ഫോണ്‍ചോര്‍ത്തല്‍ വിവാദം: ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: വിജിലന്‍സ് മേധാവി ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇതേക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഒരു പത്രത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് തന്റെ ഫോണും ഇ-മെയിലും ചോര്‍ത്തുന്നതായ വിവരം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് ഡി.ജി.പിയ്ക്ക് പരാതി നല്‍കിയത്. ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയില്ലാതെ ഉന്നതോദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്താന്‍ കഴിയില്ല. ഇത്തരത്തില്‍ ഒരനുമതിയും ആഭ്യന്തര സെക്രട്ടറി നല്‍കിയിട്ടില്ല. ഫോണ്‍ ചോര്‍ത്തല്‍ ഈ സര്‍ക്കാരിന്റെ നയമല്ല. അഴിമതിക്കെതിരായ നീക്കത്തിന് വിജിലന്‍സിന് എല്ലാവിധ സംരക്ഷണവും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലല്ല സ്വന്തം നിലയ്ക്കാണ് ജേക്കബ് തോമസ് പരാതി നല്‍കിയതെന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പരാതി കൊടുത്തതും അന്വേഷണവും ഡി.ജി.പി നിഷേധിച്ചിട്ടില്ല. പരിശോധിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഐ.ബി തന്നെ അന്വേഷണം നടത്തണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
ജേക്കബ് തോമസിന്റെ ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജേക്കബ് തോമസിന് സ്ഥലജലവിഭ്രമം ബാധിച്ചിരിക്കുകയാണ്. വിജിലന്‍സ് കേസ് ഇ.പി ജയരാജനിലേക്ക് നീങ്ങിയപ്പോഴാണ് പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. വിജിലന്‍സ് ഡയറക്ടറെ ദുര്‍ബലനാക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ വിശദീകരണത്തില്‍ തൃപ്തരാകാതെ യു.ഡി.എഫ്, കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ നിന്നിറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."