പുതിയ എക്‌സൈസ് റേഞ്ച് ഓഫിസുകള്‍ ആരംഭിക്കണം: റോഷി അഗസ്റ്റിന്‍
തൊടുപുഴ: ഇടുക്കി പോലുള്ള ജില്ലകളില്‍ എക്‌സൈസ് റേഞ്ച് ഓഫിസിന്റെ പ്രവര്‍ത്തന പരിധി വളരെ വിസ്തൃതമാണെന്നും ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകണമെങ്കില്‍ രാജാക്കാട്, ഉടുമ്പന്നൂര്‍ എന്നിവിടങ്ങളില്‍ പുതിയ റേഞ്ച് ഓഫിസുകള്‍ ആരംഭിക്കണമെന്നും റോഷി അഗസ്റ്റിന്‍ എം.എല്‍.എ നിയമസഭയില്‍ ആവശ്യപ്പെട്ടു.
മയക്കുമരുന്നിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നതിന്റെ കണക്കുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ എക്‌സൈസ് വകുപ്പിന്റെ സജീവമായ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകണം. വകുപ്പിനെ നവീകരിക്കുന്നതിനാവശ്യമായ സത്വര നടപടി സ്വീകരിക്കണം. നിയമസഭയില്‍ എക്‌സൈസ്, ഭക്ഷ്യം, പ്രവാസിക്ഷേമം, തൊഴിലും തൊഴിലാളിക്ഷേമം എന്നീ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടാണ് റോഷി ഇക്കാര്യം ആവശ്യപ്പെട്ടത്.
കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ മാറ്റി പുതിയ വാഹനങ്ങള്‍ സേനക്ക് നല്‍കണം. ആയുധധാരികളായ മാഫിയകളോട് പോരാടാന്‍ പര്യാപ്തമായ ആയുധങ്ങളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള മദ്യനയത്തില്‍ നിന്ന് പിന്മാറാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണം. മദ്യവര്‍ജ്ജന ബോധവല്‍ക്കരണത്തോടൊപ്പം മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവന്ന് ഘട്ടംഘട്ടമായി മദ്യനിരോധനത്തിലേക്ക് കേരളത്തെ നയിക്കുകയാണ് വേണ്ടത്.
എ.പി.എല്‍, ബി.പി.എല്‍ ലിസ്റ്റുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയപരിധി ഈ മാസം 31-ന് അവസാനിക്കുകയാണ്.
പരിമിതമായ സമയത്തിനുള്ളില്‍ പരാതികള്‍ നല്‍കാന്‍ സാധിക്കാതെ വരുന്ന സാഹചര്യം കണക്കിലെടുത്ത് നിലവിലുള്ള സമയപരിധി ദീര്‍ഘിപ്പിക്കണമെന്നും അന്തിമ ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ അര്‍ഹരായ മുഴുവന്‍ അപേക്ഷകരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും റോഷി അഗസ്റ്റിന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."