എത്തിക്‌സ് കമ്മിറ്റി ക്ലിയറന്‍സ് നല്‍കുന്നില്ല; 23 വിദ്യാര്‍ഥികളുടെ പി.എച്ച.്ഡി ത്രിശങ്കുവില്‍
കൊല്ലം: എത്തിക്‌സ് കമ്മിറ്റി ക്ലിയറന്‍സ് ലഭിക്കാതെവന്നതോടെ കേരള സര്‍വ്വകലാശാലയിലെ 23 ഗവേഷക വിദ്യാര്‍ഥികളുടെ പി.എച്ച്.ഡി മോഹം ത്രിശങ്കുവിലായി.
18 പേര്‍ സൈക്കോളജിയിലും അഞ്ചുപേര്‍ സുവോളജിയിലുമാണ് ഗവേഷണം നടത്തുന്നത്. പ്രവേശനം നേടി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഗവേഷണം ഇതുവരെ എങ്ങുമെത്തിയിട്ടില്ല. ഗൈഡ് ചെയ്യുന്ന അധ്യാപകന്‍ അടുത്ത വര്‍ഷം വിരമിക്കാനിരിക്കെ, ദലിത് വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നുപേരുടെ തുടര്‍പഠനവും വഴിമുട്ടും. അഞ്ചു വര്‍ഷമാണ് ഗവേഷണ കാലാവധിയെങ്കിലും രണ്ടുവര്‍ഷം ഇതിനകം ഇവര്‍ക്കു നഷ്ടപ്പെട്ടുകഴിഞ്ഞു. ഗവേഷകര്‍ വിവരങ്ങള്‍ ശേഖരിക്കുന്നവേളയില്‍ എത്തിക്‌സിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് എത്തിക്‌സ് കമ്മിറ്റിയാണ് പരിശോധിക്കുക. നാര്‍ക്കോട്ടിക് സ്വഭാവമുള്ള മരുന്നുകള്‍ കുത്തിവെച്ചാണോ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും മറ്റുമാണ് സമിതി പ്രധാനമായും പരിശോധിക്കുക. നരവംശ ശാസ്ത്ര വിഷയമായതിനാല്‍ ഗവേഷകരുടെ പ്രവര്‍ത്തനവും നൈതികതയും ഉറപ്പുവരുത്താനാണ് എത്തിക്‌സ് കമ്മിറ്റിക്ക് രൂപം നല്‍കിയത്. ജീവശാസ്ത്ര വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് എത്തിക്‌സ് കമ്മിറ്റി ക്ലിയറന്‍സ് മുന്‍കാലങ്ങളില്‍ അനിവാര്യമായിരുന്നു. വകുപ്പുതലവന്‍ ചെയര്‍മാനായ ഡോക്ടേഴ്‌സ് കമ്മിറ്റി 2014ല്‍ ചേര്‍ന്ന ശേഷമാണ് ഗവേഷണം തുടരുന്നതിനുമുമ്പ് എത്തിക്‌സ് കമ്മിറ്റിയുടെ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയത്. ഇക്കാര്യത്തില്‍ സമ്മതമാണെന്ന് കാണിച്ച് ഗവേഷക വിദ്യാര്‍ഥികള്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എത്തിക്‌സ് കമ്മിറ്റി ഈ മാസം ഒന്നിന് ചേര്‍ന്നെങ്കിലും ക്ലിയറന്‍സ് നല്‍കുന്നത് സംബന്ധിച്ച തീരുമാനം എടുത്തിട്ടില്ല. ഗവേഷക വിദ്യാര്‍ഥികള്‍ മതിയായ പേപ്പറുകള്‍ സമര്‍പ്പിക്കാത്തതാണ് ക്ലിയറന്‍സ് വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. ഗവേഷകര്‍ 24 പേപ്പറുകള്‍ നല്‍കണമെങ്കിലും പലരും നല്‍കിയിട്ടില്ല. അത് ലഭിക്കുന്നതിനനുസരിച്ചു മാത്രയേ ക്ലിയറന്‍സ് നല്‍കാനാവു. വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ട രണ്ടു വര്‍ഷം നീട്ടികൊടുക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം എടുക്കേണ്ടത് സര്‍വ്വകലാശാലയാണെന്നും അധികൃതര്‍ പറയുന്നു.
പ്രബന്ധം സമര്‍പ്പിക്കുന്നതിന് മൂന്നുമാസം മുമ്പ് പ്രീ സബ്മിഷന്‍ നല്‍കണമെന്ന വ്യവസ്ഥയാണ് ഗവേഷക വിദ്യാര്‍ഥികളെ വലയ്ക്കുന്നത്. ഏതെല്ലാം രേഖകള്‍ ഹാജരാക്കണമെന്നുള്ള കാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ത്തന്നെ ആശയക്കുഴപ്പമുണ്ട്. കേരള കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അംഗീകാരമില്ലെന്നിരിക്കെ സ്ഥിരമായ എത്തിക്‌സ് കമ്മിറ്റിക്ക് ക്ലിയറന്‍സ് നല്‍കാന്‍ സാങ്കേതിക തടസമുണ്ടെന്ന വാദവുമുണ്ട്.വിദ്യാര്‍ഥികളില്‍ പലരും നിര്‍ധന കുടുംബത്തില്‍ നിന്നുള്ളവരാണ്. മൂന്നു വര്‍ഷംകൊണ്ട് ഗവേഷണം പൂര്‍ത്തിയാക്കാനാകുമോയെന്ന കാര്യത്തിലും ഇവര്‍ക്കു ആശങ്കയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."