ബാലവേലയ്ക്കായി കുട്ടികളെ കൊണ്ടുവരുന്ന സംഘങ്ങളുടെ എണ്ണം പെരുകുന്നു
ഏറ്റുമാനൂര്‍: അന്യസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കടത്തി കൊണ്ടുവന്ന് ബാലവേല ചെയ്യിക്കുന്ന സംഘങ്ങളുടെ എണ്ണം പെരുകുന്നു. ഈ റാക്കറ്റിലെ കണ്ണിയായ ഉത്തര്‍പ്രദേശ് സ്വദേശിയെ കോട്ടയം നാഗമ്പടം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും പൊലിസ് പിടികൂടി.
കുശിനഗര്‍ ബിന്ദോളി സ്വദേശി പ്രദീപാണു പിടിയിലായത്. ഇയാളുടെ സഹോദരന്‍ സതീശിനു വേണ്ടിയുള്ള തെരച്ചില്‍ പൊലിസ് ഊര്‍ജ്ജിതമാക്കി.
കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് ബാലവേല ചെയ്തു വരികയായിരുന്ന അന്യസംസ്ഥാനബാലന്മാരുടെ സംഘത്തെ കുറിച്ചുള്ള വിവരം കഴിഞ്ഞ ദിവസം സാമൂഹ്യപ്രവര്‍ത്തകനായ ഏറ്റുമാനൂര്‍ ഗീതാസില്‍ ചന്ദ്രശേഖരന്‍ നായര്‍ ചൈല്‍ഡ് വെല്‍ഫയര്‍ സൊസൈറ്റി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തി. ഇതോടെയാണു കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘത്തെ പറ്റി അറിയുന്നത്.
സംഘത്തിന്റെ വലയില്‍ വീണ് പൊരിവെയിലില്‍ വഴിയരികിലിരുന്ന് കുങ്കുമം വിറ്റിരുന്ന ബിന്ദോളി സ്വദേശി രാജാ (12) എന്ന കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ സംരക്ഷണയിലാണ്.
രണ്ട് മാസം മുമ്പ് താന്‍ ഉള്‍പ്പെടെ അഞ്ച് കുട്ടികളെ നാട്ടില്‍ നിന്നും കേരളത്തില്‍ എത്തിച്ചതായി റാജാ പറയുന്നു. ബാക്കി നാല് പേര് തൃശൂര്‍ കൊരട്ടി പള്ളിയില്‍ കുങ്കുമ കച്ചവടത്തിന് പോയിരിക്കുകയാണെന്നാണ് അറിയുന്നത്. കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ കൂടി സഹായത്തോടെയാണ് കോട്ടയം റെയില്‍വേ ഗുഡ്‌ഷെഡിനടുത്ത് നിന്ന് പ്രദീപിനെ പൊലിസ് പിടികൂടിയത്. ഇയാളിപ്പോള്‍ കോട്ടയം സബ് ജയിലിലാണ്.
പ്രദീപും സഹോദരന്‍ സതീശും സതീശിന്റെ കുടുംബവും മൂന്ന് വര്‍ഷമായി നാഗമ്പടത്ത് താമസിച്ചു വരുന്നു. കേരളത്തില്‍ കൊണ്ടുപോയി പഠിപ്പിക്കാമെന്ന് പറഞ്ഞാണ് ഇവര്‍ തങ്ങളുടെ സ്വന്തം നാട്ടില്‍ നിന്ന് കുട്ടികളെ കടത്തി കൊണ്ടു വന്നിരുന്നത്.
പിടിയിലായ രാജാ എന്ന കുട്ടിയുടെ പിതാവ് ബിന്ദോളി സ്വദേശി മദന്‍ തിങ്കളാഴ്ച രാവിലെ കോട്ടയത്തെത്തി. തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോമിലെത്തി മകനെ തിരിച്ചറിഞ്ഞ ഇയാളെ കോട്ടയം ഈസ്റ്റ് പൊലിസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു. പൊലിസ് അകമ്പടിയോടെ രാജായെ നാട്ടില്‍ എത്തിക്കുന്നതിന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് ചൈല്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി ഉത്തരവ് നല്‍കിയിട്ടുണ്ട്.
അന്യസംസ്ഥാനതൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ജില്ലാ നേതാവാണ് ചന്ദ്രശേഖരന്‍ നായര്‍. ജില്ലയില്‍ എത്തുന്ന അന്യസംസ്ഥാനതൊഴിലാളികളുടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന അമ്പതോളം കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്ത് വിദ്യാഭ്യാസം നല്‍കിവരുന്നുണ്ട് ഇദ്ദേഹം.
ഒരു മാസത്തോളമായി മെഡിക്കല്‍ കോളജ് പരിസരത്ത് പൊരിവെയിലില്‍ വഴിയരികില്‍ കച്ചവടവുമായി ഇരിക്കുന്ന കുട്ടികളോട് ചന്ദ്രശേഖരന്‍ നായര്‍ ചോദിച്ച ചോദ്യങ്ങളാണ് മനുഷ്യക്കടത്തിന്റെ ഇരകളാണ് ഇവര്‍ എന്ന ഞെട്ടിക്കുന്ന സത്യത്തിലേക്ക് വിരല്‍ ചൂണ്ടിയത്.
രാജായോടൊപ്പം കേരളത്തില്‍ എത്തിച്ച മറ്റ് നാല് കുട്ടികള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ നടക്കുന്നുവെന്ന് പറയുന്നുവെങ്കിലും പൊലിസിന്റെ ഭാഗത്തു നിന്നും തണുത്ത പ്രതികരണമാണെന്ന പരാതിയുണ്ട്. സതീശിനെ പിടികിട്ടിയാലേ ഇവരെ കുറിച്ചുള്ള വിവരം ലഭിക്കൂ എന്നും പറയുന്നു. ഇതിനിടെ സതീശിന്റെ ഭാര്യ റീന തന്റെ രണ്ട് പിഞ്ചു കുട്ടികളോടൊപ്പം ഇന്നലെ ജുവനൈല്‍ ഹോമില്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."