുതല്‍ സ്കൂള്‍ വരെയും ദുബായ് റോഡിലും ഉള്ള പ്രദേശങ്ങളില്‍ ആണ് ജലക്ഷാമം നേരിടുന്നത്. പൈപ്പ് ലൈന്‍ വഴിയുള്ള ജല വിതരണം ആഴ്ചയില്‍ ഒരിക്കലോ മറ്റോ ആണ് നടക്കുന്നത്. എന്നാല്‍ പൈപ്പ് പൊട്ടി വെള്ളം പാഴായി പോവുകയാണ്. പ്രദേശത്തെ കിണറുകളും കുഴല്‍ കിണറുകളും എല്ലാം വറ്റിയ നിലയിലാണ്.
ഇതിനെ തരണം ചെയ്യാന്‍ അധികാരികള്‍ നടപടികള്‍ കൈകൊള്ളുന്നില്ല. നിലവില്‍ ഈ ഭാഗങ്ങളില്‍ കോളനികളിലേക്ക് വേണ്ടി രണ്ടു ചെറു കിട കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ മദ്രസ്സക്ക് സമീപത്തു പുതിയ കുഴല്‍ കിണര്‍ സ്ഥാപിച്ചു കഴിഞ്ഞു. ഈ മൂന്നു കുടിവെള്ള പദ്ധതികളില്‍ നിന്നുമായി ഇതിന്റെ പരിസരത്തു താമസിക്കുന്നവര്‍ക്ക് കൂടി വെള്ളം ലഭ്യ മാക്കുന്ന തരത്തില്‍ കണക്ഷന് നല്കാന് തയാറായാല്‍ ഈ പ്രദേശങ്ങളിലെ മുഴുവന്‍ വീടുകളിലെയും ജല ക്ഷാമത്തിന് പൂര്‍ണമായും പരിഹാരം കാണാന്‍ കഴിയും.
കക്കാട്ടിരി സെന്ററില്‍ ഉള്ള കൊലോര്ക്കുന്നു പദ്ധതിയില്‍ നിന്ന് ദുബായ് റോഡിലേക്കും വേണാട്ടുകുന്നു പദ്ധതിയില്‍ നിന്നും അതിന്റെ പരിസരത്തുള്ള വീടുകളിലേക്കും കോളനി പടിയിലും പുതുതായി മദ്റസ്സക്ക് മുന്നില്‍ സ്ഥാപിക്കുന്ന കുടിവെള്ള പദ്ധതിയില്‍ നിന്നും സ്കൂള്‍ വരെയുള്ള ഭാഗങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്കും വെള്ളം വിതരണം ചെയ്യാനുള്ള സംവിധാനം ഒരുക്കുകയാണെങ്കില്‍ ഈ പ്രദേശത്തെ ആളുകള്‍ക്ക് അത് വലിയ ആശ്വാസമായി തീരും.
ഓപ്പറേറ്റര്‍മാരുടെ ഇഷ്ടത്തിനുസരിച്ചാണ് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നത് എന്നും ഇത് മൂലം വീട്ടമ്മമാര്‍ക് വെള്ളം ശേഖരിക്കാന്‍ കഴിയാറില്ലെന്ന് ഇവര്‍ പറയുന്നു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം വരുന്ന ഗ്രാമസഭയില്‍ ശക്തമായി പ്രതിഷേധിക്കുമെന്നും പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഈ പ്രദേശത്തെ വീട്ടമ്മമാര്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."