നെട്ടുകാല്‍ തേരിയില്‍ മാലിന്യം കയറ്റി വന്ന വാഹനം നാട്ടുകാര്‍ തടഞ്ഞു
കള്ളിക്കാട്: കള്ളിയല്‍ നെട്ടുകാല്‍ തേരിയില്‍ മാലിന്യം കയറ്റി വന്ന വാഹനം നാട്ടുകാര്‍ തടഞ്ഞു.
പ്രദേശത്ത് മാലിന്യപ്രശ്‌നത്തിന് കാരണമാകുന്ന അനധികൃത പന്നിവളര്‍ത്തല്‍ കേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപെട്ട് സമരസമിതി ഇരുപത്തിയെട്ട് ദിവസമായി നടത്തിവരുന്ന രാപ്പകല്‍ സമരത്തിന് അധികൃതര്‍ പരിഹാരം കണ്ടിരുന്നില്ല. ഇതിനിടെയാണ് ശനിയാഴ്ച്ച രാത്രി 11:50 ഓടെ മാലിന്യം കയറ്റി വീണ്ടും വാഹനം
എത്തിയത്. സ്ത്രീകളും കുട്ടികളും ഉശപ്പടെ സമരക്കാര്‍ വാഹനം തടഞ്ഞു.
പന്നികള്‍ക്ക് കൊണ്ടുവരുന്ന മാലിന്യങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക്കുകളും മറ്റും പരിസരത്ത് നിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്നും ജനജീവിതത്തിന് ഏറെ ദുരിതംവിതയ്ക്കുന്ന പന്നി ഫാമുകള്‍ ഉടന്‍ അടച്ചുപൂട്ടണമെന്നുമാണ് സമര സമിതിയുടെ ആവശ്യം. പ്രതിഷേധം ശക്തമായതോടെ ആര്യനാട് സി.ഐ, നെയ്യാര്‍ഡാം, കാട്ടാക്കട, ആര്യനാട് എസ്.ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് അനുരജ്ഞന ചര്‍ച്ച നടത്തിയെങ്കിലും സമരക്കാര്‍ നിലപാടില്‍ ഉറച്ചു നിന്നു.
ഒടുവില്‍ കാട്ടാക്കട തഹസില്‍ദാര്‍ പ്രദീപിന്റെ നിര്‍ദേശപ്രകാരം കള്ളിക്കാട് വില്ലേജ് ഓഫിസര്‍, പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ ചര്‍ച്ചയില്‍ ആര്‍.ടി.ഒയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അനധികൃത പന്നി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള നടപടിയെടുക്കുമെന്ന് വില്ലേജ് ഓഫിസര്‍ ഉറപ്പു നല്‍കി. തുടര്‍ന്ന് വാഹനത്തില്‍ കൊണ്ടു വന്ന മാലിന്യം കുഴി വെട്ടി മൂടാം എന്ന് പറഞ്ഞതോടെയാണ് സമരക്കാര്‍ ശാന്തരായത്.
അതേ സമയം ഇത്രനാളയിട്ടും സമരസമിതിവിളിച്ച കമ്മിറ്റികളില്‍ നിന്ന് കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ മാറിനില്‍ക്കുന്നതില്‍ ദൂരൂഹത ഉള്ളതായി സമരക്കാര്‍ ആരോപിച്ചു.പന്നിഫോം പൂട്ടുന്നതിന് രേഖാമൂലം നടപടി സ്വീകരിക്കുന്നത് വരെ സമരം തുടരുമെന്നും അല്ലാത്തപക്ഷം പഞ്ചായത്ത് ഉപരോധിക്കുന്നതുള്‍പ്പടെയുള്ള സമരപരിപാടികള്‍ നടത്തുമെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."