മണ്ണിരകള്‍ കൂട്ടത്തോടെ ചത്ത സംഭവം വയനാടന്‍ മണ്ണില്‍ കീടനാശിനികളുടെ അളവ് കൂടുതലെന്ന് വിദഗ്ധര്‍
മൂന്നിടത്തു മണ്ണിരകള്‍ കൂട്ടത്തോടെ ചത്തു
മണ്ണും മണ്ണിരകളുടെ സാമ്പിളും വിദഗ്ധ പഠനത്തിനു വിധേയമാക്കണമെന്ന് ടാക്‌സോണമിസ്റ്റുകള്‍
തിരുവനന്തപുരം: മണ്ണില്‍ കീടനാശിനികളുടെ അളവ് വര്‍ധിച്ചതാണ് വയനാട്ടില്‍ മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ കാരണമെന്നു വിദഗ്ധര്‍. കഴിഞ്ഞ ദിവസം വയനാട്ടിലെ മൂന്നു പ്രദേശങ്ങളില്‍ മണ്ണിരകള്‍ കൂട്ടത്തോടെ ചത്തിരുന്നു. വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്നു മണ്ണിലെ ജലാംശം നഷ്ടപ്പെട്ടതാണു മണ്ണിരകള്‍ ചാകാന്‍ കാരണമെന്നായിരുന്നു വിലയിരുത്തല്‍.
എന്നാല്‍, വര്‍ഷങ്ങളായി വയനാട്ടില്‍ നാണ്യവിളകളാണു വ്യാപകമായി കൃഷിചെയ്യുന്നത്. ഇവയ്ക്ക് ഉപയോഗിക്കുന്ന വിവിധതരം കീടനാശിനികള്‍ വയനാടന്‍ മണ്ണിനെ വിഷമയമാക്കി. കവുങ്ങ്, കാപ്പി, തേയില, ഏലം, റബര്‍, കശുമാവ്, വാഴ തുടങ്ങിയവയാണ് ഇപ്പോള്‍ പ്രധാന കൃഷികള്‍.
എന്‍ഡോസള്‍ഫാന്‍, ഫ്യൂരിഡാന്‍ തുടങ്ങിയ മാരക കീടനാശിനികളും വിവിധതരം വളങ്ങളും ഉപയോഗിച്ചുള്ള കൃഷിപ്രയോഗവും വര്‍ധിച്ചു. വയനാട്ടിലെ മണ്ണിന്റെയും ചത്ത മണ്ണിരകളുടെയും സാമ്പിളുകള്‍ പ്രത്യേക പഠനത്തിനു വിധേയമാക്കേണ്ടതാണെന്നു മഹാത്മാഗാന്ധി സര്‍വകലാശാലയിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഓഫ് എണ്‍വയോണ്‍മെന്റ് സ്റ്റഡീസ് ആന്‍ഡ് സസ്റ്റൈനബിള്‍ ഡവലപ്‌മെന്റിലെ ടാക്‌സോണമിസ്റ്റുകള്‍ 'സുപ്രഭാത'ത്തോടു പറഞ്ഞു. എങ്കില്‍ മാത്രമേ മണ്ണിലെ കീടനിശിനി-വള പ്രയോഗത്തിന്റെ അളവ് കണ്ടെത്താനാകൂ. വരള്‍ച്ചയുടെ ആഘാതവും മണ്ണിലെ ചെറുജീവികള്‍ ചത്തൊടുങ്ങാന്‍ കാരണമാകുന്നുണ്ട്. ശക്തമായ സൂര്യതാപത്തെ അതിജീവിക്കാന്‍ മണ്ണിരകള്‍ക്കാവില്ലെന്നും വിദഗ്ധര്‍ പറയുന്നു. എന്നാല്‍, വരള്‍ച്ച രൂക്ഷമായ മറ്റു ജില്ലകളിലൊന്നും ഇത്തരം പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
വയനാടന്‍ മണ്ണില്‍ മണ്ണിരകള്‍ക്ക് അതിജീവിക്കാനാകാത്തവിധം കീടനാശിനികളുടെ വിഷം കലര്‍ന്നിട്ടുണ്ടെന്നു കരുതുന്നതായി ടാക്‌സോണമിസ്റ്റ് ഡോക്ടര്‍ പ്രശാന്ത് പറയുന്നു. അതോടൊപ്പം വരള്‍ച്ചാ സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറയുന്നു. വരള്‍ച്ചയുടെ ഭാഗമായാണോ മണ്ണിരകള്‍ ചാകാനിടയായതെന്നു കണ്ടെത്താന്‍ സെസ്സ് (സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് ആന്‍ഡ് സ്റ്റഡീസ്) അധികൃതര്‍ പഠനം നടത്തിയിരുന്നു. വയനാട്ടില്‍ ഭൂഗര്‍ഭജലം നാലു മീറ്ററോളം താഴ്ന്നിട്ടുണ്ട്. ജലസ്രോതസുകള്‍ വരണ്ടുതുടങ്ങി. വയനാട് മാത്രമല്ല, സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളും രൂക്ഷമായ വരള്‍ച്ചയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്.
സാഹചര്യങ്ങള്‍ വരള്‍ച്ചയ്ക്ക് അനുകൂലമാണെങ്കിലും പ്രഖ്യാപനത്തിനു കേന്ദ്രമാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കണമെന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണ്. സംസ്ഥാനത്തു വടക്കു-കിഴക്കന്‍ കാലവര്‍ഷം ലഭിക്കേണ്ട സമയമാണിത്. കാലവര്‍ഷം വളരെ ദുര്‍ബലമാകുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
സൂക്ഷ്മ ജീവികളുടെ ആവാസ്ഥ വ്യവസ്ഥ അപകടഭീഷണിയില്‍
വരള്‍ച്ച, സൂര്യതാപം, കീടനാശിനി പ്രയോഗം, കാലാവസ്ഥാ വ്യതിയാനം എന്നിവകൊണ്ടു മണ്ണിലെ സൂക്ഷ്മ ജീവികളുടെ ആവാസവ്യവസ്ഥയ്ക്കും കോട്ടം തട്ടിയെന്ന് ടാക്‌സോണമിസ്റ്റുകള്‍. നെല്‍കൃഷി നിന്നതോടെ ഭൂമിയുടെ ഉപരിതലത്തില്‍ ജലാംശം ഇല്ലാതായി. കുന്നും മലയും ഇടിച്ചു നിരത്തിയതോടെ നീരുറവകള്‍ അപ്രത്യക്ഷമായി. ഭൂഗര്‍ഭജലം മീറ്ററുകളോളം താഴ്ന്നു. ഉപരിതലത്തില്‍ ജലാംശം നഷ്ടപ്പെട്ടതോടെ മണ്ണില്‍ ജീവിക്കുന്ന സൂക്ഷ്മജീവികള്‍ ചത്തൊടുങ്ങാന്‍ തുടങ്ങിയിട്ടുണ്ട്.
രണ്ടുതരത്തിലുള്ള മണ്ണിരകളാണു സംസ്ഥാനത്തുള്ളത്. ഭൂമിയുടെ ഉപരിതലത്തില്‍ ജീവിക്കുന്നവയും ഭൂമിക്കടിയില്‍ ജീവിക്കുന്നവയും. മഴക്കാലങ്ങളില്‍ ഈ രണ്ടുതരം മണ്ണിരകളും ഭൂമിയുടെ ഉപരിതലത്തിലെത്തും. ജലാംശമുള്ളതിനാലാണിത്. എന്നാല്‍, വരള്‍ച്ചാക്കാലത്തു ഭൂമിക്കടിയില്‍ ജലസാന്നിധ്യമുള്ള ഭാഗത്തേക്ക് ഒരു വിഭാഗം മണ്ണിരകള്‍ പോകും. ഉപരിതലത്തിലുള്ളവ ജലസാന്നിധ്യമുള്ള സ്ഥലം തേടിപ്പോകും. ഇതിനിടയില്‍ ഇവ സൂര്യതാപമേറ്റു ചത്തൊടുങ്ങുമെന്നും ടാക്‌സോണമിസ്റ്റുകള്‍ പറയുന്നു.
എ.എസ് അജയ്‌ദേവ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."