'സുതാര്യ കേരളത്തി'ല്‍ നല്‍കിയ പരാതികള്‍ ചവറ്റുകൊട്ടയില്‍
കെട്ടിക്കിടക്കുന്നത് 2,000ത്തിലധികം പരാതികള്‍
കോട്ടയം: അധികൃതരുടെ പരിഗണനയ്ക്കായി കാത്തുകെട്ടിക്കിടക്കുന്നതു 2,000ത്തിലധികം പരാതികള്‍. മുന്‍ സര്‍ക്കാരിന്റെ കാലത്തു നടപ്പാക്കിയ 'സുതാര്യ കേരളം' നിര്‍ത്തലാക്കിയതോടെയാണു സംസ്ഥാനത്തെ സാധാരണക്കാരുടെ പരാതികള്‍ പരിഹരിക്കാനാകാതെ കെട്ടിക്കിടക്കുന്നത്. മുഖ്യമന്ത്രിക്കുള്ള പരാതികള്‍ ഓണ്‍ലൈന്‍വഴി നല്‍കാനുള്ള മാര്‍ഗം നടപ്പാക്കിയതോടെയാണു 'സുതാര്യ കേരളം' വഴി സാധാരണക്കാര്‍ നല്‍കിയ പരാതികള്‍ ചവറ്റുകൊട്ടയിലായത്. ഈ പരാതികളെ കുറിച്ച് ആര്‍ക്കും വ്യക്തമായ മറുപടിയില്ല.
ഓരോ ഫയലിലും ഓരോ ജീവിതമാണുള്ളതെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച പരാതികളാണ് ഇത്തരത്തില്‍ അനാഥമായി കിടക്കുന്നത്. പരാതി സമര്‍പ്പിച്ചു രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കുമെന്നായിരുന്നു നേരത്തെ ചട്ടം.
എന്നാല്‍ ഭരണം മാറിയതോടെ ഉദ്യോഗസ്ഥരും പരാതി പരിഹാര സെല്ലുമായി സഹകരിക്കാന്‍ വിമുഖത കാണിക്കുകയായിരുന്നുവെന്നു മുന്‍ ജീവനക്കാരില്‍ ഒരാള്‍ പറഞ്ഞു. 'സുതാര്യ കേരള'ത്തിന്റെ ജില്ലാ സെല്ലുകള്‍ക്കു പൂട്ടു വീണതോടെ കെട്ടിക്കിടക്കുന്ന പരാതികള്‍ക്ക് എങ്ങനെ പരിഹാരം കാണുമെന്ന ആശങ്കയിലാണ് ഇപ്പോഴും ഉദ്യോഗസ്ഥര്‍. അധികൃതരുടെ പരിഗണനയ്ക്കായി വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലേക്കു കൈമാറിയ പരാതികള്‍ക്കുള്ള മറുപടിയും കെട്ടിക്കിടക്കുകയാണ്. ഭൂരിഭാഗവും റവന്യു വകുപ്പുമായി ബന്ധപ്പെട്ടവയാണെന്നു ജീവനക്കാര്‍ പറയുന്നു. സംസ്ഥാനത്തെ 14 സെല്ലുകളിലായി ഇതിനിടയില്‍ ലഭിച്ചത് 25,000ലധികം പരാതികളായിരുന്നു. ഇവയില്‍ ഏറെയും പരിഹാരമാകാത്തവയാണെന്നു മുന്‍ ജീവനക്കാര്‍ തന്നെ വ്യക്തമാക്കുന്നു.
ഓണ്‍ലൈന്‍വഴി മുഖ്യമന്ത്രിക്കു പരാതി സമര്‍പ്പിക്കാനുള്ള പദ്ധതി ആരംഭിച്ചെങ്കിലും ഇതുവരെ ലഭിച്ച പരാതികള്‍ എന്തുചെയ്യുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ സാധാരണക്കാര്‍ക്കു പരാതി നല്‍കണമെങ്കില്‍ അക്ഷയ സെന്ററിനെ ആശ്രയിക്കേണ്ട ഗതികേടാണ്. എന്നാല്‍ 'സുതാര്യ കേരള'ത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ തന്നെ പരാതി തീര്‍പ്പാക്കുന്ന രീതിയായിരുന്നു. നേരത്തെ, യാതൊരു പണച്ചെലവുമില്ലാതെ സാധാരണക്കാര്‍ക്കു ജില്ലാ സെല്ലുകളില്‍ പരാതി നല്‍കാമായിരുന്നെങ്കില്‍ ഇപ്പോള്‍ പരാതിയോടൊപ്പം പണവും ചെലവാക്കേണ്ട അവസ്ഥയാണ്.
പഴയ പരാതികള്‍ക്ക് ഉടന്‍ മറുപടി നല്‍കാന്‍ ജില്ലാ സെല്ലില്‍ പ്രവര്‍ത്തിച്ച ജീവനക്കാര്‍ ശ്രമിച്ചെങ്കിലും ഭരണം മാറിയതോടെ റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് ഇതിനു തുരങ്കംവയ്ക്കുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."