റേഷന്‍ കാര്‍ഡ് കരട് പട്ടിക: പരാതിക്കാരുടെ പ്രളയത്തില്‍ സപ്ലൈ ഓഫിസുകള്‍ വീര്‍പ്പുമുട്ടി
കാക്കനാട്: റേഷന്‍ കാര്‍ഡ് കരട് പട്ടിക പുറത്തുവന്നതോടെ പരാതിക്കാരുടെ പ്രളയത്തില്‍ സപ്ലൈ ഓഫിസുകള്‍ വീര്‍പ്പുമുട്ടി. ഒടുവില്‍ പരാതിക്കാരുടെ സൗകര്യാര്‍ഥം പലയിടങ്ങളിലും വിപുലമായ സൗകര്യമൊരുക്കിയുമാണ് അപേക്ഷാ ഫോറങ്ങള്‍ സ്വീകരിക്കുന്നത്. കരട് പട്ടികയില്‍ ബി.പി.എല്‍ വിഭാഗക്കാര്‍ അധികവും പുറത്തായതാണ് വ്യാപക പരാതിക്ക് ഇടയാക്കിയത്. പാവങ്ങള്‍ പലരും എ.പി.എല്‍ പട്ടികയിലും സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങള്‍ ബി.പി.എല്‍ പട്ടികയിലും കടന്നു കൂടിയത് പരാതിക്ക് ഇടയാക്കിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ പറഞ്ഞു.
നൂറുകണക്കിന് പരാതികളാണ് കരട് പട്ടിക പ്രസിദ്ധീകരിച്ച ദിവസം മാത്രം സപ്ലൈ ഓഫീസുകളില്‍ ലഭിച്ചത്. പല ഓഫിസുകളിലും പരാതിയുമായി വീട്ടമ്മമാരുടെ തിരക്കായിരുന്നു. കരടുപട്ടികയെക്കുറിച്ചു ആക്ഷേപമോ പരാതിയോ ഉള്ളവര്‍ക്ക് ഈ മാസം 30 വരെ അതത് താലൂക്ക് സപ്ലൈ ഓഫിസിലും സിറ്റി റേഷനിങ് ഓഫിസിലുമാണ് പരാതി സമര്‍പ്പിക്കേണ്ടത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം സിവില്‍ സപ്ലൈസ് വെബ്‌സൈറ്റില്‍ നിന്നു ലഭിക്കും.
പുതിയ റേഷന്‍ കാര്‍ഡിന് ഉപഭോക്താക്കളുടെ ഫോട്ടോയെടുക്കല്‍ പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ 22,000 കുടുംബങ്ങള്‍ പുറത്തായിരുന്നത് വിവാദത്തിനും പരാതിക്കും ഇടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."